ഡാര്‍ജിലിങ് പ്രക്ഷോഭം വിദ്യാര്‍ഥികളെ വീട്ടിലെത്തിക്കാന്‍ അനിശ്ചിതകാല ബന്ദില്‍ അയവ്
ഡാര്‍ജിലിങ്: സംസ്ഥാനാവശ്യം മുന്‍നിര്‍ത്തിയുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി ഡാര്‍ജിലിങ് മേഖലയില്‍ അനിശ്ചിതകാല ബന്ദ് തുടങ്ങിയതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനവും തടസപ്പെട്ടു. അടുത്ത ആഴ്ച അവധിക്കാലത്തിനായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കുകയാണ്. ഈ സാഹചര്യത്തില്‍ സ്‌കൂള്‍ അധികൃതരുടെ അഭ്യര്‍ഥനയെതുടര്‍ന്ന് ഹോസ്റ്റലുകളില്‍ താമസിക്കുന്ന കുട്ടികളെ സുരക്ഷിതമായി വീട്ടിലെത്തിക്കുന്നതിന് ഗൂര്‍ഖാ ജനമുക്തി മോര്‍ച്ച 12 മണിക്കൂര്‍ നേരത്തേക്ക് അനിശ്ചിതകാല ബന്ദില്‍ അയവു വരുത്തി. നാളെ രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് അയവു വരുത്തിയത്. ബോര്‍ഡിങ് സ്‌കൂളുകളിലുള്ള വിദ്യാര്‍ഥികളെ അവരവരുടെ വീടുകളില്‍ സ്‌കൂള്‍ ബസുകളില്‍ മാത്രമേ എത്തിക്കാവൂ എന്നാണ് ജി.ജെ.എം അറിയിച്ചിട്ടുള്ളത്. മറ്റ് വാഹനങ്ങള്‍ നിരത്തിലിറക്കുന്നത് തടയുമെന്നുള്ളതുകൊണ്ടാണ് സ്‌കൂള്‍ ബസുകള്‍ക്ക് മാത്രം യാത്രാനുവാദം നല്‍കിയത്.
ഇക്കഴിഞ്ഞ 15 മുതലാണ് ഡാര്‍ജിലിങ്ങില്‍ അനിശ്ചിത കാല ബന്ദ് തുടങ്ങിയത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ കുട്ടികളെ ഹോസ്റ്റലുകളില്‍ താമസിപ്പിക്കുന്നത് സ്‌കൂള്‍ അധികൃതര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് ഹിമാലി ബോര്‍ഡിങ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രബീന്ദ്ര സുബ്ബ പറഞ്ഞു.
ഭക്ഷണം ഇല്ലാത്തതും കുട്ടികളെ സ്വതന്ത്രരായി അവരുടെ വീടുകളിലേക്ക് അയക്കുന്നതും തങ്ങള്‍ അഭിമുഖീകരിക്കുന്ന വലിയ പ്രതിസന്ധിയാണെന്ന് അദ്ദേഹം വ്യക്തമാക്കി. അതിനിടിയിലാണ് ജി.ജെ.എം ബന്ദില്‍ അയവുവരുത്തിക്കൊണ്ട് പ്രഖ്യാപനം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."