സൂക്കിക്കു നല്‍കിയ പരമോന്നത ബഹുമതി ആംനെസ്റ്റി തിരിച്ചെടുത്തു
ലണ്ടന്‍: മ്യാന്‍മര്‍ ഭരണാധികാരിയും നൊബേല്‍ സമ്മാന ജേതാവുമായ ആങ് സാങ് സൂക്കിക്കു നല്‍കിയ പരമോന്നത ബഹുമതി മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷനല്‍ തിരിച്ചെടുത്തു. അംബാസഡര്‍ ഓഫ് കണ്‍സൈന്‍സ് പുരസ്‌കാരമാണ് തിരിച്ചെടുത്തത്. ആംനെസ്റ്റി ഇന്റര്‍നാഷനല്‍ സെക്രട്ടറി ജനറല്‍ കുമ നയ്ദൂമാണ് ഇക്കാര്യം അറിയിച്ചത്. സൂക്കി വീട്ടുതടങ്കലിലിരിക്കെ 2009ലാണ് പുരസ്‌കാരം നല്‍കിയത്. റോഹിംഗ്യകള്‍ക്കെതിരേയുള്ള ആക്രമണങ്ങളില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാത്തതിനെതിരേയാണ് ആംനെസ്റ്റിയുടെ നടപടി.
റോഹിംഗ്യന്‍ വിഷയത്തില്‍ സൂക്കി പരാജയപ്പെട്ടതില്‍ നിരാശയുണ്ടെന്നും പ്രതീക്ഷയുടെയും കരുത്തിന്റെയും പ്രതീകമായി അവരെ ഇനിയും കാണാനാകില്ലെന്നും കുമ നയ്ദൂ , സൂക്കിക്ക് അയച്ച കത്തില്‍ പറയുന്നു. അംബാസഡര്‍ ഓഫ് കണ്‍സൈന്‍സ് എന്നുള്ള നിലയില്‍ നിങ്ങളുടെ പ്രവര്‍ത്തികളെ ന്യായീകരിക്കനാകില്ലെന്നും അതിനാല്‍ പുരസ്‌കാരം പിന്‍വലിക്കുകയാണെന്നുമാണ് കത്തില്‍ സൂചിപ്പിച്ചിട്ടുള്ളത്.
മ്യാന്‍മറില്‍ ജനാധിപത്യത്തിനായി പോരാടുന്നതിനിടെ 1989ല്‍ സൂക്കിയെ പ്രിസണര്‍ ഓഫ് കണ്‍സൈന്‍സ് ആയി ആംനെസ്റ്റി പ്രഖ്യാപിച്ചിരുന്നു. 20 വര്‍ഷങ്ങള്‍ക്കു ശേഷമാണ് പരമോന്നത ബഹുമതിയായ അംബാസഡര്‍ ഓഫ് കണ്‍സൈന്‍സ് സൂക്കിക്കു സമ്മാനിക്കുന്നത്. റോഹിംഗ്യകള്‍ക്കെതിരേയുള്ള ആക്രമണത്തില്‍ നടപടി സ്വീകരിക്കാത്തതിനെതിരേ സൂക്കിക്കതിരേ അന്താരാഷ്ട്ര തലത്തില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ആദരസൂചകമായി സൂക്കിക്കു നല്‍കിയ പൗരത്വം കാനഡ നേരത്തെ റദ്ദാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."