മാവോയിസ്റ്റുകള്‍ക്കായി മുക്കാലിയില്‍ തെരച്ചില്‍
പാലക്കാട് : മാവോയിസ്റ്റ് നേതാവ് സോമന്‍ ഉള്‍പ്പടേയുള്ള സംഘത്തിനായി തണ്ടര്‍ബോള്‍ട്ടും ലോക്കല്‍ പൊലിസും ചേര്‍ന്ന് മുക്കാലി, പാന്താംതോട്, കരുവാര പ്രദേശങ്ങളില്‍ തെരച്ചില്‍ നടത്തി. പ്രദേശത്ത് ടൈഗര്‍ റിസര്‍വിന്റെ ഭാഗമായി പശ്ചിമഘട്ടത്തിലെ് പുലികളുടെ സര്‍വേ നടത്തുന്നതിനായി വനംവകുപ്പ് സ്ഥാപിച്ച കാമറകളില്‍ ചിലത് മോഷണം പോയ പശ്ചാത്തലത്തില്‍, അത് മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ എടുത്തുമാറ്റിയതാണെന്ന നിഗമനത്തില്‍ വനം വകുപ്പ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലിസ് വനത്തില്‍ തെരച്ചില്‍ നടത്തുന്നത്.
പുലികളെ നിരീക്ഷിക്കുന്നതിനായി വിദേശനിര്‍മിതവും അത്യാധുനിക സംവിധാനങ്ങളുള്ളതുമായ കാമറകളാണ് വനത്തില്‍ സ്ഥാപിച്ചിരുന്നത്. ഈ കാമറയുടെ പരിധിയില്‍ എന്തെങ്കിലുമൊരു ചലനം ഉണ്ടായാല്‍ കാമറ പ്രവര്‍ത്തിക്കുകയും ഫ്‌ളാഷ് മിന്നുന്നതോടൊപ്പം ചലനമുണ്ടായ ഭാഗം കാമറയില്‍ പതിയുകയും ചെയ്യും. ഇതേ ഭാഗത്തുകൂടിത്തന്നെയാണ് മാവോയിസ്റ്റ് സംഘങ്ങള്‍ സ്ഥിരമായി യാത്ര ചെയ്യുന്നതെന്നാണ് വനവകുപ്പ് ജീവനക്കാരും പൊലിസും കരുതുന്നത്.
ഇത്തരത്തില്‍ മാവോയിസ്റ്റുകളുടെ യാത്രക്കിടെയാവണം, ഫ്‌ളാഷ് മിന്നിയതിനെ തുടര്‍ന്ന് വനംവകുപ്പിന്റെ കണ്‍ട്രോള്‍ റൂമില്‍ ഈ വിവരം ലഭിക്കുകയും കൂടുതല്‍ പരിശോധനകള്‍ക്കായി കാട്ടിലെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കാമറ നഷ്ടപ്പെട്ടതായി കണ്ടെത്തുകയുമായിരുന്നു.
അഗളിയില്‍ ക്യാംപ് ചെയ്യുന്ന തണ്ടര്‍ബോള്‍ട്ട് കമാന്റോസും ലോക്കല്‍പൊലിസും സംയുക്തമായാണ് തെരച്ചില്‍. അതേസമയം കോടതിയില്‍ കീഴടങ്ങാന്‍ സന്നദ്ധത അറിയിച്ച സോമനേയും സംഘത്തേയും അതിനു മുമ്പ് അറസ്റ്റ് ചെയ്ത് മാനം കാക്കാനുള്ള പൊലിസ് ശ്രമമാണ് ഇപ്പോഴത്തെ തെരച്ചിലെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
അട്ടപ്പാടി വനമേഖലകളില്‍ മാവോയിസ്റ്റ് സംഘത്തിനു നേതൃത്വം നല്‍കിയിരുന്ന വനിതാനേതാവും മാവോയിസ്റ്റ് കമാന്റോയുമായ കന്യാകുമാരിയും രണ്ടു സഹപ്രവര്‍ത്തകരും കര്‍ണാടകയില്‍ നേരത്തെ കീഴടങ്ങിയിരുന്നു.
ഇതേ മാതൃകയില്‍ ഉപാധികളോടെ പൊലിസിനു മുന്നില്‍ കീഴടങ്ങാന്‍ മധ്യസ്ഥര്‍ മുഖേന സോമനും ആറോളം സഹപ്രവര്‍ത്തകരും തീരുമാനിച്ച സാഹചര്യത്തിലാണ് പൊലിസിന്റെ പുതിയ നീക്കം. ഇത് മാവോയിസ്റ്റുകളുടെ തീരുമാനത്തെ പുറകോട്ടു വലിക്കുമെന്ന ആശങ്ക പൊലിസിലെ തന്നെ ചിലര്‍ പ്രകടിപ്പിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."