കര്‍ണാടകയില്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ഗ്രാമീണ സേവനം നിര്‍ബന്ധമാക്കി
ബംഗളൂരു: കര്‍ണാടക മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കും ഗ്രാമീണ സേവനം നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിട്ടു. ആരോഗ്യ വിദ്യാഭ്യാസ മന്ത്രി ശരണ്‍ പ്രകാശ് പാട്ടീല്‍ ആണ് കര്‍ണാടക നിയമസഭയില്‍ ഇക്കാര്യം അറിയിച്ചത്. മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ എല്ലാ വിദ്യാര്‍ഥികള്‍ക്കും നിര്‍ബന്ധിത സേവനം വ്യവസ്ഥ ചെയ്യുന്ന 2017ലെ ഭേദഗതി നിയമത്തിലാണ് ഇക്കാര്യം വ്യക്തമാക്കികൊണ്ട് സര്‍ക്കാര്‍ ഉത്തരവിട്ടതെന്ന് മന്ത്രി അറിയിച്ചു.
നേരത്തെ കര്‍ണാടകയില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മാത്രമായിരുന്നു ഗ്രാമീണ സേവനം നിര്‍ബന്ധമായിരുന്നത്. ഇത് ഭേദഗതി ചെയ്താണ് രാജ്യത്തെവിടെ പഠിക്കുന്നവരായാലും അവര്‍ കര്‍ണാടക മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തവരാണെങ്കില്‍ ഗ്രാമീണ സേവനം നിര്‍ബന്ധമാക്കികൊണ്ടുള്ള പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. എം.ബി.ബി.എസിനു ശേഷം പോസ്റ്റ് ഗ്രാജ്വേഷന് പഠനത്തിന് പോകുന്നവരെ നിര്‍ബന്ധ സേവനത്തില്‍ നിന്ന് ഒഴിവാക്കും. എന്നാല്‍ അവരുടെ പഠന ശേഷം അവരും ഗ്രാമീണ സേവനത്തിന് നടത്തണമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.
ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ഒരു ഡോക്ടര്‍ക്ക് 1000 രോഗികള്‍ എന്നാണ് കണക്ക്. എന്നാല്‍ കര്‍ണാടകയില്‍ ഒരു ഡോക്ടര്‍ക്ക് 1,700 രോഗികളെന്നാണ്. പുതിയ ഉത്തരവു പ്രകാരം 3,300 എം.ബി.ബി.എസ് ഡോക്ടര്‍മാരെയും 2,000 പി.ജി ഡോക്ടര്‍മാരെയും ചികിത്സാ രംഗത്തേക്ക് അധികമായി ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."