തീരുമാനം ഹൈഡല്‍ ടൂറിസം എക്‌സിക്യൂട്ടീവ് അറിയാതെ
തൊടുപുഴ: വൈദ്യുതി മന്ത്രി എം.എം മണിയുടെ മരുമകന്‍ പ്രസിഡന്റായ രാജാക്കാട് സഹകരണ ബാങ്കിന് കെ.എസ്.ഇ.ബി യുടെ കൈവശ ഭൂമി അനധികൃതമായി കൈമാറിയത് ഹൈഡല്‍ ടൂറിസം സെന്റര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അറിയാതെ. മുഴുവന്‍ തീരുമാനങ്ങളും എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ചര്‍ച്ചചെയ്ത് ഇവരുടെ ശുപാര്‍ശയോടെ ഗവേണിങ് ബോഡിയില്‍ എത്തണമെന്നതാണ് നടപടിക്രമം.
എന്നാല്‍ വിഷയം മന്ത്രി എം.എം മണി ചെയര്‍മാനായ ഗവേണിങ് ബോഡിയില്‍ നേരിട്ടെത്തിച്ച് അനുമതി നല്‍കുകയായിരുന്നു. കെ.എസ്.ഇ.ബി സി.എം.ഡി, ഹൈഡല്‍ ടൂറിസം ഡയരക്ടര്‍, ചീഫ് എന്‍ജിനീയര്‍ ഉള്‍പ്പെട്ടതാണ് ഗവേണിങ് ബോഡി. ഹൈഡല്‍ ടൂറിസം എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ ചെയര്‍മാന്‍ ജനറേഷന്‍ ചീഫ് എന്‍ജിനീയറാണ്. സിവില്‍ കണ്‍സ്ട്രക്ഷന്‍സ് ചീഫ് എന്‍ജിനീയര്‍, ഹൈഡല്‍ ടൂറിസം ഡയരക്ടര്‍, രണ്ട് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍, ഹൈഡല്‍ ടൂറിസം മാനേജര്‍ എന്നിവര്‍ ഉള്‍പ്പെട്ടതാണ് എക്‌സിക്യൂട്ടീവ് കമ്മറ്റി.
ഭൂമി കൈമാറ്റ വിഷയം ഈ കമ്മിറ്റിയില്‍ എത്തിയാല്‍ തടസവാദം ഉന്നയിക്കുമെന്ന് കണക്കുകൂട്ടി മന്ത്രി ഇടപെട്ട് നേരിട്ട് ഗവേണിങ് ബോഡിയില്‍ എത്തിക്കുകയായിരുന്നുവെന്നാണ് വിലയിരുത്തല്‍. സി.പി.എം അനുകൂല സംഘടനയായ കെ.എസ്.ഇ.ബി ഓഫിസേഴ്‌സ് അസോസിയേഷന്‍ പോലും എതിര്‍ത്തിട്ടും മന്ത്രി എം.എം. മണിയുടെ താല്‍പ്പര്യപ്രകാരം നിയമിച്ച കെ.ജെ ജോസായിരുന്നു അന്ന് ഹൈഡല്‍ ടൂറിസം ഡയരക്ടര്‍. അസി. എക്‌സി. എന്‍ജിനീയറായ കെ.ജെ ജോസിനെ ഡയരക്ടര്‍ സ്ഥാനത്ത് നിയമിച്ചത് അന്നു ചര്‍ച്ചയായിരുന്നു. നിലവില്‍ ചീഫ് എന്‍ജിനീയര്‍ എ. ഷാനവാസിനാണ് ഹൈഡല്‍ ടൂറിസം ഡയരക്ടറുടെ ചുമതല. കെ.എസ്.ഇ.ബി യുടെ കൈവശമിരിക്കുന്ന ഭൂമിയുടെ കസ്റ്റോഡിയന്‍ അതാത് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍ ആണെന്നിരിക്കെ സഹകരണ ബാങ്കുമായുള്ള കരാറില്‍ ഹൈഡല്‍ ടൂറിസം ഡയരക്ടര്‍ ഒപ്പുവച്ചതുതന്നെ ചട്ട ലംഘനമായി വിലയിരുത്തുന്നു.
അനധികൃത ഭൂമി കൈമാറ്റം സംബന്ധിച്ച റിപ്പോര്‍ട്ടില്‍ തുടര്‍നടപടിയെടുക്കുന്നത് മുഖ്യമന്ത്രി ഇടപെട്ട് വിലക്കിയതായാണ് സൂചന. മന്ത്രിസഭയിലെ ഒരംഗം ഉള്‍പ്പെട്ട വിവാദത്തില്‍ ഇടുക്കി ജില്ലാ കലക്ടറില്‍നിന്ന് റവന്യു മന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടിയത് ശരിയായ നടപടിയല്ലെന്നാണ് മുഖ്യമന്ത്രിയുടെ വിലയിരുത്തല്‍.
മന്ത്രി എം.എം. മണിയുടെ മകളുടെ ഭര്‍ത്താവും സി.പി.എം ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായ വി.എ. കുഞ്ഞുമോന്‍ പ്രസിഡന്റായ രാജക്കാട് സഹകരണ ബാങ്കിന് ഭൂമി കൈമാറിയത് നിയമവിരുദ്ധ നടപടിയാണെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ എച്ച്. ദിനേശന്‍ റവന്യു മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പൊന്‍മുടി ഡാം പരിസരത്തെ 21 ഏക്കര്‍ ഭൂമിയാണ് അമ്യൂസ്‌മെന്റ് പാര്‍ക്കിനെന്ന പേരില്‍ 15 വര്‍ഷത്തേക്ക് രാജാക്കാട് ബാങ്കിനു കൈമാറിയത്. പൊന്‍മുടി പദ്ധതിയുടെ ആവശ്യത്തിലേക്ക് കെ.എസ്.ഇ.ബി ക്ക് സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയ ഭൂമിയാണ് അനധികൃതമായി കൈമാറ്റം ചെയ്തതെന്ന് കലക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഒരേ വിഷയത്തില്‍ രണ്ടു നീതി
തൊടുപുഴ: ടൂറിസം വികസനത്തിനായി യു.ഡി.എഫ് ഭരണകാലത്ത് മൂന്നാറില്‍ സഹകരണ സംഘത്തിന് അനുവദിച്ച ഭൂമി അധികാരത്തിലെത്തിയപ്പോള്‍ റദ്ദാക്കിയ എല്‍.ഡി.എഫ് സര്‍ക്കാര്‍, മന്ത്രി എം.എം. മണിയുടെ മരുമകന്റെ കാര്യം വന്നപ്പോള്‍ ഇക്കാര്യം മറന്നു. മാട്ടുപ്പെട്ടി സണ്‍മൂണ്‍വാലി പാര്‍ക്ക്, മൂന്നാര്‍ ഹൈഡല്‍ ടൂറിസം പാര്‍ക്ക് എന്നിവയുടെ സമീപത്തായി മൂന്നേക്കര്‍ ഭൂമിയാണ് യു.ഡി.എഫ് ഭരണകാലത്ത് മുന്‍ എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ എ.കെ മണി പ്രസിഡന്റായ ടൂറിസം കോ ഓപറേറ്റീവ് സൊസൈറ്റിക്ക് അന്നത്തെ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് കൈമാറിയത്.
ഇതിനെതിരേ സി.പി.എം ജില്ലാ സെക്രട്ടറിയായിരുന്ന എം.എം മണിയുടെ നേതൃത്വത്തില്‍ എല്‍.ഡി.എഫ് സമരവുമായി രംഗത്തെത്തി. അതിനിടെ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി. എ.കെ ബാലന്‍ വൈദ്യുതി മന്ത്രിയായതോടെ ഭൂമി കൈമാറ്റം റദ്ദുചെയ്യുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."