ബ്ലാസ്റ്റേഴ്സ്- കൊല്‍ക്കത്ത മല്‍സരത്തിന്റെ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആറാം പതിപ്പിന്റെ ഉദ്ഘാടന ദിവസം കേരള ബ്ലാസ്റ്റേഴ്സും കൊല്‍ക്കത്തന്‍ ക്ലബ്ബായ എ.ടി.കെയും തമ്മിലുള്ള മല്‍സരത്തിനുള്ള ടിക്കറ്റ് വില്‍പ്പന തുടങ്ങി. ഒക്ടോബര്‍ 20ന് ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടായ കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് മല്‍സരം നടക്കുക. സ്റ്റേഡിയം ബോക്സ് ഓഫീസില്‍ രാവിലെ 11 മുതല്‍ വൈകിട്ട് 6 വരെ ടിക്കറ്റുകള്‍ ലഭിക്കുന്നതാണ്.
ടിക്കറ്റുകളുടെ ഓണ്‍ലൈന്‍ വില്‍പ്പന നേരത്തെ ആരംഭിച്ചിരുന്നു. ആരാധകര്‍ക്ക് പേയ്ടിഎം, ഇന്‍സൈഡര്‍.ഇന്‍ എന്നീ വെബ്സൈറ്റ്, മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നിവയിലൂടെ ആദ്യ രണ്ട് ഹോം മത്സരങ്ങളുടെ ടിക്കറ്റുകള്‍ സ്വന്തമാക്കാം. ഗ്യാലറികള്‍ക്ക് 250 രൂപ മുതല്‍ വിഐപി ടിക്കറ്റുകള്‍ക്ക് 2000 രൂപ വരെയാണ് നിരക്ക്. ഉദ്ഘാടന മത്സരത്തിന് മാത്രമാണ് 250 രൂപ. പിന്നീടുള്ള മത്സരങ്ങള്‍ക്ക് 200 രൂപ മുതല്‍ ടിക്കറ്റുകള്‍ ലഭ്യമാകും.
ടിക്കറ്റുകള്‍ക്കു പുറമെ ആരാധകര്‍ക്കുള്ള ജേഴ്സികളുടെ വില്‍പ്പനയും ആരംഭിച്ചിട്ടുണ്ട്. എല്ലാ കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്കായും ക്ലബിന്റെ ഔദ്യോഗിക കിറ്റ് പാര്‍ട്ണറായ റെയോര്‍ സ്പോര്‍ട്സ് ഔദ്യോഗിക കിറ്റ് ആന്‍ഡ് ഫാന്‍ മര്‍ച്ചന്‍ഡൈസ് (റെപ്ലിക്ക ടീം വെയര്‍ ഫാന്‍ ജേഴ്സി) ഒരുക്കിയിട്ടുണ്ട്. ആരാധകര്‍ക്ക് സുഖവും സംതൃപ്തിയും ലഭ്യമാക്കാനായി 12 വ്യത്യസ്ത വലുപ്പങ്ങളില്‍ ജേഴ്സികള്‍ ലഭ്യമാകും. 4 വ്യത്യസ്ത വലുപ്പങ്ങളില്‍ കുട്ടികള്‍ക്കും, 8 വ്യത്യസ്ത വലുപ്പങ്ങളില്‍ മുതിര്‍ന്നവര്‍ക്കും ജേഴ്സികള്‍ സ്വന്തമാക്കാം.
സ്റ്റേഡിയത്തിലെത്തുന്ന ആരാധകരുടെ സൗകര്യാര്‍ത്ഥം സീസണ് 5 ന് സമാനമായ രീതിയില്‍ എല്ലാ ഓണ്‍ലൈന്‍ ടിക്കറ്റുകളുടെയും എന്‍ട്രി 'പേപ്പര്‍ലെസ്സ്' ആയിരിക്കും. ഓണ്‍ലൈനില്‍ ടിക്കറ്റ് വാങ്ങിയ ഒരു ആരാധകന് ഇനി നീണ്ട നിരകളില്‍ കാത്തിരിക്കേണ്ടതില്ല മറിച്ച് ഓണ്‍ലൈനില്‍ ഒരു ടിക്കറ്റ് വാങ്ങുമ്പോള്‍ രജിസ്റ്റര്‍ ചെയ്ത ഇമെയില്‍ വിലാസത്തിലേക്കും മൊബൈല്‍ നമ്പറിലേക്കും ഒരു ഇടിക്കറ്റ് ലഭ്യമാകും. എന്‍ട്രി ഗേറ്റില്‍ ഇടിക്കറ്റിലെ ക്യുആര്‍ കോഡ് സ്കാന്‍ ചെയ്തുകൊണ്ട് ഒരു ആരാധകന് വളരെ എളുപ്പത്തില്‍ മത്സരം കാണാന്‍ കഴിയും. എന്നിരുന്നാലും, സുരക്ഷാ കാരണങ്ങളാല്‍, സ്റ്റേഡിയത്തില്‍ പ്രവേശിക്കുവാനായി സാധുവായ ഒരു ഐഡി കാര്‍ഡ് ഓരോ ആരാധകനും കൈവശം വയ്ക്കേണ്ടത് നിര്‍ബന്ധമാണെന്നും അധികൃതര്‍ അറിയിച്ചു.
ISL. kbfc vs atk isl match ticket booking offline sale
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."