'പഠിച്ചിട്ടൊന്നും കാര്യമില്ല'; കേസ് നടത്തുന്നവര്‍ക്കേ ജോലിയുള്ളൂ
കല്‍പ്പറ്റ: എച്ച്.എസ്.ടി ഫിസിക്കല്‍ സയന്‍സ് യോഗ്യത സംബന്ധിച്ച് വ്യക്തമായ സര്‍ക്കാര്‍ ഉത്തരവ് ഉണ്ടായിട്ടും കേസിന് പോകാത്ത ഉയര്‍ന്ന മാര്‍ക്കുള്ള ഉദ്യോഗാര്‍ഥികളെ സര്‍ട്ടിഫിക്കറ്റ് പരിശോധനക്ക് ഇതുവരെ വിളിച്ചില്ല.
2016ലെ വിജ്ഞാപനപ്രകാരം 2018ലാണ് പി.എസ്.സി പരീക്ഷ നടത്തിയത്. തുടര്‍ന്ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരെക്കാള്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങിയ ഉദ്യോഗാര്‍ഥികളാണ് സര്‍ട്ടിഫിക്കറ്റ് പരിശോധന നടക്കാത്തതിനെ തുടര്‍ന്ന് പുറത്തുനില്‍ക്കുന്നത്. കേസിന് പോയില്ലെന്നതാണ് ഇവരെ അയോഗ്യരാക്കിയതിനുള്ള കാരണം. എസ്.സി, എസ്.ടി, മുസ്‌ലിം തുടങ്ങിയ പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ട ഉദ്യോഗാര്‍ഥികളും ജനറല്‍ വിഭാഗത്തിലെ നിര്‍ധനരായ ഉദ്യോഗാര്‍ഥികളുമാണ് കേസിന് പോകാത്തവരിലേറെയും. ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടാനുള്ള മാര്‍ക്കുണ്ടായിട്ടും ഇവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധിച്ചില്ല.
ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടാനുള്ള കട്ട് ഓഫ് മാര്‍ക്കിനേക്കാള്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ച ഉദ്യോഗാര്‍ഥികളാണ് വഴിയാധാരമാവുമെന്ന ഭീതിയില്‍ നില്‍ക്കുന്നത്. യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ അപ്‌ലോഡ് ചെയ്യാന്‍ പി.എസ്.സി ആവശ്യപ്പെട്ടത് അനുസരിച്ച് ഇവരൊക്കെ സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്തിരുന്നു. എന്നാല്‍, പിന്നീട് വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതയില്ലെന്ന് കാണിച്ച് അപേക്ഷ നിരസിച്ചതായുള്ള മെസേജാണ് ഇവര്‍ക്ക് ലഭിച്ചത്. ഇതിനെതിരേ ചില ഉദ്യോഗാര്‍ഥികള്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ച് ഇടക്കാല ഉത്തരവ് നേടി. ഈ ഉദ്യോഗാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന നടത്തിയെങ്കിലും ഇവരെ ഇതുവരെ അഭിമുഖത്തിന് പി.എസ്.സി ക്ഷണിച്ചിട്ടില്ല. ഇവരില്ലാത്ത റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനുള്ള ഒരുക്കത്തിലാണ് പി.എസ്.സി. വിജ്ഞാപനത്തില്‍ പറയുന്ന എല്ലാ യോഗ്യതകളുണ്ടായിട്ടും തങ്ങളെ അയോഗ്യരാക്കിയ പി.എസ്.സിയുടെ നടപടി നിലവിലുള്ള എല്ലാ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിരുദ്ധമാണെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആരോപണം. കേസിന് പോയില്ലെന്ന കാരണത്താല്‍ തങ്ങളുടെ അവസരം നിഷേധിക്കുന്നത് തികഞ്ഞ പക്ഷപാതിത്വവും സാമൂഹിക നീതിയുടെ ലംഘനവുമാണെന്നും ഇവര്‍ ആരോപിക്കുന്നു.
വിജ്ഞാപനത്തില്‍ ബി.എസ്‌സി ഫിസിക്‌സ് അല്ലെങ്കില്‍ കെമിസ്ട്രി എന്നിവയിലേതെങ്കിലുമൊന്ന് മുഖ്യവിഷയമായി പഠിച്ച ബിരുദവും ഫിസിക്കല്‍ സയന്‍സിലുള്ള ബി.എഡ് ബിരുദവുമാണ് യോഗ്യതയായി നിഷ്‌കര്‍ഷിച്ചിട്ടുള്ളത്. എന്നിട്ടും കേസിന് പോയില്ലെന്ന ഒറ്റക്കാരണത്താല്‍ ജോലിക്ക് അര്‍ഹതയുള്ള നൂറ് കണക്കിന് ഉദ്യോഗാര്‍ഥികളെ പി.എസ്.സി പെരുവഴിയില്‍ നിര്‍ത്തുകയാണ്. അതേസമയം, ഇതേ വിഷയത്തില്‍ സര്‍ക്കാരിന് നിവേദനം നല്‍കിയ ഒരു ഉദ്യോഗാര്‍ഥിക്ക് മന്ത്രിസഭയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് ഇതേ തസ്തികയില്‍ ജോലി നല്‍കുകയും ചെയ്തു. ഇവര്‍ സുപ്രിംകോടതിയിലെ കേസില്‍ കക്ഷിയായിരുന്നില്ല. ഈ ഉദ്യോഗാര്‍ഥിക്ക് നിയമനം നല്‍കുന്നതിന് വിദ്യാഭ്യാസ വകുപ്പ് പൊതുഭരണ വകുപ്പിനോടും നിയമവകുപ്പിനോടും നിയമോപദേശം തേടിയിരുന്നു. സുപ്രിംകോടതിയിലെ കേസില്‍ കക്ഷിയായിരുന്നില്ലെന്ന ഒറ്റക്കാരണം കൊണ്ട് പരാതിക്കാരിക്ക് നിയമനം ലഭിക്കാത്തത് സാമാന്യനീതിയുടെ നിഷേധമാണെന്നാണ് നിയമോപദേശത്തിലുണ്ടായിരുന്നത്. കേസില്‍ കക്ഷിയായിരുന്നില്ലെന്ന ഒറ്റക്കാരണം കൊണ്ട് ആനുകൂല്യം നിഷേധിക്കേണ്ടതില്ലെന്ന് സുപ്രിംകോടതിയും ഹൈക്കോടതിയും വിധിന്യായങ്ങളിലൂടെ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും നിയമോപദേശത്തില്‍ പറയുന്നു. ഇതൊക്കെ നിലനില്‍ക്കുമ്പോഴാണ് അര്‍ഹതയുണ്ടായിട്ടും നൂറുകണക്കിന് ഉദ്യോഗാര്‍ഥികള്‍ കേസിന് പോയില്ലെന്ന ഒറ്റക്കാരണത്താല്‍ സര്‍ട്ടിഫിക്കറ്റ് പരിശോധന പോലും നടത്താതെ പുറത്തുനില്‍ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."