സ്വകാര്യ തോട്ടത്തില്‍ വന്‍ കോഴിവേസ്റ്റ് മാലിന്യ നിക്ഷേപ കേന്ദ്രം കണ്ടെത്തി
പാലക്കാട്: മാലിന്യവുമായി വന്ന വാഹനത്തെ തടഞ്ഞപ്പോള്‍ നാട്ടുകാര്‍ കണ്ടത് സ്വകാര്യതോട്ടത്തിലെ വന്‍ കോഴിവേസ്റ്റ് മാലിന്യ നിക്ഷേപ കേന്ദ്രം. ധോണി കടുമാങ്കുളത്തെ ഏദന്‍തോട്ടമാണ് കോഴിവേസ്റ്റ് കേന്ദ്രമായി രൂപാന്തരം പ്രാപിച്ചിട്ടുള്ളത്.
കഴിഞ്ഞ മൂന്നുമാസമായി നാട്ടുകാരുടെ കണ്ണുവെട്ടിച്ചു പ്രവര്‍ത്തിച്ച ഇവിടുത്തെ കോഴിവേസ്റ്റു കേന്ദ്രം വെളിച്ചത്തുവന്നത് ചൊവാഴ്ച്ച അര്‍ധരാത്രിയിലാണ്. ഈ തോട്ടത്തില്‍ മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ നാട്ടുകാര്‍ രംഗത്തിറങ്ങിയപ്പോഴാണ്, തോട്ടം കോഴിവേസ്റ്റ് കേന്ദ്രമായി മാറിയത് കാണാന്‍ കഴിഞ്ഞത്.
തൃശൂര്‍ സ്വദേശിയായ വിന്‍സെന്റിന്റെ ഉടമസ്ഥതയിലുളളതാണ് തോട്ടം. ഈ തോട്ടത്തിന് 23 ഏക്കറോളം വിസ്തൃതിയുണ്ട്. കുറച്ചുമാസങ്ങള്‍ക്ക് മുന്‍പ് സജി എന്നയാള്‍ക്ക് ഈ തോട്ടം പാട്ടത്തിന് നല്‍കിയിരുന്നു. കൃഷി നടത്താനെന്ന പേരിലാണ് സജി, വിന്‍സെന്റിന്റെ പക്കലില്‍ നിന്ന് സ്ഥലം പാട്ടത്തിനെടുത്തത്. പകല്‍ സമയങ്ങളില്‍ കൃഷിപ്പണികള്‍ ചെയ്യിപ്പിച്ച് അദ്ധേഹം നാട്ടുകാരുടെയും വിശ്വാസം പിടിച്ചുപറ്റി. എന്നാല്‍ തോട്ടത്തിനകത്തുനിന്ന് പതിവായി ദുര്‍ഗന്ധം വമിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടു. ഇതെതുടര്‍ന്ന് നാട്ടുകാര്‍ നിരീക്ഷണം നടത്തിയപ്പോള്‍ തോട്ടത്തിനകത്ത് മാലിന്യം തള്ളിയത് കാണാനിടയായി.
രാത്രികാലങ്ങളിലാണ് ഇവിടേക്ക് മാലിന്യങ്ങള്‍ കൊണ്ടുവരുന്നത്. കൂടുതലും കോഴി വേസ്റ്റാണ്. മണ്ണാര്‍ക്കാട് ഭാഗത്തുനിന്നാണ് കൂടുതലും വാഹനങ്ങള്‍ വരുന്നത്.
ചാക്കില്‍ നിറച്ച കോഴിവേസ്റ്റ് തോട്ടത്തില്‍ തയ്യാറാക്കിയ കുഴികളില്‍ ഇട്ട് മൂടുകയാണ് ചെയ്യുന്നത്. ജെ.സി.ബി ഉപയോഗിച്ചെടുത്ത നിരവധി കുഴികള്‍ തോട്ടത്തില്‍ കാണാനിടയായി. നേരത്തെ മാലിന്യവുമായി വന്ന വാഹനത്തെ നാട്ടുകാര്‍ തടഞ്ഞെങ്കിലും ഡ്രൈവറും സഹായികളും ഓടി രക്ഷപ്പെട്ടിരുന്നു.
പിന്നീട് മാലിന്യവാഹനത്തെ പിന്തുടര്‍ന്നു ബൈക്കില്‍ വന്ന സ്ഥലം പാട്ടത്തിനെടുത്ത സജിയെ നാട്ടുകാര്‍ തടഞ്ഞുവച്ചു.
തുടര്‍ന്ന് ഹേമാംബികനഗര്‍ പൊലിസിനെ വിവരം അറിയിച്ചു. സി.ഐ പ്രേംനാഥ് വിശ്വന്‍, എസ്.ഐ മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സ്ഥലത്തെത്തി കൂടുതല്‍ പരിശോധനകള്‍ നടത്തി.
ജെ.സി.ബി ഉപയോഗിച്ച് കോഴി വേസ്റ്റ് തള്ളിയ കുഴികളെല്ലാം പൊലിസ് തുറന്നു.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് പൊലിസ് സ്ഥലം പാട്ടത്തിനെടുത്ത സജിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."