മന്ത്രിയുടെ ആരോപണം യു.പി.എസ്.സിയുടെ വിശ്വാസ്യതയ്ക്ക് നേരെയും
കാസര്‍കോട്: തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ആരോപണ പ്രത്യാരോപണങ്ങളുടെ ഭാഗമാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകന്റെ സിവില്‍ സര്‍വിസ് റാങ്ക് ലിസ്റ്റിനെതിരേയുള്ള ആരോപണത്തിന് അടിസ്ഥാനമെങ്കിലും കേരള പി.എസ്.സിക്കു പിന്നാലെ യു.പി.എസ്.സിയുടെയും വിശ്വാസ്യതക്ക് നേരെയുള്ള ചോദ്യമായി ഇത്.
2017 ലെ സിവില്‍ സര്‍വിസ് പരീക്ഷാ റാങ്ക് ലിസ്റ്റില്‍ 210 -ാം റാങ്കുകാരനായ രമേശ് ചെന്നിത്തലയുടെ മകന്‍ രമിത്ത് ചെന്നിത്തലയ്ക്ക് അഭിമുഖ പരീക്ഷയില്‍ 206 മാര്‍ക്ക് ലഭിച്ചതാണ് ജലീലിന്റെ ആരോപണത്തിന് അടിസ്ഥാനം.
എഴുത്തുപരീക്ഷയില്‍ രമിത്തിന് ലഭിച്ചത് 828 മാര്‍ക്കായിരുന്നു. അഭിമുഖത്തിന് 206 മാര്‍ക്ക് ലഭിച്ചതോടെ 1034 മാര്‍ക്ക് നേടി റാങ്ക് ലിസ്റ്റില്‍ 210ലെത്തി. റാങ്ക് ലിസ്റ്റിലെ ഒന്നാമന്‍ ദുരിഷെട്ടി അനുദീപിന് എഴുത്തുപരീക്ഷയില്‍ 950 മാര്‍ക്കായിരുന്നു. അഭിമുഖത്തിന് 176 മാര്‍ക്കും ലഭിച്ചു. ഇതോടെ ആകെ 1126 മാര്‍ക്ക് ലഭിച്ചു. രണ്ടാം റാങ്കുകാരന് അഭിമുഖത്തില്‍ 187 മാര്‍ക്കും മൂന്നാം റാങ്കുകാരന് 178 മാര്‍ക്കുമാണ് ലഭിച്ചത്.
151 മുതല്‍ 204 മാര്‍ക്ക് വരെ ആദ്യ റാങ്കുകാര്‍ക്ക് ലഭിച്ചിട്ടുണ്ടെങ്കിലും 210ാമനായ രമിത്ത് ചെന്നിത്തലക്കാണ് ഏറ്റവും കൂടുതലായ 206 മാര്‍ക്ക് ലഭിക്കുന്നത്.
990 പേരുടെ റാങ്ക് ലിസ്റ്റില്‍ മറ്റൊരാള്‍ക്ക് മാത്രമാണ് അഭിമുഖത്തിന് പിന്നീട് 206 മാര്‍ക്ക് കിട്ടിയിരിക്കുന്നത്. ഇയാള്‍ക്ക് ലഭിച്ചിരിക്കുന്നത് 561-ാം റാങ്കാണ്. എഴുത്തുപരീക്ഷയില്‍ ഈ 561 -ാം റാങ്കുകാരന് 797 മാര്‍ക്കായിരുന്നു ലഭിച്ചത്. യു.പി.എസ്.സി പ്രസിദ്ധീകരിച്ച സിവില്‍ സര്‍വിസ് 2017 റാങ്ക് ലിസ്റ്റിലുള്ള 990 പേരില്‍ ആകെ 13 പേര്‍ക്കാണ് അഭിമുഖത്തിന് 200ന് മുകളില്‍ മാര്‍ക്ക് ലഭിച്ചിരിക്കുന്നത്.
210 -ാം റാങ്ക് നേടിയ രമിത്തിന് ഐ.എഫ്.എസിലായിരുന്നു പ്രവേശനം കിട്ടിയിരുന്നത്. ജോയിന്‍ ചെയ്ത ശേഷം അവധിയെടുത്ത് വീണ്ടും ഐ.എ.എസ് ലക്ഷ്യമിട്ട് സിവില്‍ സര്‍വിസ് പരീക്ഷയ്ക്കുള്ള ഒരുക്കത്തിലാണ് രമിത്ത് ഇപ്പോള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."