കനിയാതെ കാലവര്‍ഷം; നെല്‍കര്‍ഷകര്‍ ആശങ്കയില്‍
സുല്‍ത്താന്‍ ബത്തേരി: ജൂണ്‍ പകുതി പിന്നിട്ടിട്ടും കാലവര്‍ഷം ശക്തി പ്രാപിക്കാത്തത് നെല്‍കര്‍ഷകരെ ആശങ്കയിലാഴ്ത്തുന്നു. ഞാറ് പറിച്ചു നടേണ്ട സമയമായിട്ടും കാര്യമായി മഴ ലഭിക്കാത്തതാണ് കര്‍ഷകരെ ആശങ്കയിലാക്കുന്നത്. അടുത്തകാലം വരെ ജൂണ്‍ മാസമെത്തിയാല്‍ ജില്ലയിലെ നെല്‍വയലുകള്‍ സജീവമാകാറുണ്ടായിരുന്നു.
എന്നാല്‍ ഇത്തവണ ജൂണ്‍ പകുതി പിന്നിട്ടിട്ടും മഴ ലഭിക്കാതായതോടെ നെല്‍വയലുകള്‍ ആളൊഴിഞ്ഞ നിലയിലാണ്. ജൂണില്‍ മഴ ലഭിച്ചു തുടങ്ങുന്നതോടെയാണ് ഞാറ് പറിച്ചു നടുക.
എന്നാല്‍ കാലവര്‍ഷം കനിയാത്തതിനാല്‍ വയലുകള്‍ തരിശായി കിടക്കുകയാണ്. ചില കര്‍ഷകരാകട്ടെ മഴ ലഭിക്കുമെന്ന പ്രതീക്ഷയില്‍ വയലുകള്‍ ഉഴുതിട്ടിട്ടുമുണ്ട്. നെല്‍കൃഷി പരമ്പരാഗതമായി ചെയ്തുപോരുന്ന ചില കര്‍ഷകര്‍ കുഴല്‍ കിണര്‍ കുഴിച്ച് മോട്ടോര്‍വച്ച് വെള്ളം പമ്പ് ചെയ്താണ് വിത്തിടാന്‍ വയലൊരുക്കുന്നത്. എന്നാല്‍ ഇതിനുള്ള വെള്ളം പോലും കിണറ്റില്‍ ഇല്ലാത്ത അവസ്ഥയാണുള്ളത്.
ചെലവേറുമെന്നതിനാല്‍ എല്ലാ കര്‍ഷകര്‍ക്കും ഇതു സാധ്യവുമല്ല. ഇനിയും മഴ ലഭിച്ചില്ലെങ്കില്‍ നെല്‍കൃഷി തന്നെ ഉപേക്ഷിക്കേണ്ട സ്ഥിതിയാണെന്ന് കര്‍ഷകര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."