മുഖം മിനുക്കി ഹൈദരാബാദ്
കഴിഞ്ഞ സീസണോടെ ഐ.എസ്.എല്ലില്‍ നിന്ന് പിന്‍വാങ്ങിയ പൂനെ സിറ്റി എഫ്.സി പുതിയ പേരിലാണ് ഇത്തവണ എത്തുന്നത്. ഹൈദരാബാദ് എഫ്.സി എന്ന പേരിലാണ് പൂനെ സിറ്റി പുതിയ സീസണില്‍ അവതരിക്കുന്നത്. അവസാന സീസണില്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണമായിരുന്നു ക്ലബ് പ്രതിസന്ധിയിലും പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വച്ചതും. താരങ്ങള്‍ക്ക് ശമ്പളം നല്‍കാതായതോടെ പലരും ക്ലബ് വിട്ട് മറ്റ് കൂടുകള്‍ തേടി. മലയാളി താരമായ ആഷിഖ് കുരുണിയന്‍ രണ്ട് സീസണിലും പൂനെക്ക് വേണ്ടിയായിരുന്നു കളിച്ചിരുന്നത്. എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പിടിമുറുക്കിയപ്പോള്‍ ആഷിഖ് ബംഗളൂരു എഫ്.സിക്കൊപ്പം ചേരുകയായിരുന്നു.
ഇംഗ്ലീഷ് തന്ത്രങ്ങള്‍
ഇംഗ്ലീഷുകാരനായ ഫില്‍ ബ്രൗണ്‍ ഐ.എസ്.എല്ലിനെ കുറിച്ചും ഇന്ത്യന്‍ ഫുട്‌ബോളിനെ കുറിച്ചും നന്നായി അറിയുന്ന താരമാണ്. അതിനാല്‍ തന്നെ കൃത്യമായി പ്രതിഫലിക്കും എന്നുറപ്പുള്ള പരീക്ഷണങ്ങള്‍ മാത്രമേ ഫില്‍ പരീക്ഷിക്കാറുള്ളു. 25 വര്‍ഷത്തോളം ഇംഗ്ലീഷ് ഫുട്‌ബോളിന്റെ ഭാഗമായിരുന്ന ബ്രൗണ്‍ അതി വേഗ ഫുട്‌ബോളിന്റെ ആശാനാണ്. 1978 മുതല്‍ 1996 വരെ കളിക്കാരനെന്ന നിലയിലും 1999 മുതല്‍ 2018വരെ പരിശീലകന്‍ എന്ന നിലയിലും ബ്രൗണിന് ഫുട്‌ബോളിനെ അടുത്തറിയാം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കളിച്ചിരുന്ന ഹള്‍ സിറ്റി, സതേണ്‍ യുനൈറ്റഡ്, ഡെര്‍ബി കൗണ്ടി എന്നീ ക്ലബുകളെയെല്ലാം ഹള്‍ പരിശീലിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിലായിരുന്നു ഇന്ത്യയിലേക്ക് പൂനെയുടെ പരിശീലകസ്ഥാനത്തേക്ക് എത്തിയത്. ആദ്യമൊക്കെ ടീം പിറകോട്ടായിരുന്നെങ്കിലും സീസണിന്റെ അവസാനത്തേക്ക് അക്രമ ശക്തിയുള്ള ടീമായി പൂനെ മാറി. ഇതിന് പിന്നില്‍ ബ്രൗണിന്റെ തന്ത്രമായിരുന്നു. കളിക്കിടയില്‍ എതിര്‍ ടീമിന്റെ മാറ്റങ്ങളനുസരിച്ച് ഫോര്‍മേഷന്‍ മാറ്റിയെടുക്കുന്ന തന്ത്രവും ബ്രൗണ്‍ പയറ്റി നോക്കിയിട്ടുണ്ട്. എന്തായാലും ആദ്യ സീസണില്‍ തന്നെ അത്ഭുതം കാണിക്കാനാണ് ബ്രൗണിന്റെ തീരുമാനം.
അംഗങ്ങള്‍
കഴിഞ്ഞ സീസണില്‍ ഗോവയുടെ ഗോള്‍ വലയം കാത്തിരുന്ന ലക്ഷ്മികാന്ത് കട്ടിമണി, അനുജ് കുമാര്‍, കമല്‍ജിത് സിങ് എന്നിവരാണ് ടീമിന്റെ ഗോള്‍വലയം കാക്കുന്നത്. മൂന്ന് പേരും ഇന്ത്യക്കാരാണെന്നതാണ് മറ്റൊരു പ്രത്യേകത. ഇംഗ്ലീഷ് ഫുട്‌ബോളിന്റെ കരുത്തുള്ള മാത്യു കില്‍ഗലോണാണ് പ്രതിരോധത്തെ നയിക്കുന്നത്. കില്‍ഗലോണ് കൂട്ടായി ആശിഷ് റായ്, ഗുര്‍ജിത് സിങ്, മുഹമ്മദ് യാസിര്‍, സാഹില്‍ പന്‍വാര്‍, താരിഫ് അഖാന്ദ്, സ്പാനിഷ് താരം റാഫേല്‍ ഗോമസ് എന്നിവരാണ് പ്രതിരോധം കാക്കുന്നത്. മധ്യനിരയില്‍ ഇന്ത്യന്‍ പ്രതിരോധ താരം ആദില്‍ ഖാന്‍, മുന്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് താരമായിരുന്ന ദീപേന്ദ്ര നേഗി, സാഹില്‍ തവോറ, ഗോകുലം എഫ്.സിയില്‍ നിന്നെത്തിയ ഗനി അഹ്മദന് നിഗം, ലാല്‍ദംവിയ റാല്‍ട്ടേ, മാര്‍ക്കോ സ്റ്റെന്‍കോവിച്ച്, നെസ്റ്റര്‍ ബെനിറ്റസ്, നിഖില്‍ പൂജാരി, രോഹിത് കുമാര്‍, ശങ്കര്‍ എന്നിവരും ഹൈദരാബാദ് എഫ്.സിക്ക് കരുത്ത് പകരാനുണ്ടാകും.
മുന്നേറ്റനിരയില്‍ സൂപ്പര്‍ താരം മാഴ്‌സലോ, റോബിന്‍ സിങ്, അഭിഷേക്, ബോഡോ, ഗില്‍സ് ബാര്‍ണസ് എന്നിവരാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."