ബി.ജെ.പിയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിക്ക് ജെ.ഡി.യു പിന്തുണ
ന്യൂഡല്‍ഹി: രാഷ്ട്രപതിസ്ഥാനത്തേക്ക്‌സംയുക്ത സ്ഥാനാര്‍ഥിയെ നിര്‍ത്താനുള്ള പ്രതിപക്ഷത്തിന്റെ നീക്കത്തിന് തിരിച്ചടി നല്‍കി ബി.ജെ.പിയെ പിന്തുണയ്ക്കാന്‍ തീരുമാനിച്ച് ജെ.ഡി.യു രംഗത്ത്. പട്‌നയില്‍ ഇന്നലെ ചേര്‍ന്ന ജെ.ഡി.യു കോര്‍ കമ്മിറ്റി യോഗത്തിലാണ് ബി.ജെ.പിയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദിനെ പിന്തുണയ്ക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ ഔദ്യോഗിക വസതിയില്‍ ചേര്‍ന്ന യോഗത്തിനു ശേഷം ജെ.ഡി.യു എം.എല്‍.എ രത്‌നേഷ് സദയാണ് ഇക്കാര്യം അറിയിച്ചത്.
കോവിന്ദ് നല്ല മനുഷ്യാനാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പാര്‍ട്ടി എം.എല്‍.എമാരില്‍ നിന്നു വ്യക്തിപരമായി അഭിപ്രായം ആരാഞ്ഞതിനു ശേഷമാണ് കോവിന്ദിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചത്.
എന്നാല്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പിന്തുണയ്ക്കാനുള്ള ജെ.ഡി.യു തീരുമാനം ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. കോവിന്ദിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ വ്യക്തിപരമായി സന്തോഷമുണ്ടെന്നു നിതീഷ് കുമാര്‍ കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു.
കോവിന്ദിനെ പിന്തുണയ്ക്കുന്നതില്‍ പാര്‍ട്ടിക്കുള്ളിലും ബിഹാര്‍ സര്‍ക്കാരിലും രണ്ടഭിപ്രായമാണുള്ളത്. എന്‍.ഡി.എക്കെതിരായ പ്രതിപക്ഷനിരയ്ക്കു നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസും കോവിന്ദിനെതിരേ സ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട ആര്‍.ജെ.ഡിയും നിതീഷ് കുമാര്‍ സര്‍ക്കാരില്‍ കക്ഷികളാണ്. ഡല്‍ഹിയില്‍ ഇന്നു ചേരുന്ന പ്രതിപക്ഷ കക്ഷികളുടെ യോഗത്തിന് ശേഷമേ പിന്തുണയുടെ കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകൂ എന്ന് ആര്‍.ജെ.ഡി വ്യക്തമാക്കി.
മുതിര്‍ന്ന ജെ.ഡി.യു നേതാവ് ശരത് യാദവിനും കോവിന്ദിനെ പിന്തുണയ്ക്കുന്നതിനോട് യോജിപ്പില്ല. രാജ്യത്തെ പ്രതിപക്ഷനിരയിലെ പ്രമുഖനായ ശരത് യാദവ്, കോവിന്ദിനെതിരേ സംയുക്തസ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്ന പക്ഷക്കാരനാണ്. ഇന്നലെ ഡല്‍ഹിയില്‍ നിന്നു പട്‌നയിലെത്തിയ ശരത് യാദവ് മുഖ്യമന്ത്രിക്ക് മുഖം കൊടുക്കാതെ നേരെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലേക്കാണ് പോയത്.
ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും എതിരേ കടുത്ത നിലപാട് സ്വീകരിക്കുകയും നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായും ആര്‍.ജെ.ഡിയുമായും സഖ്യംരൂപീകരിച്ചു മല്‍സരിക്കുകയും ചെയ്ത് അധികാരത്തിലേറിയ ശേഷം മോദിയോട് അയഞ്ഞ നിലപാട് സ്വീകരിക്കുന്ന നിതീഷിന്റെ നടപടിയില്‍ പാര്‍ട്ടിയിലും മുന്നണിയിലും എതിര്‍പ്പ് ശക്തമാണ്.
രണ്ട് എം.പിമാരും 71 എം.എല്‍.എമാരുമുള്ള ജെ.ഡി.യുവിന്റെ നിലപാട് രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ രാംനാഥ് കോവിന്ദിന് ഏറെ പ്രയോജനം ചെയ്യും.
കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ഇന്നലെ നിതീഷ് കുമാറിനെ നേരില്‍ കണ്ട് രാഷ്ട്രപതി സ്ഥാനാര്‍ഥി വിഷയം ചര്‍ച്ച ചെയ്തിരുന്നു. പ്രതിപക്ഷ നിരയുടെ ഒപ്പം നില്‍ക്കണമെന്ന് നിതീഷിനോട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലും നേരിട്ട് അഭ്യര്‍ഥിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ജെ.ഡി.യു യോഗം ചേര്‍ന്ന് ബി.ജെ.പി ചായ്്‌വ് പ്രകടിപ്പിച്ചത്. പട്‌നയില്‍ കോണ്‍ഗ്രസ് നടത്തിയ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കാനെത്തിയ ഗുലാം നബി ആസാദ് ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവുമായും കൂടിക്കാഴ്ച നടത്തി. അതേസമയം, കോവിന്ദിനെ എങ്ങനെ നേരിടുമെന്നതു സംബന്ധിച്ച് സോണിയാഗാന്ധിയുടെ അധ്യക്ഷതയില്‍ ഇന്നു നടക്കുന്ന യോഗത്തില്‍ തീരുമാനമുണ്ടാകും. ബി.ജെ.പിക്കെതിരേ ബദല്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്നുള്ള മുന്‍ നിലപാടില്‍ പ്രതിപക്ഷം ഉറച്ചു നില്‍ക്കണോ എന്നാവുംയോഗം പ്രധാനമായും ചര്‍ച്ചചെയ്യുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."