താളംതെറ്റി മേപ്പാടി പഞ്ചായത്തിലെ കുടിവെള്ള പദ്ധതി
മേപ്പാടി: മേപ്പാടി പഞ്ചായത്തില്‍ ആരംഭിച്ച കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തനം താളംതെറ്റി. മുന്‍ ഭരണ സമിതി എം.എസ്.ഡി.പി പദ്ധതി പ്രകാരം 85 ലക്ഷം അനുവദിച്ചാണ് പദ്ധതി ആരംഭിച്ചത്. നെല്ലിമുണ്ട ചുളിക്ക പാലത്തിന് സമീപത്ത് നിന്നും മേപ്പാടിയിലും പരിസര പ്രദേശങ്ങളിലും കുടിവെള്ളം വിതരണം ചെയ്യാന്‍ വിഭാവനം ചെയ്ത കുടിവെള്ള പദ്ധതിയാണ് അവതാളത്തിലായത്.
പുതിയ ഭരണസമിതി ചില മാറ്റങ്ങള്‍ വരുത്തി നടപ്പാക്കാന്‍ ശ്രമിച്ചതോടെയാണ് പദ്ധതി പാതിവഴിയിലായത്. നേരത്തെ ചുളിക്ക പുഴയോരത്തെ കുഴല്‍ കിണറില്‍ നിന്നും വെള്ളം ശേഖരിച്ച് പൈപ്പ് വഴി വിതരണം ചെയ്യാനായിരുന്നു ലക്ഷ്യമിട്ടത്. പുതിയ ഭരണസമിതി വന്നപ്പോള്‍ ഒന്നാംമൈലില്‍ പഞ്ചായത്തിന് സ്ഥലമുണ്ടെന്നും അവിടെ കിണര്‍ കുഴിച്ച് കുടിവെള്ളം വിതരണം ചെയ്യാമെന്നും തീരുമാനിക്കുകയായിരുന്നു. പദ്ധതിക്കാവശ്യമായ പൈപ്പുകളും മറ്റും വാങ്ങി ഒന്നാംമൈലിലും പഞ്ചായത്ത് ഓഫിസ് പരിസരത്തും ഇറക്കി വെച്ചു. എന്നാല്‍ പഞ്ചായത്ത് കിണര്‍ നിര്‍മിക്കാന്‍ ഉദ്ദേശിച്ച സ്ഥലം സ്വകാര്യ വ്യക്തിയുടേതാണ്.
കിണര്‍ കുഴിക്കണമെങ്കില്‍ സ്ഥലം വില നല്‍കി വാങ്ങുകയോ സമീപത്തെ എസ്റ്റേറ്റില്‍ നിന്നോ സ്വകാര്യ വ്യക്തികളില്‍ നിന്നോ സൗജന്യമായി ഭൂമി ലഭിക്കുകയോ വേണം.
എങ്കില്‍ മാത്രമേ പദ്ധതി നടപ്പാക്കാന്‍ സാധിക്കുകയുള്ളു. നിലവില്‍ ബ്രിട്ടീഷുകാര്‍ സ്ഥാപിച്ച ചോലമല പുഴയില്‍ നിന്നും മോട്ടോറിന്റെ സഹായമില്ലാതെ നേരിട്ട് പൈപ്പ് വഴി മേപ്പാടി ടൗണിലെ പഴയ പൊലിസ് സ്റ്റേഷന് സമീപമുള്ള ഉയര്‍ന്ന സ്ഥലത്തെ സംഭരണിയില്‍ എത്തി അവിടെ നിന്നും വിവിധ ഭാഗങ്ങളിലേക്ക് വെള്ളമെത്തിക്കുകയാണ്. ഈ പദ്ധതിക്ക് നൂറ് വര്‍ഷത്തിലേറെ പഴക്കമുണ്ട്. ഇതിനുപയോഗിക്കുന്ന പൈപ്പുകള്‍ ഇടക്കിടെ കാട്ടാന നശിപ്പിക്കാറുണ്ട്.
ഈ അവസരത്തില്‍ മേപ്പാടിയാലും പരിസരത്തും കുടിവെള്ളം കിട്ടാറില്ല. ടൗണിലും മറ്റ് ഭാഗത്തേക്കും വെള്ളമെത്തിക്കുവാനുള്ള പൈപ്പുകള്‍ ദ്രവിച്ച് കുടിവെള്ളം റോഡിലും മറ്റും ഒഴുകി പോകുന്നതും സാധാരണമാണ്. ഇതിന് പരിഹാരമായാണ് പുതിയ പദ്ധതി വിഭാവനം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."