ചെമ്പ്ര തുറന്നു; തൊഴിലാളികളുടെ ജീവിതം വീണ്ടും തളിരിടുന്നു
മേപ്പാടി: ഏഴര മാസത്തിലധികമായി പൂട്ടിക്കിടന്ന ചെമ്പ്ര എസ്റ്റേറ്റ് ഇന്നലെ വീണ്ടും തുറന്നു പ്രവര്‍ത്തനമാരംഭിച്ചു. ഇതോടെ പ്രതിസന്ധിയിലായിരുന്ന 317 തൊഴിലാളികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും താല്‍ക്കാലികമായെങ്കിലും ആശ്വസമായിരിക്കുകയാണ്. 2016 ഒക്ടോബര്‍ 27നാണ് തികച്ചും അപ്രതീക്ഷിതമായി തോട്ടം ലോക്കൗട്ട് ചെയ്തത്. തുടര്‍ന്ന് നിരവധി സമരങ്ങളാണ് അരങ്ങേറിയത്. പതിനഞ്ച് ദിവസത്തിന് ശേഷം തൊഴിലാളികള്‍ സ്വന്തം നിലക്ക് കൊളുന്തെടുത്ത് പുറത്ത് വില്‍പ്പന നടത്തിക്കൊണ്ടുള്ള സമരമാരംഭിച്ചു. അതിലൂടെ ലഭിച്ച ചെറിയ വരുമാനം കൊണ്ടാണ് തൊഴിലാളികളുടെ ജീവിതച്ചെലവുകള്‍ നടന്നത്. നിരവധി തവണ അനുരഞ്ജന ചര്‍ച്ചകള്‍ നടത്തിയെങ്കിലും തോട്ടം തുറക്കാന്‍ മാനേജ്‌മെന്റ് തയാറായില്ല. ഒടുവില്‍ ഏഴിന് സംസ്ഥാന തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍, സി.കെ ശശീന്ദ്രന്‍ എം.എല്‍.എ എന്നിവരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്ത് നടന്ന ചര്‍ച്ചയിലാണ് തോട്ടം തുറക്കാനുള്ള ഫോര്‍മുല രൂപപ്പെട്ടത്.
ആഴ്ചയില്‍ നാലുദിവസം വീതം തെഴിലാളികള്‍ക്ക് ജോലി ലഭിക്കും. ശമ്പള കുടിശിക, ബോണസ് എന്നിവയും ഉടനെ നല്‍കും. മുടങ്ങിക്കിടന്ന ഒരുമാസത്തെ ശമ്പളക്കുടിശിക ഇന്നലെ തൊഴിലാളികള്‍ക്ക് നല്‍കി. ഇനി ലഭിക്കാനുള്ള ബോണസും വാര്‍ഷിക സെറ്റില്‍മെന്റ് തുകയും ഈമാസം 23ന് നല്‍കാന്‍ മന്ത്രിതല ചര്‍ച്ചയില്‍ തീരുമാനമായിരുന്നു. എന്നാല്‍ കമ്പനിയുടെ സാമ്പത്തിക നില കാണിച്ച് ഈമാസം അവസാനമോ ജൂലൈ ആദ്യത്തിലോ നല്‍കുമെന്ന് തൊഴിലാളികളെ മാനേജ്‌മെന്റ് പ്രതിനിധികള്‍ അറിയിച്ചിട്ടുണ്ട്. സംയുക്ത ട്രേഡ് യൂണിയന്‍ നേതാക്കളായ പി.പി.എ കരീം, പി.കെ അനില്‍കുമാര്‍, എന്‍.ഒ ദേവസി, പി ഗഗാറിന്‍, കെ സെയ്തലവി, സി പ്രഭാകരന്‍, വേണുഗോപാല്‍, പി.കെ മുരളീധരന്‍, ടി.എ മുഹമ്മദ്, കെ. വിനോദ്, എന്‍.ഡി സാബു എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് തോട്ടം തുറക്കാനുള്ള തീരുമാനമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."