നിങ്ങളിവിടം 'ഗാസ'ര്‍കോടാക്കും
ഗാസ സ്ട്രീറ്റ്.., ഭാവി മുന്‍കൂട്ടി കണ്ടാവണം കാസര്‍കോട് തുരുത്തിക്കാര്‍ ആ റോഡിന് ഇങ്ങനൊരു പേരിട്ടത്. ഗാസയെപ്പോലെ ഒരു പ്രതിരോധമുനമ്പാണ് കാസര്‍കോട് ഇന്ന്. വൈകാതെ അതു പൂര്‍ണാവസ്ഥയിലെത്തുമെന്ന് ഈ ഉത്തരദേശത്തെ സംഭവങ്ങള്‍ നോക്കിക്കണ്ടാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ. കേരളത്തിനൊട്ടും വേണ്ടാത്ത, എന്നാല്‍ കര്‍ണാടകയ്ക്കു വിട്ടുകൊടുക്കാത്ത ജില്ലയില്‍ കഴിയുന്നവര്‍ക്കു പ്രതിരോധവലയം തീര്‍ക്കാനല്ലാതെ എന്തുചെയ്യാനാവും.
അതേ, അറിഞ്ഞിട്ടതാണ് ആ പേര് എന്നുപോലും വേണമെങ്കില്‍ പറയാം. എന്‍ഡോസള്‍ഫാന്‍ വിഷമഴ പെയ്യിച്ചപ്പോള്‍ കാസര്‍കോട്ടുകാരില്‍ ഉയര്‍ന്നുവന്ന പ്രതിരോധകാവ്യങ്ങളുടെ ഇടയില്‍ ഞെരുങ്ങാതെ നിന്നൊരു പേരായിരിക്കുമിത്. ആര്‍ക്കും വേണ്ടാത്ത ഉദ്യോഗസ്ഥരെ സ്ഥലംമാറ്റാന്‍ മാത്രമുള്ള നാടായി കാസര്‍കോടിനെ അധികാരവര്‍ഗം കണ്ടുതുടങ്ങിയ നാളില്‍ ഉയര്‍ന്നുവന്ന പ്രതിരോധമുദ്രാവാക്യമായിരിക്കുമത്. കണ്ണൂര്‍ വരെ മാത്രം എത്തി വികസനം നിലച്ചുപോകുന്ന എക്‌സ്പ്രസ്‌വേകളും റെയില്‍വേകളും കാണുമ്പോള്‍ കുറച്ചൊരു കലിപ്പോടെ ഇട്ടതായിരിക്കാം.
വിഷമഴയില്‍ കശുമാങ്ങപോലുള്ള ജീവനുകള്‍ പൊന്തിവരുമ്പോഴൊന്നും കാണാത്ത ദേശീയശ്രദ്ധ വെറും രണ്ടരയടി ബോര്‍ഡിന്റെ പേരില്‍ ഉണ്ടായതില്‍ കാസര്‍കോട്ടുകാര്‍ക്ക് അത്ഭുതമില്ല. അല്ലെങ്കിലും കാസര്‍കോട്ടുനിന്നു മാധ്യമങ്ങള്‍ക്കു വേണ്ടത്, ഇത്തിരി വര്‍ഗീയത ചേര്‍ത്തു പൊലിപ്പിച്ചതും തീവ്രവാദത്തിന്റെ രുചിയൂറുന്നതുമായ വിഭവങ്ങളാണല്ലോ.
അല്ലെങ്കില്‍, ഗാസ സ്ട്രീറ്റെന്ന ബോര്‍ഡും പടന്നയിലെ ഐ.എസ് റിക്രൂട്ട്‌മെന്റും തമ്മില്‍ ബന്ധിപ്പിക്കാന്‍മാത്രം എന്താലോചനയാണു നടന്നത്. കാസര്‍കോടിന്റെ രണ്ടറ്റത്തുള്ള പ്രദേശങ്ങളെ എത്ര എളുപ്പത്തിലാണ് ഏറ്റവും അടുത്തായി ചിത്രീകരിച്ചത്. പിന്നെ, ഐ.ബിയുടെ നിരീക്ഷണമായി, എന്‍.ഐ.എയുടെ അന്വേഷണമായി.
ആര്‍ക്കുമൊരു പരാതിയും പരിഭവവുമില്ലാതെ കഴിഞ്ഞുകൂടിയ കാസര്‍കോട് നഗരത്തോടുരുമ്മി നില്‍ക്കുന്ന തുരുത്തി. കുറച്ചു 'പച്ച'യാണ് ആ പ്രദേശം. മുസ്‌ലിംകള്‍ അധികം താമസിക്കുന്ന നാട്. അതുതന്നെയായിരിക്കാം ദേശസ്‌നേഹത്തിന്റെ പുതിയ നിര്‍വചനങ്ങള്‍ രചിക്കുന്ന ദേശീയമാധ്യമത്തിന് അങ്ങനൊരു വാര്‍ത്തചെയ്യാന്‍ പ്രേരണയായത്.
എന്നാല്‍, മലയാളത്തിന്റെ ചില ലിബറല്‍വാദ മാധ്യമങ്ങള്‍ക്ക് എന്തിന്റെ കേടായിരുന്നുവെന്നു മനസ്സിലാവുന്നില്ല. ഇംഗ്ലീഷില്‍ ചെയ്ത വാര്‍ത്ത അതേപോലെ തര്‍ജമ ചെയ്തു കൊടുക്കാനാണെങ്കില്‍ ഉത്തരേന്ത്യയില്‍നിന്നുള്ള നിരവധി ദേശസ്‌നേഹവാര്‍ത്തകള്‍ അതേ പത്രത്തിന്റെ മറ്റു പേജുകളില്‍നിന്നു കിട്ടുമായിരുന്നു. കേവലം, പടന്നയും തുരുത്തിയും തമ്മിലുള്ള ദൂരമെങ്കിലും സ്വന്തമായി ഗൂഗിള്‍ ചെയ്തു നോക്കാമായിരുന്നില്ലേ.
കാസര്‍കോട് അശാന്തി വിതയ്ക്കാന്‍ നിതാന്തപരിശ്രമം നടത്തിക്കൊണ്ടിരിക്കുന്ന ഹിന്ദുത്വ ഭീകരസംഘടനകള്‍ക്കെതിരേയോ അവരുടെ കര്‍ണാടക ഏജന്റുമാര്‍ക്കെതിരേയോ ഒരു ലോക്കല്‍ വാര്‍ത്തപോലും നല്‍കാന്‍ തയ്യാറാവാത്ത മാധ്യമങ്ങളാണ് ഇപ്പോള്‍ ഗാസ സ്ട്രീറ്റിന്റെ പിറകേ പോവുന്നത്. പള്ളിയില്‍ കയറി ഉസ്താദിനെ കഴുത്തറുത്തു കൊന്നിട്ടും ഞെട്ടാത്ത രാജ്യസ്‌നേഹികളായ മാധ്യമപ്രവര്‍ത്തകരാണു റോഡിന്റെ പേരിനു പിന്നിലെ തീവ്രവാദബന്ധം അന്വേഷിക്കാനിറങ്ങിയിരിക്കുന്നത്.
കാസര്‍കോട്ടെ ബി.ജെ.പി നേതൃത്വം പറഞ്ഞ വാക്കുകള്‍പോലും ഐ.ബിയുടെ വാക്കുകളാക്കി വാര്‍ത്തയുണ്ടാക്കുന്നവരായി ഇവരെ മാറ്റിയെന്താണാവോ. രാജ്യസ്‌നേഹവാര്‍ത്തകള്‍ക്കു ദേശീയതലത്തില്‍ കിട്ടുന്ന സ്വീകാര്യതതന്നെയായിരിക്കാനാണു സാധ്യത. പക്ഷേ, കാസര്‍കോട്ടെ അടുപ്പില്‍ വേവിക്കാന്‍ വേറെ പരിപ്പു വേണ്ടിവരും. പള്ളിയില്‍ കയറി ഉസ്താദിനെ കൊന്നപ്പോഴും സാമാധാനംപാലിച്ചു സംഘികളുടെ പദ്ധതി തെറ്റിച്ചവരുടെ മുമ്പിലാണ് ഇമ്മാതിരി പരിപാടികളുമായി മാധ്യമസംഘികള്‍ വരുന്നത്.
വര്‍ഗീയസംഘര്‍ഷങ്ങളെക്കൊണ്ട് എന്നും നേരത്തെ ഉറങ്ങുന്ന കാസര്‍കോടിനെ നിത്യമായി ഉറക്കാനാണു മാധ്യമസംഘികളെ കൂട്ടുപിടിച്ചു ഹിന്ദുത്വ വര്‍ഗീയശക്തികളുടെ ശ്രമമെങ്കില്‍ പ്രതിരോധം തീര്‍ക്കാനല്ലാതെ കാസര്‍കോടിന് എന്തു ചെയ്യാനാവും. തുണിക്കടയില്‍ പണിയെടുക്കുന്ന, ചായ വിറ്റുനടക്കുന്ന, ബൈക്കില്‍ പോകുന്ന പയ്യന്മാരുടെ പള്ളയില്‍ കത്തികയറിയെന്ന വാര്‍ത്തകള്‍ ഇടയ്ക്കിടെ കേള്‍ക്കേണ്ടിവരുമ്പോള്‍ അങ്ങനെയങ്ങ് അടങ്ങിനില്‍ക്കാനാവുമെന്നു കരുതുന്നുണ്ടോ. അതിനുമാത്രം മനുഷ്യത്വത്തിന്റെ കണിക കാസര്‍കോട്ടുകാരില്‍നിന്ന് ഇല്ലാതായിട്ടില്ല.
അപ്പോള്‍ സയണിസ്റ്റ് ഭീകരതയ്ക്കു മുന്നില്‍ പ്രതിരോധത്തിന്റെ കോട്ട തീര്‍ത്ത ഗാസയെ കാസര്‍കോട്ടുകാര്‍ക്കു പുണരേണ്ടിവരും. സയണിസ്റ്റുകള്‍ക്കു പകരം സംഘികളുടെ തേര്‍വാഴ്ച കൂടുന്തോറും അതൊന്നും കണ്ടില്ലെന്നു കണ്ണടച്ചു പറയുന്ന അധികാരി ശബ്ദം ഉയരുന്തോറും പ്രതിരോധത്തിന്റെ ശക്തിയും കൂടിക്കൂടി വരും. ഒരുപക്ഷേ, നിങ്ങള്‍ക്കെല്ലാവര്‍ക്കും കൂടി ഈ ബോര്‍ഡ് എടുത്തുമാറ്റാനായേക്കാം. പക്ഷേ, പ്രതിരോധത്തിന്റെ പുതിയ 'ഗാസര്‍കോടന്‍' ശബ്ദം പൊന്തിവരുന്നതു തടയാനാവില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."