സ്‌കൂള്‍ കെട്ടിട നിര്‍മാണത്തില്‍ അഴിമതി ആരോപണം
കുന്നംകുളം: സര്‍ക്കാര്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പുതിയ ക്ലാസ് മുറി കെട്ടിട നിര്‍മാണത്തിന് ഒരു കോടി രൂപ ചെലവിട്ടതില്‍ അഴിമതിയെന്ന് ആരോപണം. 3000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള അഞ്ച് ക്ലാസ് മുറികളുള്ള ഇരു നില കെട്ടിടം പണിയാനാണ് ഒരു കോടി രൂപ. മുന്‍ എം.എല്‍.എ ബാബു എം. പാലിശ്ശേരിയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും അനുവദിക്കപെട്ട തുക ഉപയോഗിച്ചാണ് കെട്ടിടം നിര്‍മിച്ചത്. 600 ചതുരശ്ര അടി വിസ്തീര്‍ണമുള്ള അഞ്ച് ക്ലാസ് മുറികളാണു കെട്ടിടത്തിലുള്ളത്.
മുറികളില്‍ അഞ്ചു ഫാനുകള്‍. അത്ര തന്നെ ട്യൂബ് ലൈറ്റുകള്‍, ഒരു ബ്ലാക്ക് ബോര്‍ഡ് എന്നിവയാണ് അധികമായുള്ളത്. ആഡംബര വീടുകള്‍ പോലും 2000 രൂപ മുതല്‍ ചതുരശ്ര അടിക്ക് നിര്‍മിക്കാനാകുന്ന കാലത്താണ് 3000 രൂപയില്‍ കൂടുതല്‍ ചതുരശ്ര അടിക്കു നല്‍കി സ്‌കൂള്‍ ക്ലാസ് റൂം പണി തീര്‍ത്തിരിക്കുന്നത്. കെട്ടിടത്തിന്റെ ഡിസൈന്‍ നോക്കി ജില്ലാ പൊതുമരാമത്ത് വിഭാഗം ഭരണാനുമതി നല്‍കുകയും പൊതുമരാമത്ത് എഞ്ചിനീയര്‍ നേരിട്ട് മേല്‍നോട്ടം നടത്തുകയും ചെയ്ത കെട്ടിടത്തിന്റെ നിര്‍മാണം നടത്തിയിരിക്കുന്നത് പ്രമുഖ കോണ്‍ട്രാക്റ്ററാണ്. മൂന്നു വര്‍ഷം മുന്‍പ് അംഗീകരിക്കപെട്ട പദ്ധതി പൂര്‍ത്തീകരിച്ച് ഉദ്ഘാടനവും നടന്നു. എന്നാല്‍ ഒരു കോടി രൂപ ചിലവിട്ടാണ് ഈ കെട്ടിടം പണി തീര്‍ത്തതെന്ന റിപ്പോര്‍ട്ട് കേട്ട് പലരും അത്ഭുതപെട്ടു. ബാബു എം. പാലിശ്ശേരിയുടെ ആസ്തി വികസനഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച പല കെട്ടിടങ്ങളും ഇത്തരം വിവാദത്തില്‍ പെട്ടിരുന്നു. കുന്നംകുളം ബോയ്‌സ് സ്‌കൂള്‍ ഓഡിറ്റോറിയം, പഴഞ്ഞി സ്‌കൂള്‍ ഗ്രൗണ്ട് സ്റ്റേഡിയം. കുന്നംകുളം ജവഹര്‍ സക്വയര്‍ സ്റ്റേഡിയം എല്ലാം ഇത്തരത്തില്‍ ആരോപണങ്ങള്‍ക്കു വഴി വെച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ സംവിധാനം വഴി മാത്രമാണു പ്രവൃത്തി നടത്തിയിട്ടുള്ളതെന്നും ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നുമാണ് ഉദ്യോഗസ്ഥരുടെ പക്ഷം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."