കാട്ടുമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നു; ആളില്ലാതെ ആര്‍.ആര്‍.ടി
ബോവിക്കാനം: മലയോര മേഖലയില്‍ കാട്ടുമൃഗങ്ങള്‍ നാട്ടിലിറങ്ങി കര്‍ഷകരുടെ ഉറക്കം കെടുത്തുമ്പോഴും പുതുതായി അനുവദിച്ച ആര്‍.ആര്‍.ടി(ദ്രുതപ്രതികരണ സേന) ആളില്ലാ സേനയായി മാറുന്നു. കാസര്‍കോട് റേഞ്ച് ഓഫിസിനു കീഴിലെ ബോവിക്കാനം ആസ്ഥാനമായി ആര്‍.ആര്‍.ടി രൂപീകരിച്ച് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസര്‍ എം. രാജീവന്‍ പത്തുദിവസം മുന്‍പാണ് ഉത്തരവിറക്കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് റേഞ്ചിലെ എം.പി രാജു, കാഞ്ഞങ്ങാട് റേഞ്ചിലെ കെ.എ ബാബു, പെരുവണ്ണാമൂഴിയില്‍നിന്നു സ്ഥലംമാറിവന്ന കെ.എം രമേശന്‍ എന്നിവര്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍മാരായി ചാര്‍ജെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ മൂന്നുപേരല്ലാതെ സേനയ്ക്ക് ആവശ്യമായ മറ്റ് അംഗങ്ങളെ കൂടി നിയമിച്ച് പ്രവര്‍ത്തനം കാര്യക്ഷമമാക്കാനുള്ള നടപടി ഇതുവരെയായും നടപ്പായിട്ടില്ല.
നിലവില്‍ ബോവിക്കാനം ഇരിയണ്ണി റോഡരികിലുള്ള വനംവകുപ്പിന്റെ രണ്ടു ക്വാര്‍ട്ടേഴ്‌സുകളില്‍ ഒരെണ്ണമാണ് ആര്‍.ആര്‍.ടിക്കു വേണ്ടി അനുവദിച്ചിട്ടുള്ളത്. സേന വിപുലീകരിച്ചാല്‍ ഇവിടെ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കേണ്ടിവരും.
കാസര്‍കോട് ഡിവിഷനിലും ദ്രുതപ്രതികരണ സേനയെ നിയോഗിക്കണമെന്ന് 2015 മാര്‍ച്ചില്‍ കണ്ണൂര്‍ വടക്കന്‍ മേഖലാ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും ഈ ഉത്തരവ് നടപ്പാക്കിയിരുന്നില്ല. സേനയ്ക്കുവേണ്ടി പ്രത്യേക വാഹനം നേരത്തെ അനുവദിച്ചിരുന്നുവെങ്കിലും കാഞ്ഞങ്ങാട്ടെയും കള്ളാറിലെയും ഓഫിസുകളിലായിരുന്നു.
മലയോര മേഖലയിലെ വനാതിര്‍ത്തി പ്രദേശങ്ങളില്‍ കാട്ടാന, കാട്ടുപന്നി, കാട്ടുപോത്ത്, കുരങ്ങ് തുടങ്ങിയവയുടെ ശല്യം രൂക്ഷമാണ്. ഏതാനും വര്‍ഷങ്ങളായി ദേലംപാടി,കാറഡുക്ക, മുളിയാര്‍, കുറ്റിക്കോല്‍ പഞ്ചായത്തുകളുടെ വിവിധ പ്രദേശങ്ങളില്‍ കോടിക്കണക്കിനുരൂപയുടെ കാര്‍ഷികവിളകളാണ് ഇവ നശിപ്പിച്ചത്.
കൃഷി ചെയ്യണമെങ്കില്‍ തോട്ടങ്ങള്‍ക്കു ചുറ്റും മതിലോ തകരമോ വലയോ ഉപയോഗിച്ച് വേലി കെട്ടേണ്ട അവസ്ഥയിലാണ് കര്‍ഷകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."