സെന്‍കുമാറിന്റെ നിയമന ഫയല്‍ ചീഫ് സെക്രട്ടറി പൂഴ്ത്തി
തിരുവനന്തപുരം: സംസ്ഥാന പൊലിസ് മേധാവി സെന്‍കുമാര്‍ ഉള്‍പ്പെട്ട കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ നിയമന ഫയല്‍ കേന്ദ്രത്തിനയക്കാതെ ചീഫ് സെക്രട്ടറി പൂഴ്ത്തി.
രണ്ടു തവണ മന്ത്രിസഭ തീരുമാനമെടുത്ത ഫയലാണ് ഒരു മാസമായി ചീഫ് സെക്രട്ടറിയുടെ മേശക്കകത്ത് കിടക്കുന്നത്. ഈ 30ന് സര്‍വിസില്‍ നിന്നു വിരമിക്കുന്ന സെന്‍കുമാറിനെ തച്ചങ്കരിയെ കൈയേറ്റം ചെയ്‌തെന്ന പരാതിയില്‍ കുടുക്കി സസ്‌പെന്‍ഡ് ചെയ്യാനാണ് പുതിയ നീക്കം. ഇതേ തുടര്‍ന്നാണ് ഫയല്‍ കേന്ദ്രത്തിനയക്കാതെ ചീഫ് സെക്രട്ടറി പിടിച്ചു വച്ചിരിക്കുന്നത്. മന്ത്രിസഭ തീരുമാനമെടുത്താല്‍ ചീഫ് സെക്രട്ടറി അതു പൊതുഭരണ വകുപ്പിനു കൈമാറും. അവിടത്തെ സി സെക്ഷന്‍ വഴിയാണ് ഇതു പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് അയക്കുന്നത്. എന്നാല്‍ ഇതുവരെ ചീഫ് സെക്രട്ടറിയുടെ ഓഫിസില്‍ നിന്നും സി സെക്ഷനിലേക്ക് ഫയല്‍ എത്തിയില്ല.
പ്രധാനമന്ത്രിയുടെ അടുക്കലെത്തുന്ന നിയമന ശുപാര്‍ശ അംഗീകരിച്ച് രാഷ്ട്രപതിക്ക് നല്‍കും. രാഷ്ട്രപതിയാണ് നിയമന ഉത്തരവിറക്കുക.
പൊലിസ് ആസ്ഥാനത്ത് തച്ചങ്കരിയുമായുള്ള പ്രശ്‌നങ്ങളില്‍ സെന്‍കുമാറിനോടു സര്‍ക്കാര്‍ വിശദീകരണം തേടിയിരിക്കുകയാണ് . മറുപടി തൃപ്തികരമല്ലെന്ന പേരില്‍ വിരമിക്കുന്നതിനു മുന്‍പായി അന്വേഷണം നടത്താനാകുമോയെന്നാണ് ഇപ്പോഴത്തെ ആലോചന. സെന്‍കുമാറിനെതിരേ പൊലിസ് ആസ്ഥാനത്തെ എ.ഐ.ജി, വി.ഗോപാലകൃഷ്ണന്‍ നിയമനടപടി സ്വീകരിക്കുന്നുണ്ടോയെന്നറിയാനും സര്‍ക്കാര്‍ കാത്തിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."