കടമ്പഴിപ്പുറം ഇരട്ട കൊലപാതകം: സി.ബി.ഐ ആവശ്യം ശക്തം
ശ്രീകൃഷ്ണപുരം: കടമ്പഴിപ്പുറം കണ്ണുകുറുശ്ശി വടക്കേക്കര ചീരപ്പത്ത് ഗോപാലകൃഷ്ണനും, ഭാര്യ തങ്കമണിയും വീട്ടിലെ കിടപ്പൂമുറിയില്‍ കൊല ചെയ്യപ്പെട്ടിട്ട് ഈ മാസം 16ന് രണ്ടുവര്‍ഷം തികയുമ്പോഴും കേസിലെ പ്രതികളെ പിടികൂടാനാകത്തത് ആഭ്യന്തര വകുപ്പ് അടക്കം പൊലിസ് സേനക്ക് നാണക്കേടെന്നും, കേസിന് തുമ്പുണ്ടാക്കാന്‍ കഴിയാത്തത് പ്രതിഷേധാര്‍ഹമെന്നും സമരസമിതി ആരോപിച്ചു.
2016 നവംബര്‍ 15ന് അര്‍ധരാത്രിയിലാണ് ദമ്പതികള്‍ തനിച്ച് താമസിക്കുന്ന വീട്ടിലെ കിടപ്പുമുറിയില്‍ അതിദാരുണമായി കൊലചെയ്യപ്പെട്ടത്. ജില്ലയിലെ തന്നെ നടന്ന സമാനമായ കേസുകളില്‍ പ്രതികളെ പിടികൂടിയപ്പോള്‍ ഈ കേസ് തെളിയിക്കാനാകാത്തത് സേനക്ക് സമ്മര്‍ദം ഏറുകയാണ്.
ഒറ്റനോട്ടത്തില്‍ മോഷണ ശ്രമമാണ് തോന്നുമെങ്കിലൂം അതി വിദഗ്ധമായ രീതിയില്‍ നടന്ന കൊലപാതകത്തില്‍ യാതൊരു തെളിവും ലഭിക്കാതായത് പൊലിസിനെ ഏറെ കുഴക്കി. ആദ്യം ലോക്കല്‍ പൊലിസ് അന്വേഷിച്ച കേസില്‍ യാതൊരു തുമ്പും ലഭിക്കാതെ വന്നതോടെ നാട്ടുകാരുടെയും, വിവിധ സംഘടനകളുടെയും പ്രതീഷേധത്തെത്തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.
ഇതിനോടകം 185 പേരുടെ മൊഴി രേഖപെടുത്തിയിട്ടുണ്ട്. സംഭവ സ്ഥലത്തുനിന്ന് ലഭിച്ച വിരലട യാളങ്ങള്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ പരിശോധനയിലാണ്. പ്രദേശത്തെ മുഴുവന്‍ ഫോണ്‍ വിളികളുടെയും വിവരങ്ങള്‍ പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്. പ്രദേശത്തെ മുഴുവന്‍ ഫോണ്‍ വീളി കളുടെയും വിവരങ്ങള്‍ പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്. ഇതിനോടകം തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളിലും അന്വേഷണം വ്യാപിപ്പിചിരുന്നു. ഇരട്ട കൊലപാതക കേസിലെ പ്രതികളെ സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ ഉടന്‍ കണ്ടെത്താന്‍ ക്രൈംബ്രാഞ്ചിന് നിര്‍ദേശം നല്‍കിയതായും പി. ഉണ്ണി എം.എല്‍.എയുടെ ഈ കേസ് സംബന്ധിച്ച് സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി തന്നെ നിയമസഭയില്‍ അറിയിച്ചിരുന്നു.
ക്രൈംബ്രാഞ്ച് അന്വേഷണവും ഫലപ്രദമല്ലെന്നും കേസ് സി.ബി.ഐ ഏറ്റെടുത്തു അന്വേഷിക്കണമെന്നും പ്രദേശത്തുതന്നെ സമാനമായി നടന്ന കൊലപാതക കേസുകളും അന്വേഷണം വിധേയമാക്കണമെന്നും, സമരസമിതി ആവശ്യപ്പെട്ടു.
കേസ് അന്വേഷണം ഊര്‍ജിതമാക്കി പ്രതികളെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരണമെന്നും, അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും, പ്രതിഷേധ സൂചകമായി 15ന് വൈകിട്ട് നാലിന് തീയേറ്റര്‍ ജങ്ഷനില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. യോഗത്തില്‍ കേശവന്‍ നെട്ടാത്ത് അധ്യക്ഷനായി. യു. ഹരിദാസന്‍ വൈദ്യര്‍, കൃപേഷ്, രജിത് കൃഷ്ണ, സി.കെ സുകുമാരന്‍, ഒ. മോഹനന്‍, പി. സത്യഭാമ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."