ഉറങ്ങിയും ഫോണില്‍ കളിച്ചും യോഗ 'ആഘോഷ'മാക്കി മന്ത്രിമാര്‍
ഭോപ്പാല്‍: സുഖമായി ഉറങ്ങിയും മൊബൈല്‍ ഫോണുകളില്‍ കളിച്ചും മധ്യപ്രദേശ് മന്ത്രിമാരുടെ യോഗാ ദിനാചരണം. ലഖ്‌നൗവില്‍ പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് നടന്ന അന്താരാഷ്ട്ര യോഗാ ദിനാചരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 20 മിനിറ്റു നേരം ചെലവഴിച്ചപ്പോഴാണ് മധ്യപ്രദേശിലെ ബി.ജെ.പി മന്ത്രിമാര്‍ യോഗ 'ആഘോഷ'മാക്കിയത്.
ഗൗരിശങ്കര്‍ ബിസന്‍ ആണ് 'യോഗാക്കളി'കള്‍ക്ക് തുടക്കമിട്ടത്. 2,000 വിദ്യാര്‍ഥികളോടൊപ്പം യോഗാ അഭ്യാസങ്ങളില്‍ പങ്കുകൊണ്ട മന്ത്രിക്ക് പത്തു മിനിറ്റ് കഴിഞ്ഞതോടെ മുഷിപ്പ് വന്നു. യോഗാ നിരയില്‍ നിന്നു പിന്‍മാറി മന്ത്രി വേദിയില്‍ അതിഥികള്‍ക്ക് ഒരുക്കിയ സീറ്റിലിരുന്നു. പിന്നീട് ഗാഢനിദ്രയിലേക്ക് വഴുതുകയായിരുന്നു. ആരോഗ്യപരമായി നല്ല സ്ഥിതിയിലായിരുന്നില്ലെന്ന് ബിസന്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
ഈ സമയത്ത് തന്നെയാണ് ഖന്ദ്‌വാ ജില്ലയില്‍ വിദ്യാഭ്യാസമന്ത്രി വിജയ് ഷാ ഫോണില്‍ കളിച്ച് വിദ്യാര്‍ഥികള്‍ക്ക് 'മാതൃക'യായത്. മറ്റുള്ളവരെല്ലാം യോഗാ അഭ്യാസങ്ങളില്‍ മുഴുകിയിരിക്കെയാണ് മന്ത്രിയുടെ ഫോണ്‍ അഭ്യാസങ്ങള്‍. യോഗയുടെ ഗുണഗണങ്ങളെ കുറിച്ച് നാട്ടുകാര്‍ക്കെല്ലാം ഉപദേശം നല്‍കിയ ശേഷമായിരുന്നു മന്ത്രിയുടെ നടപടി.
എന്നാല്‍, സംഭവം വിവാദമായതോടെ ന്യായീകരണവുമായി മന്ത്രി രംഗത്തെത്തി. താന്‍ അടുത്തിടെ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നതിനാല്‍ യോഗ ചെയ്യുന്നത് ഡോക്ടര്‍മാര്‍ വിലക്കിയിരുന്നുവെന്ന് വിജയ് ഷാ പറഞ്ഞു. താന്‍ ഫോണില്‍ കളിക്കുകയായിരുന്നില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യോഗാ അഭ്യാസങ്ങള്‍ കാണുകയായിരുന്നുവെന്നും അധിക ന്യായീകരണവുമുണ്ടായിരുന്നു.
അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ മൂന്നാം വാര്‍ഷികത്തില്‍ ഇന്നലെ രാജ്യവ്യാപകമായി സമുചിതമായ ആചരണ പരിപാടികള്‍ അരങ്ങേറി. പ്രധാനമന്ത്രി നരേന്ദ്ര മോദി ലഖ്‌നൗവിലെ അംബേദ്കര്‍ സഭാ ഗ്രൗണ്ടിലാണ് പങ്കെടുത്തത്. അഹ്മദാബാദില്‍ നടന്ന റെക്കോര്‍ഡ് യോഗയ്ക്ക് വിവാദ യോഗാഗുരു ബാബാ രാംദേവ് നേതൃത്വം നല്‍കി. 54,522 പേര്‍ പങ്കെടുത്ത ചടങ്ങില്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും പങ്കെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."