ചെറുതുരുത്തിയിലെ തടയണക്ക് ശാപമോക്ഷം
ചെറുതുത്തി: ഭാരതപുഴയ്ക്ക് കുറുകെ കൊച്ചി പാലത്തിന് സമീപം നിര്‍മ്മാണം ആരംഭിയ്ക്കുകയും വര്‍ഷങ്ങളായി മുടങ്ങികിടക്കുകയും ചെയ്തിരുന്ന ചെറുതുരുത്തി തടയണയ്ക്ക് ശാപമോക്ഷം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ടെന്‍ഡര്‍ ക്ഷണിച്ചതായി യു.ആര്‍. പ്രദീപ് എം.എല്‍.എ അറിയിച്ചു. ജൂലായ് 13 നാണ് ടെന്‍ഡര്‍ സമര്‍പ്പിക്കാനുള്ള അവസാന തിയതി. കിഫ്ബി മുഖേന സംസ്ഥാനത്ത് 10 നഗരസഭകളില്‍ 909 കോടി രൂപയുടെ കുടിവെള്ള പദ്ധതി നടപ്പിലാക്കാന്‍ ജലവിഭവവകുപ്പ് ഭരണാനുമതി നല്‍കിയിട്ടുണ്ട്.
അതില്‍പെട്ട ഒരു പ്രവര്‍ത്തിയാണ് ഷൊര്‍ണൂര്‍ നഗരസഭ വാണിയംകുളം പഞ്ചായത്ത് കുടിവെള്ള പദ്ധതി വാട്ടര്‍ അതോറിറ്റിയാണ്.
വെള്ളത്തിന്റെ സ്രോതസ്സ് ചെറുതുരുത്തി തടയണയുമാണ്. മുടങ്ങി കിടന്ന ചെറുതുരുത്തി തടയണക്കായി തൃശൂര്‍ അഡീഷ്ണല്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ തയ്യാറാക്കിയ 2015ലെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരമാണ് തടയണ നിര്‍മിക്കുന്നത്. 14.36 കോടി രൂപയുടെതാണ് ഈ പ്രവര്‍ത്തി നിര്‍മ്മാണ ചുമതല തൃശൂര്‍ അഡീഷ്ണല്‍ ഇറിഗേഷന്‍ വകുപ്പിനാണ്. മുടങ്ങിക്കിടക്കുന്ന ചെറുതുരുത്തി തടയണ ആര്‍.എം.എഫ് ഫണ്ട് മുഖേന കഴിവതും വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് 2016 സെപ്റ്റംബറില്‍ എം.എല്‍.എ യു.ആര്‍ പ്രദീപ് ജലവിഭവ വകുപ്പ് മന്ത്രിക്കും റവന്യൂ മന്ത്രിക്കും കത്ത് നല്‍കിയിരുന്നു. അതുപ്രകാരം മന്ത്രിമാര്‍ രണ്ടുവകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്ത് തടയണ നിര്‍മ്മാണം ആരംഭിക്കുന്നതിന് ആവശ്യമായ നടപടി സ്വികരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
അക്കൗണ്ടന്റ് ജനറിലിന്റെ 2015-16 ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചെറുതുരുത്തി തടയണ നിര്‍മ്മാണത്തിന് പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം ഭരണാനുമതി നല്‍കാത്തതില്‍ സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ചിരുന്നു. കോണ്‍ട്രാക്ടര്‍ മരണപ്പെട്ടതു മൂലമാണ് പ്രവര്‍ത്തി നിര്‍ത്തിവെച്ചത്. അവകാശികള്‍ക്ക് ചെയ്ത പണിയുടെ തുകയായി 80 ലക്ഷം രൂപ നല്‍കിയിരുന്നു. തുടര്‍ നടപടി സ്വീകരിച്ച് പ്രവര്‍ത്തി പൂര്‍ത്തിയാക്കാത്തതാണ് എ.ജിയുടെ വിമര്‍ശനത്തിന് വഴിവെച്ചത്. 80 ലക്ഷം പാഴ് ചെലവായി മാറിയതായും ജനങ്ങള്‍ക്ക് ജലലഭ്യത ഉണ്ടായില്ല എന്നുമായിരുന്നു എ.ജിയുടെ പ്രധാന വിമര്‍ശനം.
ഇതിന്റെ അടിസ്ഥാനത്തില്‍ ഏതു വിധേനയും പ്രവര്‍ത്തി പൂരത്തീകരിക്കേണ്ടത് ജലവിഭവവകുപ്പിന്റെ ബാധ്യതയായിമാറി. അതോടൊപ്പം എം.എല്‍.എയുടെ ഇടപെടലും ഉണ്ടായപ്പോള്‍ പദ്ധതി യാഥാര്‍ത്ഥ്യത്തിലേയ്ക്ക് നീങ്ങുകയായിരുന്നു. ഇതിനിടയാണ് 35 കോടിരൂപയുടെ കുടിവെള്ള പദ്ധതി വരുന്നതും ചെറുതുരുത്തി തടയണക്കായുള്ള പുതുക്കിയ എസ്റ്റിമേറ്റ് അതിലേക്ക് പരിഗണിച്ച് ഉത്തരവായതും.
ഇതിനിടയില്‍ തടയണ നിര്‍മ്മാണം പ്രദേശത്തെ ജനങ്ങളുടെ വലിയ ഒരു ആവശ്യമായി ഉയര്‍ന്നുവരികയും ചെയ്തു. വള്ളത്തോള്‍ നഗര്‍ പഞ്ചായത്ത്, പാഞ്ഞാള്‍ പഞ്ചായത്ത് എന്നിവിടങ്ങളില്‍ ജലലഭ്യത ഉറപ്പുവരുത്തുവാന്‍ ഇതിലൂടെ കഴിയും. 100 കണക്കിനു കുടുംബങ്ങള്‍ക്കും കര്‍ഷകര്‍ക്കും പദ്ധതി ഗുണംചെയ്യും. ഇതോടപ്പം നബാര്‍ഡ് പദ്ധതിയായ മുടങ്ങിക്കിടക്കുന്ന ചെങ്ങണാംകുന്ന് തടയണക്കും പുതുക്കിയ ഭരണാനുമതി ലഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."