'ഉന്നത നേതാവിന്റെ മകന്റെ സിവില്‍ സര്‍വിസ് മാര്‍ക്ക് അന്വേഷിക്കണം
സ്വന്തം ലേഖകന്‍
കാസര്‍കോട്: എം.ജി സര്‍വകലാശാലയിലെ മാര്‍ക്ക് വിവാദത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങള്‍ നിഷേധിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ചെന്നിത്തലയുടെ മകന്റെ സിവില്‍ സര്‍വിസ് പരീക്ഷയിലെ അഭിമുഖത്തിന്റെ മാര്‍ക്ക് സംബന്ധിച്ച് ആരോപണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍.
2017ലെ സിവില്‍ സര്‍വിസ് പരീക്ഷയില്‍ എഴുത്തുപരീക്ഷയില്‍ 828 മാര്‍ക്ക് കിട്ടിയ കേരളത്തിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന് അഭിമുഖത്തില്‍ 206 മാര്‍ക്ക് കിട്ടിയെന്നും 950 മാര്‍ക്ക് കിട്ടിയ ഒന്നാം റാങ്കുകാരന് അഭിമുഖത്തില്‍ 176 മാര്‍ക്ക് മാത്രമാണ് കിട്ടിയതെന്നും യു.പി.എസ്.സി പരീക്ഷാ റാങ്ക് ലിസ്റ്റില്‍ അസ്വാഭാവികതയുള്ളതിനാല്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സിവില്‍ സര്‍വിസ് റാങ്ക് ലിസ്റ്റില്‍ 210ാം റാങ്കാണ് ഈ രാഷ്ട്രീയ നേതാവിന്റെ മകന്. എഴുത്തു പരീക്ഷയുടെ മാര്‍ക്ക് ശരാശരി കണക്കാക്കിയാല്‍ റാങ്ക് ലിസ്റ്റില്‍ 800 നടുത്ത് വരേണ്ടയാളാണ് അഭിമുഖത്തില്‍ കിട്ടിയ 206 മാര്‍ക്കിന്റെ ആനുകൂല്യത്തില്‍ റാങ്ക് ലിസ്റ്റില്‍ 210 ലെത്തിയത്. ഇതില്‍ ക്രമക്കേടു നടന്നുവെന്ന് വിശ്വസിക്കുന്നില്ല. എങ്കിലും കേരളാ പി.എസ്.സിക്കൊപ്പം യു.പി.എസ്.സിയുടെയും വിശ്വാസ്യതയും സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മാര്‍ക്ക് കൂടുതല്‍ നേടാന്‍ ഈ നേതാവ് ഡല്‍ഹിയില്‍ പോയി ലോബിങ് നടത്തിയെന്നും ഇങ്ങനെ ചെയ്ത അനുഭവമുള്ളവര്‍ എം.ജി സര്‍വകലാശാലയിലെ മാര്‍ക്ക് വിഷയത്തില്‍ ആരോപണം ഉന്നയിക്കുന്നതില്‍ കുറ്റം പറയാന്‍ കഴിയില്ലെന്നും രമേശ് ചെന്നിത്തലയുടെ പേര് പരാമര്‍ശിക്കാതെ അദ്ദേഹം പറഞ്ഞു. എം.ജി സര്‍വകലാശാലയിലെ മാര്‍ക്ക് വിവാദം സംബന്ധിച്ച് പ്രതിപക്ഷ നേതാവ് പറയുന്നത് പച്ചക്കള്ളമാണ്. മോഡറേഷനെയാണ് മാര്‍ക്ക് ദാനം എന്ന് പ്രതിപക്ഷ നേതാവ് പറയുന്നത്. മോഡറേഷന്‍ നിര്‍ത്തണമെന്നാണ് നിലപാട് എങ്കില്‍ പ്രതിപക്ഷ നേതാവും പ്രതിപക്ഷ പാര്‍ട്ടികളും തുറന്നു പറയണം. ഇതു സംബന്ധിച്ച ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയാറാണ്. എം.ജി സര്‍വകലാശാല അദാലത്തുമായി ബന്ധപ്പെട്ട് പച്ച നുണയാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. നുണ പലവട്ടം ആവര്‍ത്തിച്ചാല്‍ അത് സത്യമാകും എന്നാണ് കരുതുന്നത്. മികച്ച അക്കാദമിക് നിലവാരത്തിലേക്ക് സര്‍വകലാശാലകള്‍ നീങ്ങുമ്പോഴാണ് ഇത്തരം ആരോപണങ്ങള്‍ കൊണ്ടുവരുന്നത്. ഇത് ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ്. പരിഹരിക്കപ്പെടാത്ത ഫയലുകള്‍ക്ക് തീര്‍പ്പുകല്‍പ്പിക്കാന്‍ സര്‍വകലാശാലയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതുപ്രകാരമാണ് അദാലത്ത് നടന്നതെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."