ആഗോള പട്ടിണിസൂചികയില്‍ ഇന്ത്യ പാകിസ്താനു പിന്നില്‍
ന്യൂഡല്‍ഹി: 2019ലെ ആഗോളതല വിശപ്പ് സൂചികയില്‍ ഇന്ത്യ 102ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 117 രാജ്യങ്ങള്‍ ഉള്‍പ്പെടുന്നതില്‍ നിന്നാണ് നേപ്പാല്‍, പാകിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ക്കും പിന്നിലേക്ക് ഇന്ത്യ പിന്‍തള്ളപ്പെട്ടത്. ഇന്ത്യയിലെ ഓരോ അഞ്ച് കുട്ടികളില്‍ ഒരാള്‍ ഉയരത്തിന് അനുസരിച്ചുള്ള ഭാരമില്ലെന്ന് സൂചിക പറയുന്നു.
2008-2012ല്‍ 16.5 ശതമാനം കുട്ടികള്‍ ഇത്തരത്തിലായിരുന്നെങ്കില്‍ 2014-18 വര്‍ഷത്തില്‍ ഇത് 20.8 ശതമാനമായി വര്‍ധിച്ചുവെന്നും ആഗോള സൂചിക വ്യക്തമാക്കുന്നു. ആറിനും 23 നും ഇടയില്‍ പ്രായമുള്ളവരില്‍ വെറും 9.6 ശതമാനം പേര്‍ക്ക് മാത്രം മിനിമം സ്വീകാര്യമായ ഭക്ഷണമാണ് ലഭിക്കുന്നത്. 2030 ഓടെ രാജ്യം വിശപ്പ് രഹിതമാക്കുകയെന്ന ലക്ഷ്യം കൈവരിക്കുന്നതിനായി പ്രവര്‍ത്തിക്കുകയാണെന്ന് സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ലക്ഷ്യം പ്രാവര്‍ത്തികമാക്കാനായിട്ടില്ലെന്നതാണ് ആഗോള സൂചിക വ്യക്തമാക്കുന്നത്.
2018 ല്‍ ആഗോള പട്ടിണി സൂചികയില്‍ 119 രാജ്യങ്ങളില്‍ ഇന്ത്യ 103ാം സ്ഥാനത്തായിരുന്നു. ഐറിഷ് സര്‍ക്കാര്‍ സഹായ ഏജന്‍സിയായ കണ്‍സേണ്‍ വേള്‍ഡ് വൈഡും ജര്‍മന്‍ സംഘടനയായ വെല്‍റ്റ് ഹംഗര്‍ ഹില്‍ഫും സംയുക്തമായി തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇന്ത്യയുടെ പട്ടിണി 'ഗുരുതരമാണ്' എന്ന് പറയുന്നത്.
ആഗോള വിശപ്പ് സൂചികയില്‍ 30.1 ശതമാനം സ്‌കോറാണ് ഇന്ത്യയുടേത്. പോഷകാഹാരക്കുറവ്, ഉയരത്തിന് അനുസരിച്ച് ഭാരമില്ലായ്മ, കുട്ടികളിലെ വരള്‍ച്ചാ മുരടിപ്പ് എന്നീ നാല് ഘടകങ്ങള്‍ പരിഗണിച്ചാണ് വിശപ്പ് സൂചിക തയാറാക്കിയത്. 2000ല്‍ 113 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 83 ആയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."