മുത്വലാഖ് ഇസ്‌ലാമിക പാരമ്പര്യത്തിലില്ലാത്തത്: മുന്‍ പാക് ചീഫ് ജസ്റ്റിസ്
ന്യൂഡല്‍ഹി: മുത്വലാഖ് യഥാര്‍ഥ ഇസ്‌ലാമിക പാരമ്പര്യത്തിന്റെ ഭാഗമായിരുന്നില്ലെന്നും ഇസ്‌ലാമിക നിയമപ്രകാരം അത് സാധുവല്ലെന്നും മുന്‍ പാകിസ്താന്‍ ചീഫ് ജസ്റ്റിസ് ജവാദ് എസ്. ഖാജ. ന്യൂസ് 18 ചാനല്‍ നടത്തിയ അഭിമുഖത്തിലാണ് ഖാജയുടെ വിമര്‍ശനം.
മുത്വലാഖ് ഇസ്‌ലാമിക നിയമപ്രകാരമുള്ള വിവാഹമോചനത്തിന്റെ നല്ല രൂപം പോയിട്ട് അംഗീകൃത രീതി പോലുമല്ല. കഴിഞ്ഞ 1,000 വര്‍ഷക്കാലത്തെ മുസ്‌ലിം നിയമപണ്ഡിതരുടെ ചരിത്രം പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും-ഖാജ പറഞ്ഞു.
പാകിസ്താനില്‍ സര്‍ക്കാരിനു കീഴിലുള്ള പ്രത്യേക സമിതിയുടെ മേല്‍നോട്ടത്തില്‍ മാത്രമാണ് വിവാഹമോചനം നടക്കുന്നത്. വിവാഹമോചനം നടത്തുന്നവര്‍ വ്യക്തമായ കാരണങ്ങളും ഭാര്യയുടെ മേല്‍വിലാസവും സഹിതം എഴുതിത്തയാറാക്കിയ നോട്ടിസ് രജിസ്‌ട്രേഡ് തപാലില്‍ യൂനിയന്‍ കൗണ്‍സിലി(യു.സി)ന് അയക്കണമെന്നാണ് നിയമം. നോട്ടിസിന്റെ പകര്‍പ്പ് ഭാര്യയ്ക്ക് യു.സി അയക്കും. ഇദ്ദാ കാലയളവ്(നോട്ടിസ് യു.സി സ്വീകരിച്ച് 90 ദിവസങ്ങള്‍) കഴിഞ്ഞാല്‍ ത്വലാഖ് അനുവദിച്ച് കൗണ്‍സില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുകയാണ് ചെയ്യുക. 90 ദിവസങ്ങള്‍ക്കകം ഇരുകക്ഷികള്‍ക്കും സമവായത്തിലെത്താനുള്ള അവസരമുണ്ട്.
2007ല്‍ അന്നത്തെ പാക് പ്രസിഡന്റ് പര്‍വേസ് മുഷറഫ് രാജ്യത്ത് നടപ്പാക്കിയ അടിയന്തരാവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്ന് വിധി പുറപ്പെടുവിച്ച സിന്ധ് ഹൈക്കോടതി ബെഞ്ചില്‍ അംഗമായിരുന്നു ജസ്റ്റിസ് ഖാജ. പാകിസ്താന്റെ 23-ാം ചീഫ് ജസ്റ്റിസായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."