ജോളിയുടെ ഷാള്‍ മാറ്റാന്‍ ശ്രമം; യുവാവ് പിടിയില്‍
കൊയിലാണ്ടി: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച യുവാവ് കസ്റ്റഡിയില്‍. ഉള്ളിയേരി രാരോത്ത് ഷാജു (44) ആണ് പൊലിസ് കസ്റ്റഡിയിലായത്. ഇയാള്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയാണ്. ഇന്നലെ ഉച്ചയോടെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക് കൊണ്ടുവന്നപ്പോള്‍ ഷാജു ജോളിയുടെ മുഖത്തെ ഷാള്‍ തട്ടി മാറ്റാന്‍ ശ്രമിക്കുകയായിരുന്നു.
ആളുകള്‍ ഫോട്ടോയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ജോളി മുഖം മറച്ചപ്പോള് 'എല്ലാവരും കാണട്ടെ ഈ ക്രൂരത ചെയ്തവളെ...' എന്ന് പറഞ്ഞാണ് ഷാജു ഷാള്‍ മാറ്റാന്‍ ശ്രമിച്ചത്. കനത്ത സുരക്ഷയിലാണ് ജോളിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. വിവരമറിഞ്ഞ് ആശുപത്രിയിലുണ്ടായിരുന്നവരും നാട്ടുകാരുമെല്ലാം കാഷ്വാലിറ്റിക്ക് മുന്നില്‍ തടിച്ചു കൂടിയിരുന്നു.
ഇവര്‍ക്കിടയിലൂടെ ജോളിയെ പുറത്തേക്ക് കൊണ്ടു വരുന്നതിനിടെയാണ് യുവാവ് ജോളിയുടെ മുഖം മറച്ച ഷാള്‍ നീക്കം ചെയ്തത്. ഉടന്‍ തന്നെ ഒപ്പമുണ്ടായിരുന്ന പൊലിസ് ഉദ്യോഗസ്ഥര്‍ ഇയാളെ കസ്റ്റഡിയിലെടുത്തു.
ഭാര്യയെ ഡോക്ടറെ കാണിക്കാന്‍ കൊണ്ടുവന്നതായിരുന്നു ഷാജു. കൊയിലാണ്ടി സ്റ്റേഷനിലെത്തിച്ച പ്രതിയെ ചോദ്യം ചെയ്ത ശേഷം സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."