റിപ്പോര്‍ട്ടുകള്‍ സി.എ.ജി വൈകിപ്പിക്കുന്നെന്ന് ആരോപണം
ന്യൂഡല്‍ഹി: ഉയര്‍ന്നമൂല്യമുള്ള നോട്ടുകളുടെ നിരോധനം, ഫ്രാന്‍സുമായുള്ള വിവാദ റാഫേല്‍ യുദ്ധവിമാന ഇടപാടുകള്‍ എന്നീ വിഷയങ്ങളില്‍ എത്രയും വേഗം പരിശോധനാ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണമെന്ന് വിരമിച്ച 60 മുതിര്‍ന്ന സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥര്‍ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിനോട് (സി.എ.ജി) ആവശ്യപ്പെട്ടു. ഈ വിഷയങ്ങളില്‍ ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സി.എ.ജി കാലതാമസമെടുക്കുന്നത് യുക്തിക്കു നിരക്കാത്തതും അനുചിതവുമാണെന്നും ഉദ്യോഗസ്ഥര്‍ സി.എ.ജിക്കയച്ച കത്തില്‍ പറയുന്നു. കത്തിന്റെ പകര്‍പ്പ് രാഷ്ട്രപതി രാംനാഥ് കോവിന്ദിനും അവര്‍ അയച്ചുകൊടുത്തു. പൊതുതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് സി.എ.ജി മനപ്പൂര്‍വം റിപ്പോര്‍ട്ടവതരണം വൈകിക്കുകയാണെന്ന ആരോപണവും കത്തില്‍ ഉന്നയിച്ചിട്ടുണ്ട്.
നോട്ട് നിരോധനം സംബന്ധിച്ച നടപടികള്‍ പരിശോധിക്കുമെന്ന് 2017 മാര്‍ച്ചില്‍ സി.എ.ജി അറിയിച്ചിരുന്നു. നിരോധനം സാമ്പത്തികമേഖലയെയും നികുതി ഇടപാടുകളെയും എങ്ങനെ ബാധിച്ചുവെന്ന് പരിശോധിക്കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ 18 മാസമായിട്ടും റിപ്പോര്‍ട്ട് സി.എ.ജി പുറത്തുവിട്ടിട്ടില്ല. റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട ഫയലുകള്‍ ഇതുവരെ സി.എ.ജി സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കിയിട്ടില്ല. 2015 ഏപ്രിലില്‍ കരാര്‍ നിലവില്‍ വന്നിട്ട് ഇപ്പോള്‍ 42 മാസമായി. ഈ രണ്ടുവിഷയങ്ങളിലും സി.എ.ജി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ മനപ്പൂര്‍വം വൈകിപ്പിക്കുകയാണെന്നും കത്തില്‍ സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥര്‍ ആരോപിച്ചു.
കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാരിന് വന്‍വിമര്‍ശനങ്ങള്‍ക്കും പഴികേള്‍ക്കാനും കാരണമായ 2ജി സ്‌പെക്ട്രം, കോമണ്‍ വെല്‍ത്ത് ഗെയിംസ് നടത്തിപ്പ്, കല്‍ക്കരി ഇടപാട് തുടങ്ങിയവയില്‍ രാഷ്ട്രീയ സമ്മര്‍ദം ഉണ്ടായിട്ടും സി.എ.ജി നടത്തിയ ഇടപെടല്‍ പ്രശംസനീയമായിരുന്നുവെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം നോട്ട് നിരോധനത്തിലും റാഫേല്‍ ഇടപാടിലും കാണിക്കുന്ന പക്ഷപാതപരമായ നിലപാട് അപലപനീയമാണെന്നും കത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."