യൂനിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്: പ്രതി നസീമില്‍നിന്ന് കഞ്ചാവ് പിടികൂടി
തിരുവനന്തപുരം: തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ് പ്രതി നസീമില്‍നിന്ന് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍വച്ച് കഞ്ചാവ് പിടികൂടി. ഇന്നലെ രാത്രി തടവുപുള്ളികളെ പാര്‍പ്പിച്ച ബ്ലോക്കുകളില്‍ പൊലിസ് നടത്തിയ റെയ്ഡിലാണ് നസീമില്‍നിന്ന് കഞ്ചാവും ബീഡിയും ഹാന്‍സും അടക്കമുള്ള നിരോധിത ലഹരിവസ്തുക്കള്‍ കണ്ടെത്തിയത്. നസീമിനു പുറമെ ആറു സഹതടവുകാരില്‍ നിന്നും കഞ്ചാവടക്കമുള്ള ലഹരിവസ്തുക്കള്‍ പിടികൂടിയിട്ടുണ്ട്.
ഡി.ജി.പിയുടെ നിര്‍ദേശാനുസരണം ഇന്നലെ രാത്രി ഏഴു മുതല്‍ ഒന്‍പതു വരെയായിരുന്നു ജയില്‍ സൂപ്രണ്ട് ബി. സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ ജയിലിലെ എല്ലാ ബ്ലോക്കുകളിലും പരിശോധന നടത്തിയത്. നസീമിനെ പാര്‍പ്പിച്ചിട്ടുള്ള എട്ടാം ബ്ലോക്ക്, ഹോസ്പിറ്റില്‍ ബ്ലോക്ക്, നാല്, എട്ട്, 12 തുടങ്ങിയ ബ്ലോക്കുകളില്‍ നിന്നാണ് ലഹരിവസ്തുക്കള്‍ പിടികൂടിയത്. ജയിലില്‍ നിരോധിത ലഹരിവസ്തുക്കള്‍ കടത്തിയതുമായി ബന്ധപ്പെട്ട് നസീമടക്കം ഏഴു തടവുകാര്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജയില്‍ സൂപ്രണ്ട് പൂജപ്പുര പൊലിസിനു കത്ത് നല്‍കി.
തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജില്‍ സഹപാഠിയായ അഖിലിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ രണ്ടാം പ്രതിയും എസ്.എഫ്.ഐ പ്രവര്‍ത്തകനുമാണ് നസീം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."