റാണി മാലിന്യ പ്രശ്നം: കലക്ടറുടെ ഉത്തരവ് നടപ്പിലാക്കിയില്ലെങ്കില്‍ പ്രക്ഷോഭമെന്ന് ആക്ഷന്‍ കമ്മിറ്റി
വടകര: ചോറോട് റാണി പബ്ലിക് സ്‌കൂളില്‍ നിന്നും മറ്റു റാണി സ്ഥാപനങ്ങളില്‍ നിന്നുമുള്ള മാലിന്യ പ്രശ്‌നം രൂക്ഷമായതായി ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
മാലിന്യ പ്രശ്‌നത്തില്‍ ഇടപെട്ട ജില്ലാ കലക്ടറുടെ ഉത്തരവിനെ പോലും കാറ്റില്‍ പറത്തിയാണ് സ്ഥാപന ഉടമ മുന്നോട്ടു പോകുന്നത്. മാലിന്യ പ്രശ്‌നത്തില്‍ ജനങ്ങളുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ സ്‌കൂളും മറ്റ് അനുബന്ധ സ്ഥാപനങ്ങളും താല്‍ക്കാലിമായി അടച്ചുപൂട്ടിയിരുന്നു. തുടര്‍ന്ന് താല്‍കാലികമായ രീതിയില്‍ മാലിന്യ സംഭരണത്തിന് സംവിധാനമേര്‍പ്പെടുത്തിയതോടെയാണ് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ചത്.
പിന്നീട് ജില്ലാ കലക്ടര്‍ ഇടപെടുകയും കലക്ടറേറ്റില്‍ ബന്ധപ്പെട്ട കക്ഷികളെ പങ്കെടുപ്പിച്ച് യോഗം ചേരുകയും ചെയ്തു. യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥാപനം സന്ദര്‍ശിച്ച വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍, മാനേജ്‌മെന്റ് പ്രതിനിധികള്‍ എന്നിവര്‍ സ്ഥാപനം സന്ദര്‍ശിക്കുകയും നിരവധി ക്രമക്കേടുകള്‍ കണ്ടെത്തുകയും ചെയ്തു. പരിശോധനയില്‍ സ്ഥാപനങ്ങളില്‍ ഫലപ്രദമായ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ഇല്ലെന്നും അനധികൃത കൈയേറ്റം വ്യാപകമാണെന്നും കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ റിപ്പോര്‍ട്ടുകള്‍ ജില്ലാ കലക്ടര്‍ക്ക് അയക്കുകയും ചെയ്തു. തുടര്‍ന്ന് മാലിന്യ പ്രശ്‌നം പെട്ടെന്ന് തന്നെ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ റാണി ഉടമയോട് ഉത്തരവിട്ടു. അതത് ഘട്ടങ്ങളില്‍ മേല്‍നോട്ടം വഹിക്കാന്‍ തഹസില്‍ദാര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ശുചിത്വ മിഷന്‍ എന്നിവയെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാല്‍ കലക്ടറുടെ ഉത്തരവ് വന്നിട്ട് മൂന്നര മാസം കഴിഞ്ഞെങ്കിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇത് നടപ്പിലാക്കിയില്ല. കലക്ടറുടെ ഉത്തരവ് നടപ്പിലാക്കുന്നതില്‍ ചില ഉദ്യോഗസ്ഥര്‍ ഉദാസീന നിലപാടാണ് സ്വീകരിക്കുന്നത്. നിയമങ്ങളും നിയന്ത്രണങ്ങളും അടിക്കടി ലംഘിക്കുന്ന സ്ഥാപന ഉടമക്ക് ചില ഉദ്യോഗസ്ഥര്‍ സഹായം ചെയ്യുകയാണ്. രൂക്ഷമായ മാലിന്യ പ്രശ്‌നത്തിന് നൂറു കണക്കിനാളുകള്‍ ഇരയാകുമ്പോഴും സ്ഥാപന ഉടമക്കെതിരേ ഒരു തരത്തിലുളള നടപടിയും മലിനീകരണ നിയന്ത്രണ ബോര്‍ഡ് സ്വീകരിക്കുന്നില്ല. ചെറുകിട സ്ഥാപനങ്ങള്‍ മാലിന്യം പുറത്തുവിട്ടാല്‍ വലിയ ആവേശത്തോടെ നടപടിയെടുക്കുന്നവര്‍ റാണി പോലെയുള്ള വലിയ സ്ഥാപനങ്ങളെ നടപടിയെടുക്കാതെ വിടുന്നതില്‍ ശക്തമായ പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്. മാലിന്യ പ്രശ്‌നത്തിനെതിരേ പ്രക്ഷോഭ പരിപാടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി 27ന് വൈകിട്ട് നാലിന് കൈനാട്ടിയില്‍ വിശദീകരണ പൊതുയോഗം വിളിച്ചുചേര്‍ക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചെയര്‍മാന്‍ കെ.ഇ ഇസ്മായില്‍, കണ്‍വീനര്‍ ടി.എം രാജന്‍, ട്രഷറര്‍ ഇ.പി ദാമോദരന്‍, വി. മോഹന്‍ ബാബു, സി.വി അനില്‍കുമാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."