ചൈന രഹസ്യമായി ഇറാന്‍ എണ്ണ കടത്തുന്നതിനെതിരേ യു.എസ്
വാഷിങ്ടണ്‍: യു.എസ് ഉപരോധം ലംഘിച്ച് കപ്പലുകളുടെ സിഗ്നല്‍ സംവിധാനം ഓഫ് ചെയ്ത് രഹസ്യമായി ഇറാനിയന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നതിനെതിരേ ചൈനീസ് കപ്പല്‍ കമ്പനികള്‍ക്ക് യു.എസിന്റെ മുന്നറിയിപ്പ്.
ഇക്കാര്യമറിയിച്ച് ശക്തമായ സന്ദേശങ്ങള്‍ ചൈനീസ് കമ്പനികള്‍ക്ക് അയച്ചിട്ടുണ്ടെന്നും ഇത് നല്ലതിനല്ലെന്നും മുതിര്‍ന്ന യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇത് അപകടകരമാണ്; ഉത്തരവാദിത്തമില്ലായ്മയും- യു.എസ് ഭരണകാര്യവിഭാഗം വ്യക്തമാക്കി.
ഇറാന്റെ എണ്ണ കയറ്റുമതിക്കുമേല്‍ യു.എസ് ഉപരോധം ഏര്‍പ്പെടുത്തിയശേഷം അവിടെനിന്ന് ഏറ്റവുമധികം എണ്ണ ഇറക്കുമതി ചെയ്യുന്നത് ചൈനയാണ്. ഉപരോധമുള്ളതിനാല്‍ കുറഞ്ഞ വിലയ്ക്ക് എണ്ണ ലഭിക്കുന്നുവെന്നതാണ് ചൈനീസ് കമ്പനികളെ ആകര്‍ഷിക്കുന്നത്.
യു.എസ് ഉപരോധത്തെ തുടര്‍ന്ന് ഇറാന്റെ എണ്ണ കയറ്റുമതി പ്രതിദിനം 25 ലക്ഷം ബാരലില്‍ നിന്ന് നാലു ലക്ഷം ബാരലിലേക്ക് ചുരുങ്ങിയിരിക്കുകയാണ്.
ഉപരോധം ലംഘിച്ച് എണ്ണ കടത്തിയതിന് അഞ്ച് ചൈനീസ് പൗരന്മാര്‍ക്കും ചൈനയിലെ വന്‍കിട കമ്പനിയായ ചൈനീസ് കോസ്‌കോ ഷിപ്പിങ് കോര്‍പറേഷന്റെ രണ്ട് അനുബന്ധ കമ്പനികള്‍ക്കും സെപ്റ്റംബര്‍ 25ന് യു.എസ് ഉപരോധമേര്‍പ്പെടുത്തിയിരുന്നു.
ഇതോടെ കോസ്‌കോ എണ്ണക്കപ്പലുകളില്‍ മൂന്നിലൊന്നും കപ്പലിലെ സ്വാഭാവിക തിരിച്ചറിയല്‍ സംവിധാന (എ.ഐ.എസ്) ത്തില്‍ നിന്നും ലൊക്കേഷന്‍ ഡാറ്റ അയക്കുന്നത് നിര്‍ത്തിയതായി കപ്പലുകളെ പിന്തുടര്‍ന്ന് എവിടെയെന്ന് കണ്ടുപിടിക്കുന്ന സ്ഥാപനങ്ങള്‍ അറിയിച്ചു. കോസ്‌കോ കപ്പലുകള്‍ എ.ഐ.എസ് ഓഫ് ചെയ്തതായി ട്രംപ് ആരോപിച്ചിരുന്നു.
എന്നാല്‍ ഈ മാസം 9 മുതല്‍ കപ്പലുകളെ സിഗ്നലില്‍ കിട്ടുന്നുണ്ട്. അതേസമയം തങ്ങളുടെ ഒരു കപ്പലും എ.ഐ.എസ് ഓഫ് ചെയ്തിട്ടില്ലെന്ന് കോസ്‌കോ കമ്പനി അറിയിച്ചു.
കപ്പലുകളുടെ സുരക്ഷക്കും സുതാര്യതക്കും വേണ്ടിയാണ് അന്താരാഷ്ട്ര സമുദ്രഗതാഗത സംഘടന കപ്പലുകള്‍ സ്വാഭാവിക തിരിച്ചറിയല്‍ സംവിധാനം ഉപയോഗിക്കണമെന്ന് നിഷ്‌കര്‍ഷിച്ചത്. കപ്പലുകള്‍ തമ്മില്‍ കൂട്ടിയിടിക്കുന്നത് ഒഴിവാക്കാനും ഇതു സഹായിക്കും. എന്തെങ്കിലും അപകടമോ കൊള്ളക്കാരുടെ സാന്നിധ്യമോ ഉണ്ടെങ്കിലേ നാവികര്‍ക്ക് ഇത് ഓഫാക്കാന്‍ അനുവാദമുള്ളൂ. എന്നാല്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന കപ്പലുകള്‍ എ.ഐ.എസ് ഓഫ് ചെയ്യുകയാണ് പതിവ്. ജിബ്രാള്‍ട്ടര്‍ കോടതി വിട്ടയച്ച ഇറാന്‍ കപ്പല്‍ സിറിയന്‍ തുറമുഖത്തിനടുത്തെത്തിയത് എ.ഐ.എസ് ഓഫ് ചെയ്തായിരുന്നു.
യു.എസില്‍ പുതിയ പ്രസിഡന്റ് വരുന്നതുവരെ ഉപരോധം തുടരുമെന്നാണ് ഇറാന്‍ കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."