മുടിയിലാകെ നര വ്യാപിച്ച്, താടി നീട്ടിവളര്‍ത്തി...
.
ശ്രീനഗര്‍: കശ്മിര്‍ താഴ്‌വരയില്‍ മൊബൈല്‍ സേവനം പുനരാരംഭിച്ചതിന് പിന്നാലെ നാഷനല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമര്‍ അബ്ദുല്ലയുടെ പുതിയ ചിത്രം പുറത്ത്.
മുടിയിലാകെ നര വ്യാപിച്ച് താടി നീട്ടിവളര്‍ത്തിയ ഉമര്‍ അബ്ദുല്ലയുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ഓഗസ്റ്റ് അഞ്ചിന് 370ാം വകുപ്പ് റദ്ദാക്കിയതിനെ തുടര്‍ന്ന് അറസ്റ്റിലായ ശേഷം ആദ്യമായാണ് ഉമറിന്റെ ചിത്രം പുറത്തുവരുന്നത്.
തടങ്കലില്‍ കഴിയുന്നതിന് മുന്‍പുള്ളതിനേക്കാള്‍ തീര്‍ത്തും വ്യത്യസ്തനാണ് ചിത്രത്തില്‍ ഉമര്‍. തടങ്കലില്‍ നിന്ന് മോചിതനാകുന്നത് വരെ താടി വടിക്കില്ലെന്ന് ഉമര്‍ അബ്ദുല്ല പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഉമറിനെ തടവില്‍ സന്ദര്‍ശിക്കാനെത്തിയ നാഷനല്‍ കോണ്‍ഫറന്‍സ് പ്രതിനിധി സംഘമാണ് ചിത്രം എടുത്തതെന്നാണ് റിപ്പോര്‍ട്ട്.
ട്വിറ്ററില്‍ സജീവമായിരുന്ന രാഷ്ട്രീയ നേതാവായ ഉമര്‍ അബ്ദുല്ല ഓഗസ്റ്റ് അഞ്ചിന് ശേഷം സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ ശ്രീനഗറിലെ കൊട്ടാര സമാനമായ ഹരിനിവാസിലാണ് ഉമര്‍ ഉള്ളത്.
വീട്ടുതടങ്കലിലാണെങ്കിലും ഏതാനും ദിവസങ്ങളായി പി.ഡി.പി അധ്യക്ഷ മെഹ്ബൂബ മുഫ്തിയുടെ ട്വിറ്റര്‍ അക്കൗണ്ട് മകള്‍ ഇല്‍തിജ മുഫ്തി കൈകാര്യം ചെയ്യുന്നുണ്ട്. സമകാലിക വിഷയങ്ങളിലുള്ള മെഹ്ബൂബയുടെ പ്രതികരണങ്ങള്‍ ഇടയ്ക്കിടെ ട്വിറ്ററിലൂടെ പുറത്തുവരാറുണ്ട്. എന്നാല്‍, ഫാറൂഖ് അബ്ദുല്ലയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
തിങ്കളാഴ്ചയാണ് ജമ്മുകശ്മിരിലെ എല്ലാ പോസ്റ്റ്‌പെയ്ഡ് മൊബൈല്‍ ഫോണുകളുടെയും സേവനം പുനരാരംഭിച്ചത്. സേവനം പുനഃസ്ഥാപിച്ചെങ്കിലും എസ്.എം.എസുകള്‍ക്ക് നിരോധനമുണ്ട്. ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള നിരോധനവും തുടരുകയാണ്.
അതേസമയം, ഫാറൂഖ് അബ്ദുല്ലയുടെ മകള്‍ ജുഡിഷ്യല്‍ കസ്റ്റഡിയിലാണെന്ന് പൊലിസ് അറിയിച്ചു. 370ാം വകുപ്പ് റദ്ദാക്കിയതിനെതിരേപ്രക്ഷോഭം നടത്തിയതിന് ചൊവ്വാഴ്ചയാണ് സഫിയ അടക്കമുള്ള വനിതാ നേതാക്കളെ അറസ്റ്റ്‌ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."