ആരാവും 'അരുമ': അരൂര്‍ ഇടതുവെട്ടി വലതുതിരിയുമോ?
ആലപ്പുഴ: പ്രചാരണം അവസാന ലാപ്പിലേക്ക് ഓടുന്നു. ജയപരാജയങ്ങളുടെ വിധിക്കായി ബട്ടണമര്‍ത്താന്‍ ഇനിയുള്ളത് നാല് ദിനങ്ങള്‍. ആരാവും അരൂരിന്റെ അരുമയാവുക. ചുവപ്പിനെ വാരിപ്പുണരുന്ന ചരിത്രത്തിനിടെയും അട്ടിമറികളുടെ പാരമ്പര്യവും അരൂരിനുണ്ട്.
വോട്ടുകള്‍ വരുതിയിലാക്കാന്‍ വിവാദങ്ങളുടെ കെട്ടഴിച്ചു സ്റ്റാര്‍ ക്യാംപെയ്‌നര്‍മാര്‍ പായുകയാണ്. അരൂരിന്റെ മനസ് കലങ്ങി തെളിഞ്ഞിട്ടില്ല. 2016 ലെ 38,519 ന്റെ വന്‍തോല്‍വിയില്‍നിന്ന് 648 ന്റെ ഭൂരിപക്ഷത്തിലേക്ക് തിരിച്ചെത്തിയതിന്റെ ആത്മവിശ്വാസം തന്നെയാണ് യു.ഡി.എഫിന്റെ കരുത്ത്.
ലോക്‌സഭ തെരഞ്ഞെടുപ്പിനു ശേഷം നാലു മാസങ്ങള്‍ക്കിപ്പുറം അരൂരിലെ രാഷ്ട്രീയം മാറിയെന്ന് വിശ്വസിച്ചാണ് എല്‍.ഡി.എഫിന്റെ മുന്നേറ്റം. ലോക്‌സഭയേക്കാള്‍ വോട്ടു വിഹിതം കുറയാതെ നോക്കാനുള്ള പെടാപാടില്‍ എന്‍.ഡി.എയും.
2016 ല്‍ 1,88,450 ആയിരുന്നു വോട്ടര്‍മാരുടെ എണ്ണം. ഉപതെരഞ്ഞെടുപ്പ് എത്തിയപ്പോള്‍ 1,91,898 വോട്ടര്‍മാരായി ഉയര്‍ന്നു. 2016 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 1,61,875 പേരാണ് വോട്ടു ചെയ്തത്.
85.82 ശതമാനം പോളിങ്. എ.എം ആരിഫിന്റെ ഭൂരിപക്ഷം 38,519. വിഹിതം 52.34 ശതമാനം. കോണ്‍ഗ്രസിന് കിട്ടിയത് 46,201 വോട്ടും 28.54 ശതമാനം വിഹിതവും.
എന്‍.ഡി.എയില്‍ മത്സരിച്ച ബി.ഡി.ജെ.എസിന് കിട്ടിയതാവട്ടെ 27,753 വോട്ടും 17.14 ശതമാനവും. ഇക്കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അരൂരിലെ സ്ഥിതിയാകെ മാറി. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ സംഖ്യ 1,89,936 ആയി ഉയര്‍ന്നു. പോള്‍ ചെയ്ത വോട്ടുകള്‍ 1,58,922 (83.67 ശതമാനം). ഷാനിമോള്‍ ഉസ്മാന് കിട്ടിയത് 65,656 (41.31 ശതമാനം) വോട്ട്. സിറ്റിങ് എം.എല്‍.എ ആയിരുന്നിട്ടും എ.എം ആരിഫിനെ അരൂര്‍ കൈവിട്ടു.
സി.പി.എമ്മിന് കിട്ടിയത് 65,008 (40.91 ശതമാനം) വോട്ട്. ബി.ജെ.പിക്ക് കിട്ടിയ വോട്ട് 25,250 (15.89 ശതമാനം). ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ടു കൂടിയിട്ടും പോളിങ് കുറഞ്ഞതോടെ എല്‍.ഡി.എഫിന് 37,871 വോട്ടുകളാണ് നിയമസഭ ഭൂരിപക്ഷത്തില്‍നിന്നു ചോര്‍ന്നത്.
അരൂരിലെ വോട്ടുകളുടെ അടിയൊഴുക്ക് കോണ്‍ഗ്രസിലേക്കായിരുന്നു. തിരിച്ചുപിടിച്ച വോട്ടുകള്‍ നിലനിര്‍ത്തുക. ഭൂരിപക്ഷം വര്‍ധിപ്പിക്കുക. യു.ഡി.എഫിന് മുന്നിലെ ഒരേയൊരു ലക്ഷ്യം. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇനിയൊരു തോല്‍വി ഷാനിമോള്‍ ഉസ്മാന്റെ ചിന്തയിലേയില്ല.
തുടര്‍പരാജയങ്ങളുടെ പേരില്‍ ലഭിക്കാവുന്ന സഹതാപം വോട്ടായി മാറുമെന്ന പ്രതീക്ഷ. അരൂര്‍ കൈവിടില്ലെന്ന വിശ്വാസവും. എന്നാല്‍, നാലു മാസം കൊണ്ടു അരൂരിന്റെ രാഷ്ട്രീയകാലാവസ്ഥ മാറിയെന്ന് ഇടതിന്റെ വാദം.
കോട്ടയില്‍ സംഭവിച്ച വിള്ളലിലൂടെ ഒഴുകി പ്പോയ വോട്ടുകളെ ഉപതെരഞ്ഞെടുപ്പില്‍ ചിറകെട്ടി തടയാമെന്ന ആത്മവിശ്വാസം.
സംസ്ഥാന സര്‍ക്കാരിന്റെയും പ്രാദേശിക വികസനവും വോട്ടായി മാറുമെന്ന ഉറച്ച വിശ്വാസം. സി.പി.എം സിറ്റിങ് സീറ്റ് ഉറപ്പിക്കുന്നത് വികസനം മുന്നില്‍വച്ചാണ്.
പ്രാദേശിക വികസനത്തിന്റെ പേരിലെ ഏറ്റുമുട്ടലോടെയായിരുന്നു പ്രചാരണ തുടക്കം. ഒടുവില്‍ വിശ്വാസത്തിലും വിവാദങ്ങളിലും എത്തി നില്‍ക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."