കൊലപാതക രാഷ്ട്രീയവും രാഷ്ട്രീയപ്പാര്‍ട്ടികളും
കണ്ണൂരില്‍ പ്രത്യേക പട്ടാളനിയമമായ 'അഫ്‌സ്പ' നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടണമെന്ന ബി.ജെ.പി നേതാക്കളുടെ അപേക്ഷ കേരള ഗവര്‍ണര്‍ കൈകാര്യംചെയ്ത രീതിയോടുള്ള എതിര്‍പ്പ് ആ പാര്‍ട്ടിയുടെ ചില നേതാക്കള്‍ പ്രകടിപ്പിച്ചതു മാന്യതയുടെയും ഭരണഘടനാപദവികളോടു പൗരസമൂഹത്തിനുണ്ടായിരിക്കേണ്ട ആദരവിന്റെയും രീതികള്‍ക്കെതിരായിരുന്നു. ഫെഡറല്‍ സംവിധാനവും ഭരണഘടനാപരമായ ചുമതലകളുടെയും ദൗത്യങ്ങളുടെയും കാര്യത്തിലുള്ള വ്യക്തമായ അവബോധവും നിലനില്‍ക്കുന്നുവെന്നു പൊതുവായി വിശ്വസിക്കപ്പെടുന്ന ഇന്ത്യയില്‍ ഇതിനു മുന്‍പൊരിക്കലും ഗവര്‍ണറെ ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്കാരും ഇത്തരത്തില്‍ അപമാനിച്ചിട്ടില്ല.
കൊലപാതകത്തെക്കുറിച്ച് ബി.ജെ.പി നേതാക്കള്‍ നല്‍കിയ പരാതി മുഖ്യമന്ത്രിക്കു കൈമാറുകയാണു ഗവര്‍ണര്‍ ചെയ്തത്. തങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ണൂരില്‍ പട്ടാളനിയമം നടപ്പാക്കാന്‍ കേന്ദ്രത്തോടു ഗവര്‍ണര്‍ ആവശ്യപ്പെടണമെന്നായിരുന്നു ബി.ജെ.പിക്കാരുടെ ആവശ്യം. ഈ അഭിലാഷം നടക്കില്ലെന്നു കണ്ടപ്പോഴാണു ബി.ജെ.പിക്കാര്‍ ഗവര്‍ണറെ മോദിസര്‍ക്കാരിന്റെ വീട്ടുവേലക്കാരനെന്നപോലെ അധിക്ഷേപിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടത്.
കേന്ദ്രഭരണത്തിലിരിക്കുന്ന പാര്‍ട്ടിയുടെ കേരളത്തിലെ നേതാക്കള്‍ക്ക് ഇവിടത്തെ ഇടതുപക്ഷ സര്‍ക്കാരിനെ പിരിച്ചുവിട്ടു രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തണം, കണ്ണൂരില്‍ പട്ടാളനിയമം നടപ്പാക്കണം എന്നൊക്കെ ആഗ്രഹിക്കുകയും പറയുകയും ആവശ്യപ്പെടുകയും ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷേ, ഭരണഘടനാചുമതല വഹിക്കുന്ന ഗവര്‍ണര്‍ക്ക് എടുത്തുചാടി അങ്ങനെ നിര്‍ദേശിക്കാന്‍ കഴിയില്ല. അതിന് ആഗ്രഹിച്ചാല്‍തന്നെ പലവട്ടം ചിന്തിക്കേണ്ടിവരും.
ഗവര്‍ണര്‍ പദവി ഔചിത്യബോധത്തോടെ വിനിയോഗിക്കേണ്ടതാണെന്ന സത്യം ബി.ജെ.പിക്കാര്‍ ഓര്‍ത്തില്ല. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം കേരളത്തില്‍ നടന്ന രാഷ്ട്രീയകൊലപാതകങ്ങളില്‍ കൊല്ലപ്പെട്ടത് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ മാത്രമാണെന്നു തോന്നും ബി.ജെ.പിക്കാരുടെ വാദം കേട്ടാല്‍. സി.പി.എം പ്രവര്‍ത്തകരും അല്ലാത്തവരുമൊക്കെ കൊല്ലപ്പെട്ടിട്ടുണ്ടെന്ന കാര്യം കേരളീയര്‍ക്കറിയാം. പതിനെട്ട് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായാണ് അവരുടെ കണക്ക്. സി.പി.എമ്മുകാരുടെ കണക്കില്‍ രണ്ടു കുറവുണ്ട്. പതിനാറു പേരാണ് കൊല്ലപ്പെട്ട അവരുടെ പ്രവര്‍ത്തകര്‍.
രണ്ടിന്റെ കുറവ് അധികം വൈകാതെ ആര്‍.എസ്.എസുകാര്‍ നികത്തുമെന്നു മുന്‍ അനുഭവങ്ങളുടെ വെളിച്ചത്തില്‍ കേരളീയര്‍ക്കറിയാം. 'കൊലക്ക് കൊല' എന്ന രീതിയില്‍ കണ്ണൂരിലും കേരളത്തിലെവിടെയും മനുഷ്യരെ നിഷ്‌കരുണം വെട്ടിയും കുത്തിയും ചേനത്തണ്ടരിയുംപോലെ അരിഞ്ഞും കൊല്ലുന്ന കാട്ടാളത്തം ആരംഭിച്ചിട്ടു പതിറ്റാണ്ടുകള്‍ പിന്നിട്ടുകഴിഞ്ഞു. ഇന്നോ ഇന്നലെയോ തുടങ്ങിയ പ്രശ്‌നമല്ല കേരളത്തിലെ രാഷ്ട്രീയകൊലപാതകങ്ങള്‍. എന്നാല്‍, കേന്ദ്രത്തില്‍ ഉറച്ച ബി.ജെ.പി ഭരണമില്ലാതിരുന്നതിനാല്‍ സംഘ്പരിവാറിന് ഇന്നത്തെയത്ര ഉശിരും ആവേശവും ഉണ്ടായിരുന്നില്ല.
ഇന്നു 'കേന്ദ്രം ഞങ്ങളാണു ഭരിക്കുന്നത്, ഞങ്ങളോടു കളിച്ചാല്‍ കേരളത്തിലുള്ളവരെ മുഴുവന്‍ പാഠംപഠിപ്പിക്കും' എന്ന വിധത്തിലേയ്ക്ക് അഹന്ത വളര്‍ന്നിരിക്കുന്നു. എന്തെങ്കിലും കാരണങ്ങളുന്നയിച്ചു പിണറായി സര്‍ക്കാരിനെ താഴെയിറക്കണമെന്ന കലശലായ ആഗ്രഹം കേരളത്തിലെ ബി.ജെ.പിക്കാര്‍ക്കുണ്ട്. തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന ഗവണ്‍മെന്റിനെതിരേ ഇപ്പോള്‍ പിരിച്ചുവിട്ടുകളയുമെന്ന മട്ടില്‍ ശബ്ദമുയര്‍ത്തുന്നത് ഒരു ദേശീയപ്പാര്‍ട്ടിയുടെ വക്താക്കള്‍ക്കു യോജിച്ചതാണോയെന്നു ചിന്തിക്കാന്‍ ബി.ജെ.പിക്കാര്‍ തയാറാകുന്നില്ല. ജനങ്ങള്‍ക്കു മുന്നില്‍ പാര്‍ട്ടിയുടെ മേല്‍വിലാസം ചീന്തപ്പെടുന്നത് അവര്‍ കാണുന്നുമില്ല.
കേരളത്തിലെ രാഷ്ട്രീയകൊലപാതകങ്ങളെക്കുറിച്ചു കേന്ദ്രത്തിന്റെ വിലയിരുത്തലുകളില്‍ ഇടതുസര്‍ക്കാര്‍ വിരുദ്ധമായ ഘടകങ്ങള്‍ തീര്‍ച്ചയായും ഉണ്ടായിരിക്കണമെന്നതു രാഷ്ട്രീയാവശ്യമാണ്. എന്നാല്‍, നിഷ്പക്ഷമായി വിലയിരുത്തുമ്പോള്‍ ബി.ജെ.പി, ആര്‍.എസ്.എസ് പ്രസ്ഥാനങ്ങള്‍ നിരപരാധികളാണെന്ന് ആര്‍ക്കും പറയാനാവില്ല. കൈക്കരുത്തിന്റെയും ആയുധമൂര്‍ച്ചയുടെയും രാഷ്ട്രീയം കൈയാളുന്നതില്‍ ആര്‍.എസ്.എസ് സി.പി.എമ്മിനോടു മത്സരിക്കുന്ന അനുഭവമാണു കേരളത്തിലിന്നേവരെ ഉണ്ടായിട്ടുള്ളത്. അതുകൊണ്ടുതന്നെ സംഘ്പരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ മാടപ്രാവു ചമയാനാവില്ല.
ആരാണു തുടക്കം കുറിക്കുന്നതെന്നുപോലും വ്യക്തമായി തിരിച്ചറിയാനാകാത്തവിധം കേരളത്തിലെ കൊലപാതകരാഷ്ട്രീയത്തില്‍ ആര്‍.എസ്.എസ്, സി.പി.എം വ്യഗ്രത കൂടിക്കലര്‍ന്നു കിടക്കുകയാണ്. തുടര്‍പരമ്പരപോലെ സ്ഥിരപ്പെട്ടുകഴിഞ്ഞതാണ് ഈ കൊലപാതകങ്ങള്‍. ഇപ്പോള്‍ കേരളത്തിലെ സാധാരണമനുഷ്യരെ സംബന്ധിച്ചു കണ്ണൂരിലെയും പുറത്തെയും ആര്‍.എസ്.എസ്, സി.പി.എം കൊലപാതകങ്ങള്‍ നീണ്ടുപോകുമെന്ന ചിന്തയാണുള്ളത്. ഇരുഭാഗത്തുനിന്നും ആരും കൊലയവസാനിപ്പിച്ച് അടങ്ങിയിരിക്കില്ല. ഒരു ആര്‍.എസ്.എസുകാരനെ സി.പി.എമ്മുകാര്‍ കൊലക്കത്തിക്കിരയാക്കിയാല്‍ പകരം ഒരു സി.പി.എമ്മുകാരനെയും അതിലേറെ മൃഗീയമായി കൊല്ലാതിരിക്കുകയെന്നത് ആര്‍.എസ്.എസുകാരെ സംബന്ധിച്ച് അചിന്ത്യമാണ്.
കൊലക്കത്തി താഴെയിട്ടു സമാധാനത്തിന് ആത്മാര്‍ഥതയോടെ മുന്നിട്ടിറങ്ങാന്‍ സ്വമേധയാ തയാറാകാത്ത കാലത്തോളം കേരളത്തിലെ രാഷ്ട്രീയകൊലപാതകങ്ങളുടെ കാര്യത്തില്‍ ആര്‍ക്കും നിഷ്‌കളങ്കരാകാനാവില്ല, നടിക്കാനേ പറ്റൂ. അത്തരം നാട്യങ്ങള്‍ കേരളത്തിലെ പൊതുസമൂഹം അംഗീകരിക്കില്ല. ആര്‍.എസ്.എസുകാര്‍ ഇന്ന് അണിയുന്നത് അത്തരമൊരു വ്യാജനിഷ്‌കളങ്കതയാണ്.
എല്‍.ഡി.എഫ് അധികാരത്തിലെത്തിയ ശേഷം ആരംഭിച്ച രാഷ്ട്രീയകൊലപാതകപരമ്പരയ്ക്കു തുടക്കംകുറിച്ചത് ഇതേ ആര്‍.എസ്.എസ്സാണല്ലോ. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പു വിജയം ആഘോഷിക്കുകയായിരുന്ന സി.പി.എം അനുഭാവിയെ കൊലപ്പെടുത്തിക്കൊണ്ടാണു തുടങ്ങിയത്. പിണറായി സര്‍ക്കാരിനെ സ്വസ്ഥമായി ഭരിക്കാന്‍ അനുവദിക്കില്ലെന്ന മുന്നറിയിപ്പ് അതിലുണ്ടായിരുന്നു. ബോധപൂര്‍വം ക്രമസമാധാനപ്രശ്‌നം സൃഷ്ടിച്ചു ഭരണകൂടത്തെ ദുര്‍ബലമാക്കാനുള്ള സംഘകൗടില്യം പ്രതിഫലിച്ച ആ കൊലയില്‍ ആര്‍.എസ്.എസിന്റെ ധാര്‍ഷ്ട്യവും മുന്നിട്ടു കാണാം.
'മുഖ്യമന്ത്രിയുടെ സ്വന്തംനാട്ടില്‍ തന്നെ ഞങ്ങള്‍ സി.പി.എമ്മുകാരെ കൊന്നുതള്ളുമെ'ന്നു വരുത്തിത്തീര്‍ക്കാനുള്ള ഔത്സുക്യം കൊലയ്ക്കായി ആ സ്ഥലം തിരഞ്ഞെടുത്തതിലുണ്ട്. പിണറായി വിജയന്‍ എന്ന സിപി.എം നേതാവിനെ ടാര്‍ഗറ്റ് ചെയ്യുന്ന ഒരുവശവും അതിലുണ്ട്. ഇത്തരത്തില്‍ പല അര്‍ഥതലങ്ങളുള്ള കൊലപാതകത്തിലൂടെ ആര്‍.എസ്.എസ് തന്നെയാണ് ഒരു വര്‍ഷത്തിനിടയില്‍ നടന്ന കൊലപാതക പരമ്പരകള്‍ക്കു തുടക്കമിട്ടത്.
കേന്ദ്രഭരണത്തിന്റെ ഹുങ്കും അഹന്തയുമാണു സംഘ്പരിവാറിനെങ്കില്‍ ഒട്ടും കുറയാത്തവിധം കേരളഭരണത്തിന്റെ തിമര്‍പ്പ് സി.പി.എമ്മുകാര്‍ക്കുമുണ്ട്. ആര്‍.എസ്.എസുകാര്‍ തുടങ്ങിവച്ചതിന്റെ തിരിച്ചടിയും അതിന്റെ പകരംവീട്ടലും തന്നെയാണു പിന്നീടുണ്ടായത്. ഇതിനിടയില്‍ സി.പി.എമ്മുകാര്‍ നാദാപുരത്തു ലീഗ് പ്രവര്‍ത്തകനെയും ആര്‍.എസ്.എസുകാര്‍ പല സ്ഥലങ്ങളിലും മുസ്‌ലിംകളെയും കൊന്ന അനുഭവങ്ങളുണ്ടായി.
കൊടിഞ്ഞിയിലെ ഫൈസലിനെയും, കാസര്‍കോട്ടെ റിയാസ് മുസ്‌ലിയാരെയും ആര്‍.എസ്.എസുകാര്‍ കൊലപ്പെടുത്തിയതും രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഉള്‍പ്പെടുത്താവുന്നതാണ്. കാരണം, അതില്‍ സംഘ്പരിവാറിന്റെ രാഷ്ട്രീയം അടങ്ങിയിട്ടുണ്ട്.
മുഖ്യമന്ത്രി കൂടി പങ്കെടുത്ത കണ്ണൂരിലെ സമാധാനയോഗത്തിനുശേഷം ആദ്യം നടന്ന കൊലപാതകമെന്നതാണു കണ്ണൂര്‍ രാമന്തളിയിലെ ആര്‍.എസ്.എസുകാരന്റെ കൊലപാതകത്തിനുള്ള സവിശേഷത. മുഖ്യമന്ത്രിയും സി.പി.എം നേതാക്കളും പാര്‍ട്ടി അധിഷ്ഠിതമോ അല്ലാത്തതോ ആയ കൊലപാതകങ്ങളെ അനുകൂലിക്കുന്നവരല്ല. എന്നാല്‍, അണികളുടെ മനഃശാസ്ത്രം മറ്റൊരു വിധത്തില്‍ ഇതിനകം രൂപപ്പെട്ടുകഴിഞ്ഞതാണ്.
നേതൃത്വത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെ രാഷ്ട്രീയകൊലപാതകങ്ങള്‍ നടക്കാനുള്ള സാധ്യത കണ്ണൂരിനെ സംബന്ധിച്ച് ഇരുചേരിയിലും നിലനില്‍ക്കുന്നുണ്ട്. ഏതെങ്കിലുമൊരു പ്രദേശത്തെ ആര്‍.എസ്.എസുകാരോ സി.പി.എമ്മുകാരോ സംഘംചേര്‍ന്ന് എതിര്‍പാര്‍ട്ടിക്കാരനെ കൊല്ലുകയും സംഭവം നടന്നശേഷം മാത്രം നേതാക്കള്‍ അറിയാനിടവരികയും ചെയ്യുന്ന സാഹചര്യം നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കേരളത്തില്‍ അടുത്തകാലത്തായി പല രാഷ്ട്രീയ കൊലപാതകങ്ങളുടെയും അണിയറ വിവരങ്ങള്‍ കൂടുതലായി പുറത്തുവരേണ്ടത് ആവശ്യമാണ്. അണികള്‍ ആവേശവും പ്രതികാരവും മൂത്തു ചെയ്യുന്ന കടുംകൃത്യങ്ങളെ പാര്‍ട്ടിക്കും നേതൃത്വത്തിനും നിര്‍ബന്ധപൂര്‍വം ഏറ്റെടുക്കേണ്ടിവരുന്ന നിസ്സഹായതയും ഇരുപക്ഷത്തെയും പിടികൂടുന്നില്ലേയെന്നും സംശയിക്കേണ്ടതുണ്ട്.
സ്വന്തംപ്രവര്‍ത്തകര്‍ കൊല്ലപ്പെടുമ്പോള്‍ കൊലപാതകരാഷ്ട്രീയത്തിനെതിരായി ശബ്ദിക്കുകയും പിന്നീട് ആ കണക്കുതീര്‍ക്കാന്‍ കൊല ആസൂത്രണം ചെയ്യുകയും അണികളെ ബലിയാടുകളാക്കുകയും ചെയ്യുന്ന നേതാക്കള്‍ സ്വന്തം പാര്‍ട്ടിയെയും അണികളെയും മാത്രമല്ല പൊതുസമൂഹത്തെ മൊത്തത്തില്‍ വഞ്ചിക്കുകയാണ്.
സമാധാനം വീണ്ടെടുക്കുകയെന്ന മഹത്തായ ലക്ഷ്യം മുന്‍നിര്‍ത്തി സ്വന്തം പാര്‍ട്ടിപ്രവര്‍ത്തകരുടെ കൊലയ്ക്കു പകരംവീട്ടുന്നതില്‍നിന്നു പിന്‍വാങ്ങിനില്‍ക്കുകയും പകരത്തിനുപകരമെന്ന പതിവു മറക്കുകയും ചെയ്യാന്‍ ഏതു ചേരിയാണോ സന്മനസ്സു കാണിക്കുന്നത് അവരെയാണ് ആത്മാര്‍ഥമായി സമാധാനം ആഗ്രഹിക്കുന്നവരായി കണക്കാക്കേണ്ടത്. വിട്ടുവീഴ്ചയില്‍ അധിഷ്ഠിതമായ പിന്മാറ്റവും വിശാലതയുമില്ലാതെ സമാധാനത്തെക്കുറിച്ചു വിലപിക്കുന്നതില്‍ അര്‍ഥമില്ല.
ഇന്നുവരെയുള്ള അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ കേരളീയപൊതുസമൂഹം വ്യക്തമായി മനസ്സിലാക്കിയ പരമാര്‍ഥമാണ് സമാധാനചര്‍ച്ചകളില്‍ പങ്കെടുക്കുന്ന കൊല്ലപ്പെട്ടവന്റെയും കൊന്നവരുടെയും പാര്‍ട്ടിക്കാര്‍ ആത്മാര്‍ഥമായി സമാധാനം ആഗ്രഹിക്കുന്നവരല്ല എന്നത്. എന്നാല്‍, തങ്ങള്‍ ഇങ്ങനെ കൊന്നും കൊലവിളിച്ചും മുന്നോട്ടുപോകുമ്പോള്‍ പൊതുസമൂഹത്തിന്റെ ശാന്തിയും സമാധാനവും നഷ്ടപ്പെടുന്നുണ്ടെന്ന് രാഷ്ട്രീയക്കാര്‍ തിരിച്ചറിയണം. സമാധാനത്തോടെ ജീവിക്കാനുള്ള ജനങ്ങളുടെ അവകാശത്തിനു നേര്‍ക്കുള്ള വെല്ലുവിളിയാണ് ഓരോ കൊലപാതകവും.
രാഷ്ട്രീയപ്പാര്‍ട്ടികളെയും ജനങ്ങളെയും തമ്മിലകറ്റുന്ന ചില പ്രശ്‌നങ്ങള്‍ ഓരോ കൊലപാതകത്തിലുമുണ്ട്. പൊതുസമൂഹം കൊലക്കത്തിരാഷ്ട്രീയത്തെ പിന്തുണയ്ക്കില്ല. ആര്‍.എസ്.എസിനു കേരളത്തില്‍ വളര്‍ച്ചയില്ലാതാക്കിയതിലെ പ്രധാനഘടകം ആ പ്രസ്ഥാനത്തെക്കുറിച്ചു ജനങ്ങള്‍ക്കുള്ള ഭയമായിരുന്നു.
ശക്തമായ ജനകീയാടിത്തറയും വളര്‍ച്ചയും കേരളത്തിലുണ്ടായിരുന്ന സി.പി.എം നാനാഭാഗത്തുനിന്നും വളഞ്ഞിട്ട് ആക്രമിക്കപ്പെടുന്ന അവസ്ഥയിലേയ്ക്ക് എത്തിയതിനു കാരണവും കൊലപാതകരാഷ്ട്രീയമാണ്. ഒരു പാര്‍ട്ടിക്കും ഗുണം ചെയ്യുന്ന പ്രവണതയല്ല അരുംകൊലകളിലൂടെയുള്ള മേല്‍ക്കോയ്മാനീക്കങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."