ബീഫില്‍ തീരാത്ത വര്‍ഗീയത ജി.എസ്.ടിയിലും
ചരക്ക് സേവന നികുതി (ജി.എസ്.ടി) നടപ്പാക്കാന്‍ ഇനി കുറഞ്ഞദിവസങ്ങള്‍ മാത്രം. ജി.എസ്.ടിയില്‍ കേരളത്തിനടിച്ച ലോട്ടറികളെക്കുറിച്ചു മാധ്യമങ്ങള്‍ ആഘോഷിച്ചപ്പോള്‍ കാണാതെപോയതാണു പൂജാവസ്തുക്കളിലെ നികുതിയില്ലായ്മ.
എന്തേ ഫാസിസ്റ്റ് വിരുദ്ധ മുന്നണി സര്‍ക്കാരിന്റെ ധനമന്ത്രി ജി.എസ്.ടിയിലെ വര്‍ഗീയതയ്‌ക്കെതിരേ പ്രതികരിക്കാത്തത്. ബീഫ് ഫെസ്റ്റിലും മാഗസിനുകളിലും ഫാസിസ്റ്റ്‌വിരുദ്ധരാണെന്ന് ഊറ്റംകൊള്ളുന്ന ഇടതന്‍ വിദ്യാര്‍ഥിസംഘടനകളുടെ സര്‍ക്കാരിനു ഫാസിസ്റ്റ് വിരുദ്ധനയത്തില്‍ മയംവന്നിട്ടുണ്ട്. അതിനു തെളിവാണല്ലോ മെട്രോ ഉദ്ഘാടനപരിപാടിയിലെ വലിഞ്ഞുകേറിക്കാഴ്ചകള്‍.
കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട ജി.എസ്.ടിയില്‍ നികുതി ചുമത്തിയിരിക്കുന്ന വസ്തുക്കളില്‍ പൂജ്യം രൂപാ ലിസ്റ്റിലാണ് പൂജാവസ്തുക്കള്‍. പൂജയ്ക്ക് ഉപയോഗിക്കുന്ന രുദ്രാക്ഷം, തിരി, പൂണൂല്‍, തുളസിമാല, പഞ്ചഗവ്യം (പശുവിന്റെ മൂത്രം,ചാണകം,പാല്, തൈര്, നെയ്യ് ഇവ കൊണ്ടുണ്ടാക്കുന്നത് ), മരമെതിയടി, പഞ്ചാമൃതം,വിഭൂതി ഇവയ്‌ക്കൊന്നും ബി.ജെ.പി ഗവണ്മെന്‍് നികുതി ഏര്‍പ്പെടുത്തിയിട്ടില്ല.
അതേസമയം, അഗര്‍ബത്തി, കര്‍പ്പൂരം, കുന്തിരിക്കം എന്നിവയെ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഗര്‍ബത്തിക്കു പന്ത്രണ്ടു ശതമാനവും,കുന്തിരിക്കം കര്‍പ്പൂരം എന്നിവയ്ക്ക് അഞ്ചുശതമാനവുമാണു ജി.എസ്.ടി. അമ്പലങ്ങളില്‍ പൂജയ്ക്കു നിത്യേന ഉപയോഗിക്കുന്നതാണെങ്കിലും മുസ്‌ലിംകള്‍ ഉപയോഗിക്കുന്നുവെന്ന ഒറ്റക്കാരണത്താലാണ് അവയ്ക്കു നികുതി ചുമത്തിയത്. ഉത്തരേന്ത്യന്‍ മുസ്‌ലിംകള്‍ ദര്‍ഗകളിലും മരണച്ചടങ്ങുകളിലും ഉപയോഗിക്കുന്ന പ്രധാനവസ്തുക്കളാണിവ. കേരളത്തില്‍ ഇപ്പോള്‍ കുറവാണെങ്കിലും മിക്കചടങ്ങുകളിലും അഗര്‍ബത്തി ഉപയോഗിക്കുന്നുണ്ട്. മുസ്‌ലിം മരണച്ചടങ്ങുകളില്‍ ഒഴിവാക്കാനാകാത്തതാണു കര്‍പ്പൂരവും കുന്തിരിക്കവും.
പൂജാവസ്തുക്കളില്‍ നികുതി ഒഴിവാക്കണമെന്ന ശുപാര്‍ശവന്നത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥില്‍ നിന്നാണ്. തന്റെ സംസ്ഥാനത്തെ 21 ശതമാനം വരുന്ന ന്യൂനപക്ഷങ്ങളെയും 69 ശതമാനം വരുന്ന ദലിത് ഹിന്ദുക്കളെയും ഒഴിവാക്കിയാണു പത്തുശതമാനം വരുന്ന ബ്രാഹ്മണരെ യോഗി ആദിത്യനാഥ് പരിഗണിച്ചിരിക്കുന്നത്. മുസ്‌ലിംകള്‍ ഉപയോഗിക്കുന്നതിനാല്‍ അഗര്‍ബത്തി, കര്‍പ്പൂരം, കുന്തിരിക്കം എന്നിവ ഒഴിവാക്കണമെന്നും ശുപാര്‍ശയിലുണ്ട്.
യോഗി ആദിത്യനാഥ് ഭരണത്തിലേറുമ്പോള്‍തന്നെ മതേതര ഇന്ത്യ ആശങ്കയിലായിരുന്നു. ഇതിന് അടിവരയിടുംവിധത്തിലാണു യോഗിയുടെ ഓരോ തീരുമാനവും. ആശ്രമങ്ങളില്‍ മനുഷ്യനെ സംസ്‌കൃതചിത്തരാക്കാനുള്ള ദൗത്യം ഏറ്റെടുത്തവരായിരുന്നു പൂര്‍വകാല യോഗികളും സന്ന്യാസിമാരും. അവരെ നാണിപ്പിക്കുംവിധത്തിലാണു പല യോഗികളും ആശ്രമംവിട്ടു വര്‍ഗീയ പ്രതിനിധികളാകുന്നത്.
ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്യുന്നുണ്ട് എന്നതിനാലാണ് അഗര്‍ബത്തിയ്ക്കു നികുതി ചുമത്തിയതെന്നാണ് ജി.എസ്.ടി കൗണ്‍സിലിന്റെ ന്യായീകരണം, പക്ഷേ, വസ്തുത മറിച്ചാണ്. ലോകത്തിലെ അഗര്‍ബത്തി ഉല്‍പാദനത്തില്‍ മഹാഭൂരിപക്ഷവും ഇന്ത്യയിലാണ്. വലിയ ഫാക്ടറികളേക്കാള്‍ ചെറുകിട ഉല്‍പ്പാദനകേന്ദ്രങ്ങളാണു കൂടുതല്‍. അഗര്‍ബത്തിക്കായുള്ള അസംസ്‌കൃതവസ്തുക്കളുടെ നിര്‍മാണം നടക്കുന്നത് ഉള്‍ഗ്രാമങ്ങളിലാണ്.
വര്‍ഗീയതാല്‍പര്യം സംരക്ഷിക്കുമ്പോള്‍ രാജ്യത്തിലെ പാവപ്പെട്ടവന്റെ സാമ്പത്തിക നട്ടെല്ലാണു കേന്ദ്രസര്‍ക്കാര്‍ തകര്‍ത്തുകൊണ്ടിരിക്കുന്നത്. മുക്കിലും മൂലയിലും വര്‍ഗീയത കണ്ടെത്താനും നടപ്പാക്കാനും സര്‍ക്കാരുകള്‍ മത്സരിക്കുമ്പോള്‍ രാജ്യം അനുദിനം പിറകോട്ടു പോവുകയാണു ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."