പ്ലസ്‌വണ്‍ പ്രവേശനം സീറ്റ് ലഭിച്ചിട്ടും ചേരാതെ 27,699 വിദ്യാര്‍ഥികള്‍
മലപ്പുറം: പ്ലസ് വണ്‍ പ്രവേശനത്തിന് സീറ്റ് ലഭിച്ചിട്ടും സംസ്ഥാനത്തെ 27,699 വിദ്യാര്‍ഥികള്‍ അഡ്മിഷന്‍ എടുത്തില്ല. ഏകജാലക പ്രകാരം ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റില്‍ ഇടംപിടിച്ചിട്ടും വിവിധ ജില്ലകളില്‍ വിദ്യാര്‍ഥികള്‍ എത്താതെ ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളുടെ കണക്കാണിത്. അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ നിര്‍ബന്ധമായും 20ന് വൈകിട്ട് അഞ്ചിനു മുന്‍പ് പ്രവേശനം നേടണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. ആദ്യ അലോട്ട്‌മെന്റില്‍ ഒന്നാമത്തെ ഓപ്ഷന്‍ ലഭിക്കുന്നവര്‍ സ്ഥിരപ്രവേശനവും മറ്റ് ഓപ്ഷനുകളില്‍ അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ ഇഷ്ടാനുസരണം താല്‍ക്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടണമെന്നുമായിരുന്നു നിര്‍ദേശം. ഇത്തരത്തില്‍ 2,37,920 സീറ്റുകളിലേക്കാണ് ആദ്യഘട്ടത്തില്‍ അലോട്ട്‌മെന്റ് നടന്നത്. സയന്‍സ്, ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് വിഭാഗങ്ങളില്‍ വിവിധ ജില്ലകളിലായി 1,13,697 വിദ്യാര്‍ഥികള്‍ സ്ഥിര പ്രവേശനവും 96,524 വിദ്യാര്‍ഥികള്‍ താല്‍ക്കാലിക പ്രവേശനവുമാണ് നേടിയത്.
സി.ബി.എസ്.ഇ വിഭാഗത്തില്‍ പത്താംക്ലാസ് പൂര്‍ത്തിയാക്കിയ 20,557 വിദ്യാര്‍ഥികള്‍ക്കാണ് ആദ്യ അലോട്ട്‌മെന്റ് ലഭിച്ചത്. ഇതില്‍ 6261 പേര്‍ സ്ഥിരപ്രവേശനവും 9,982 പേര്‍ താല്‍ക്കാലിക പ്രവേശനവും നേടി. ആദ്യ അലോട്ട്‌മെന്റില്‍ ഒന്നാം ഓപ്ഷന്‍ ലഭിക്കാതിരുന്ന 23,283 പേര്‍ മുഴുവന്‍ ഹയര്‍ ഒപ്ഷനുകളും റദ്ദാക്കിയാണ് പ്ലസ്‌വണ്‍ പ്രവേശനം നേടിയത്. 14,728 വിദ്യാര്‍ഥികള്‍ സ്ഥിരപ്രവേശനവും 14,453 വിദ്യാര്‍ഥികള്‍ താല്‍ക്കാലിക പ്രവേശനവും നേടിയ മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ അഡ്മിഷന്‍ എടുത്തത്. സീറ്റ് ലഭിച്ചിട്ടും അഡ്മിഷന്‍ എടുക്കാത്ത കൂടുതല്‍ പേര്‍ ഉള്ളതും മലപ്പുറത്താണ്. ജില്ലയിലെ 2870 വിദ്യാര്‍ഥികളാണ് സീറ്റ് ലഭിച്ച് പ്രവേശനം നേടാതിരുന്നത്. സീറ്റ് ലഭിച്ചിട്ടും അഡ്മിഷന്‍ നേടാത്ത വിദ്യാര്‍ഥികളെ അടുത്ത അലോട്ട്‌മെന്റില്‍ പരിഗണിക്കില്ല.
ആദ്യ അലോട്ട്‌മെന്റില്‍ ഇടംനേടാത്തവര്‍ അടുത്ത അലോട്ട്‌മെന്റിനായി കാത്തിരിക്കാനാണ് നിര്‍ദേശം. ആദ്യഘട്ടത്തില്‍ അലോട്ട്‌മെന്റ് നടക്കാത്ത 51,034 സീറ്റുകള്‍ക്ക് പുറമേ അലോട്ട്‌മെന്റ് ലഭിച്ചിട്ടും വിദ്യാര്‍ഥികള്‍ എത്താതിരുന്ന 27,699 സീറ്റുകളിലേക്കും അടുത്തഘട്ടത്തില്‍ പ്രവേശനം നല്‍കും. ഏകജാലക രീതിയിലൂടെ പ്ലസ് വണ്‍ പ്രവേശനത്തിന് ആദ്യഘട്ടത്തില്‍ 4,96,354 വിദ്യാര്‍ഥികളാണ് അപേക്ഷിച്ചത്. സ്‌പോര്‍ട്‌സ് ക്വാട്ട സ്‌പെഷല്‍ അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നേടുന്നതിനുള്ള സമയം ഇന്നലെ വൈകിട്ട്് അഞ്ചിനാണ് അവസാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."