മുഖച്ഛായ മാറാന്‍ മാനാഞ്ചിറയും ബീച്ച് ഓപണ്‍ സ്റ്റേജും
കോഴിക്കോട്: കോഴിക്കോടിന്റെ മുഖച്ഛായ മാറുന്ന രണ്ട് പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു. കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലും സൗത്ത് മണ്ഡലത്തിലുമാണു വ്യത്യസ്ത പദ്ധതികള്‍ക്ക് ഇന്നലെ തുടക്കമായത്. നോര്‍ത്ത് ബീച്ചിലെ കള്‍ച്ചറല്‍ സോണിനോടനുബന്ധിച്ച് നടക്കുന്ന ബീച്ച് ഓപണ്‍ സ്റ്റേജിന്റെ പുനര്‍നിര്‍മാണ പ്രവൃത്തിയും മാനാഞ്ചിറ സ്‌ക്വയര്‍ നവീകരണ പ്രവൃത്തിയുമാണ് ഇന്നലെ തുടക്കമായത്.
മാനാഞ്ചിറ സ്‌ക്വയര്‍ നവീകരണം
കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തുള്ള മാനാഞ്ചിറ സ്‌ക്വയറിന്റെ മുഖഛായ മാറുന്നു. മൂന്ന് കോടി ചെലവഴിച്ചാണു നവീകരണ പ്രവൃത്തി നടത്തുന്നത്. സംസ്ഥാന വിനോദസഞ്ചാര വകുപ്പ് 1.70 കോടിയും അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 80 ലക്ഷവും ബാക്കി തുക കോഴിക്കോട് കോര്‍പറേഷനുമാണു ചെലവഴിക്കുന്നത്. മാനാഞ്ചിറ വര്‍ഷങ്ങളായി നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കാതെ ജീര്‍ണാവസ്ഥയിലായിരുന്നു. ഈ ഘട്ടത്തിലാണു വിനോദസഞ്ചാര വകുപ്പും കോര്‍പറേഷനും നവീകരണത്തിനു മുന്‍കൈയെടുത്തത്. കലക്ടര്‍ യു.വി ജോസിന്റെ പരിശ്രമവും മാനാഞ്ചിറയുടെ നവീകരണത്തിനു മുതല്‍ കൂട്ടായി. മിഠായിത്തെരുവിന്റെ നവീകരണത്തോടൊപ്പം മാനാഞ്ചിറ സ്‌ക്വയറും നവീകരിക്കാനായിരുന്നു പദ്ധതി തയാറാക്കിയതെങ്കിലും സാങ്കേതിക കാരണങ്ങളില്‍പെട്ടാണ് പദ്ധതിക്ക് കാലതാമസം നേരിട്ടത്. ഓപണ്‍ എയര്‍ സ്റ്റേജ്, നടപ്പാത മോടിയാക്കല്‍, മഴ ഷെല്‍ട്ടര്‍, പുതിയ വൈദ്യുതവിളക്കുകള്‍, പൊളിഞ്ഞ മതില്‍ഭാഗങ്ങളുടെ പുനര്‍നിര്‍മ്മാണം, ടോയ്‌ലറ്റ് നിര്‍മാണം, പ്രവേശന കവാടത്തിന്റെ സൗന്ദര്യവല്‍ക്കരണം, പുല്‍ത്തകിടിയുടെ മോടികൂട്ടല്‍ തുടങ്ങിയവയാണു പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നത്. ആര്‍കിടെക്ട് ആര്‍.കെ രമേശിന്റെ രൂപകല്‍പനയില്‍ യു.എല്‍.സി.സിയാണു നിര്‍മാണ പ്രവൃത്തി നടത്തുന്നത്. മാനാഞ്ചിറയുടെ നിലവിലെ കാഴ്ചയില്‍ നിന്ന് തികച്ചും വ്യത്യസ്തമായ പുതുകാഴ്ചയാണു പദ്ധതി നടപ്പാക്കുന്നതിലൂടെ മാനാഞ്ചിറ സ്‌ക്വയര്‍ കൈവരിക്കുകയെന്ന് ആര്‍ക്കിടെക്ട് ആര്‍.കെ രമേശ് പറഞ്ഞു. നാലുമാസം കൊണ്ട് നവീകരണ പ്രവൃത്തി പൂര്‍ത്തിയാക്കാനാണു ലക്ഷ്യമിടുന്നത്. നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ നിര്‍വഹിച്ചു. ഡോ. എം.കെ മുനീര്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ യു.വി ജോസ്, ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക്, കൗണ്‍സിലര്‍ ജയശ്രീ കീര്‍ത്തി, ആര്‍ക്കിടെക്ട് ആര്‍.കെ രമേശ് പങ്കെടുത്തു.
ബീച്ച് ഓപണ്‍ സ്റ്റേജ് പുനര്‍നിര്‍മാണം
ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കള്‍ച്ചറല്‍ സോണിന്റെ പ്രവൃത്തിയുടെ ഭാഗമായാണു ബീച്ച് ഓപണ്‍ സ്റ്റേജ് പുനര്‍നിര്‍മിക്കുന്നത്. എ. പ്രദീപ്കുമാര്‍ എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്ന് 2.50 കോടി രൂപ ചെലവിലാണ് ആധുനിക സൗകര്യങ്ങളോടു കൂടിയ സ്റ്റേജ് നിര്‍മിക്കുന്നത്. 30 മീറ്റര്‍ നീളവും 12 മീറ്റര്‍ വീതിയുമുള്ള പ്രധാന സ്റ്റേജിനൊപ്പം വടക്കുഭാഗത്തേക്ക് 800 ഓളം കാണികള്‍ക്കിരിക്കാവുന്ന തരത്തില്‍ മിനി സ്റ്റേജുമുണ്ട്. പ്രധാന സ്റ്റേജില്‍ ഗ്രീന്‍ റൂം, ശുചിമുറികള്‍, നടപ്പാതകള്‍ എന്നിവയും നിര്‍മിക്കുന്നുണ്ട്. ഡി എര്‍ത്ത് ആര്‍കിടെക്ചറല്‍ ഗ്രൂപ്പിന്റെ രൂപകല്‍പനയില്‍ യു.എല്‍.സി.സിയാണ് നിര്‍മാണപ്രവൃത്തി നടത്തുന്നത്. നിലവിലുള്ള ഓപണ്‍ സ്റ്റേജ് കാലപ്പഴക്കം കാരണം തകര്‍ന്നതിനാലാണു സ്റ്റേജ് പുനര്‍നിര്‍മിക്കുന്നത്. പ്രവൃത്തി ഉദ്ഘാടനം മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വഹിച്ചു. എ. പ്രദീപ്കുമാര്‍ എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷനായി. ഓപണ്‍ സ്റ്റേജിനെ കേവലം വേദിയെന്നതിനപ്പുറം, ചരിത്രസംഭവങ്ങള്‍ രേഖപ്പെടുത്തി സ്വാതന്ത്ര്യസമരത്തിന്റെ ഓര്‍മകള്‍ ജ്വലിപ്പിക്കുന്ന പ്രതീകമായി മാറ്റുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്റ്റേജില്‍ കരിങ്കല്ല് കൊണ്ടും ചെങ്കല്ല് കൊണ്ടും നിര്‍മിക്കുന്ന സ്തൂപങ്ങളില്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ ജ്വലിക്കുന്ന ഓര്‍മകള്‍ കൊത്തിവയ്ക്കും. ഇതിനായി സ്റ്റേജിന്റെ രൂപകല്‍പനയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തുമെന്ന് പ്രദീപ്കുമാര്‍ എം.എല്‍.എ പറഞ്ഞു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ കലക്ടര്‍ യു.വി ജോസ്, കെ.വി സുഗന്ധകുമാരി, മുക്കം മുഹമ്മദ്, തോമസ് മാത്യു, സി.എന്‍ അനിതാ കുമാരി, പി.പി വിവേക്, പി.വി മാധവന്‍, പി.വി നവീന്ദ്രന്‍, പി.ടി ആസാദ്, ടി.കെ ഉണ്ണികൃഷ്ണന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."