പമ്പുടമയുടെ കൊലപാതകം: തെളിവെടുപ്പ് നടത്തി
കയ്പമംഗലം (തൃശൂര്‍): പനമ്പിക്കുന്നിലെ പെട്രോള്‍ പമ്പുടമ മനോഹരന്റെ കൊലപാതകത്തിലെ പ്രതികളെ സംഭവസ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. ബുധനാഴ്ച പിടിയിലായ കയ്പമംഗലം സ്വദേശികളായ അനസ്, അന്‍സാര്‍, സ്റ്റിജോ എന്നിവരെയാണ് ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ഫേമസ് വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള പൊലിസ് ഇന്നലെ രാവിലെ 8 മണിയോടെ സംഭവസ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുത്തത്.
മനോഹരന്‍ പമ്പില്‍ നിന്ന് കാറില്‍ കയറി വീട്ടിലേക്ക് പോകുന്നതിനിടെ പനമ്പിക്കുന്ന് പടിഞ്ഞാറ് ഭാഗത്തേക്കുള്ള റോഡിലെ വളവില്‍ വച്ചാണ് കാര്‍ തട്ടിയെടുത്തത്. ഇവിടെ വച്ചാണ് മനോഹരന്റെ കാറില്‍ ബൈക്ക് ഇടിപ്പിച്ചത്. ബലം പ്രയോഗിച്ച് കാറില്‍ കയറ്റുന്നതിനിടെ മനോഹരന്റെ ചെരുപ്പ് താഴെ വീണിരുന്നു. ഇതില്‍ ഒരു ചെരുപ്പ് സ്ഥലത്ത് നിന്ന് കണ്ടെടുത്തു. ഈ സ്ഥലത്ത് നിന്നുള്ള പുല്ലുകളും മനോഹരന്റെ കാറില്‍ നിന്ന് കിട്ടിയിട്ടുണ്ട്.
മതിലകത്ത് ബൈക്ക് ഉപേക്ഷിച്ച സ്ഥലത്തേക്കും പ്രതികളെ കൊണ്ടുപോയി. മൂന്നാം പ്രതി അന്‍സാറാണ് ബൈക്ക് മതിലകത്ത് ഉപേക്ഷിച്ച് കാറില്‍ കയറി പോയത്. പനമ്പിക്കുന്നിലെ തെളിവെടുപ്പിനിടെ പ്രതികള്‍ക്കെതിരേ നാട്ടുകാര്‍ രോഷാകുലരായി. കൊടുങ്ങല്ലൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ഇന്നലെ ഉച്ചക്ക് ശേഷമാണ് പ്രതികളെ കോടതിയില്‍ ഹാജരാക്കിയത്. തിങ്കളാഴ്ച മുതല്‍ കൂടുതല്‍ അന്വേഷണത്തിനായി ഇവരെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."