കുടുംബാംഗങ്ങളുടെ ഡി.എന്‍.എ പരിശോധന: സാംപിള്‍ ശേഖരിച്ചു
താമരശ്ശേരി: കൂടത്തായി കൊലപാതക പരമ്പരയുടെ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി ബന്ധുക്കളുടെ ഡി.എന്‍.എ പരിശോധനയ്ക്കായി സാംപിളുകള്‍ ശേഖരിച്ചു. മരിച്ച ടോം തോമസിന്റെ മക്കളായ റോജോ, രഞ്ജി, റോയിയുടെ മക്കളായ റോമോ, ജോഷ്വാ എന്നിവരില്‍ നിന്നാണ് സാംപിളുകള്‍ ശേഖരിച്ചത്. ഇന്നലെ രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയാണ് ഇവര്‍ സാംപിളുകള്‍ നല്‍കിയത്. ഇവ പരിശോധനക്കായി കണ്ണൂര്‍ റീജ്യനല്‍ ഫോറന്‍സിക് സയന്‍സ് ലാബിലേക്ക് അയക്കും. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഫോറന്‍സിക് സയന്‍സ് വിഭാഗത്തിലെത്തിയാണ് നാലു പേരും സാംപിളുകള്‍ നല്‍കിയത്.
ശവക്കല്ലറയില്‍ നിന്ന് ശേഖരിച്ച സാംപിളുകള്‍ ആരുടേതാണെന്ന് സ്ഥിരീകരിക്കുന്നതിനായാണ് ഡി.എന്‍.എ പരിശോധന നടത്തുന്നത്. ഷാജുവിന്റെ ഭാര്യ സിലി, മകള്‍ ആല്‍ഫൈന്‍, അന്നമ്മയുടെ സഹോദരന്‍ മാത്യു എന്നിവരുടെ ഭൗതിക അവശിഷ്ടങ്ങള്‍ സ്ഥിരീകരിക്കുന്നതിനായി ബന്ധുക്കളുടെ ഡി.എന്‍.എ ശേഖരിക്കും.
അതേസമയം കേസില്‍ അറസ്റ്റിലായ പ്രതികളുടെ ചോദ്യം ചെയ്യല്‍ ഇന്നലെയും തുടര്‍ന്നു. പ്രതികളെ കോയമ്പത്തൂര്‍ അടക്കമുള്ള സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തും. പുതുതായി രജിസ്റ്റര്‍ ചെയ്ത അഞ്ച് കേസുകളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകാനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. നാളെ കേസിലെ മൂന്ന് പ്രതികളുടെയും ജാമ്യാപേക്ഷ താമരശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി പരിഗണിക്കും.
ജോളിയുടെ സുഹൃത്തിനെ കേന്ദ്രീകരിച്ചും പൊലിസ് അന്വേഷണം നടത്തും. എന്‍.ഐ.ടിക്ക് സമീപം തയ്യല്‍ക്കടയില്‍ ജോലി ചെയ്തിരുന്ന യുവതി ജോളിയുടെ സുഹൃത്താണെന്ന് പൊലിസ് പറഞ്ഞു. യുവതിയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ അറിയാനാവുമെന്നാണ് സൂചന. ജോളിക്കൊപ്പമുള്ള യുവതിയുടെ ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. യുവതി ചെന്നൈയിലാണെന്നാണ് സൂചന. ബുധനാഴ്ചയാണ് കേസിലെ മുഖ്യപ്രതികളായ ജോളി, മാത്യു, പ്രജികുമാര്‍ എന്നിവരുടെ കസ്റ്റഡി കാലാവധി കോടതി രണ്ട് ദിവസത്തേക്ക് കൂടി നീട്ടിയത്. ഇന്ന് നാല് മണിവരെയാണ് പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടിയിരിക്കുന്നത്. മൂന്നാം പ്രതി പ്രജികുമാര്‍ സയനൈഡ് വാങ്ങിയ കോയമ്പത്തൂരിലെത്തി വിശദമായ തെളിവടുപ്പ് നടത്തണമെന്നതടക്കമുള്ള പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചായിരുന്നു കസ്റ്റഡി കാലാവധി നീട്ടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."