കാലിഫോര്‍ണിയയിലെ കാട്ടുതീ: മരണം 42 ആയി
വാഷിങ്ടണ്‍: കാലിഫോര്‍ണിയയില്‍ കാട്ടുതീയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 42 ആയി. 200 പേരെയാണ് കാണാതായത്. മണിക്കൂറില്‍ 64 കി.മീ വേഗതയില്‍ കാറ്റ് വീശുന്നത് അപകടത്തിന്റെ തീവ്രത വര്‍ധിപ്പിക്കുന്നുണ്ട്.
തെക്കന്‍ കാലിഫോര്‍ണിയയിലെ രണ്ടിടങ്ങളില്‍ ഇന്നലെ കാട്ടുതീ പടര്‍ന്നു. ക്യാംപ് ഫയറുണ്ടായ പാരഡൈസ് നഗരത്തിലാണ് ഇന്നലെ ഏറ്റവും കൂടുതല്‍ മൃതദേഹം കണ്ടെത്തിയത്. ഇനിയും മൃതദേഹങ്ങള്‍ കണ്ടെത്താനുണ്ടെന്നാണ് വിലയിരുത്തല്‍. പ്രദേശത്ത് ഫൊറന്‍സിക് വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവര്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. 1,11,000 ഏക്കര്‍ സ്ഥലമാണ് ഇവിടെ അഗ്നിക്കിരയായത്.
വോള്‍സ കാട്ടുതീ ആളിപ്പടര്‍ന്ന തൗസന്റ് ഓക്‌സ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ 85,500 ഏക്കര്‍ സ്ഥലമാണ് നശിച്ചത്. 177 കെട്ടിടങ്ങള്‍ തകര്‍ന്നു.
കാലിഫോര്‍ണിയയില്‍ നൂറ്റാണ്ടിനിടെയുണ്ടായ ഏറ്റവും വലിയ കാട്ടുതീയാണിത്. 1933ല്‍ ലോസ് ആഞ്ചല്‍സിലെ ഗ്രിഫിത്ത് പാര്‍ക്കിലുണ്ടായതിനു സമാനമാണ് ഇപ്പോള്‍ കാലിഫോര്‍ണിയയുടെ മൂന്നു ഭാഗങ്ങളിലായി വന്‍നാശം വിതച്ചുകൊണ്ടിരിക്കുന്ന കാട്ടുതീ.
വോള്‍സേ, ഹില്‍, ക്യാംപ് ഫയര്‍ എന്നീ പേരുകളിലായി കാലിഫോര്‍ണിയയുടെ മൂന്നു മേഖലകളിലാണ് തീ നാശം വിതയ്ക്കുന്നത്. ആദ്യത്തെ രണ്ടു സംഭവങ്ങളും ലോസ് ആഞ്ചല്‍സിന് സമീപത്തും ക്യാംപ് ഫയര്‍ പാരഡൈസ് നഗരത്തിലുമാണ്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ലോസ് ആഞ്ചല്‍സ് നഗരത്തില്‍നിന്നു തെക്കുവടക്കു മാറി 64 കിലോമീറ്റര്‍ അകലെ തൗസന്‍ഡ് ഓക്‌സില്‍ അഗ്‌നിബാധ ആരംഭിച്ചത്.
തലസ്ഥാനമായ സാക്രമെന്റോയിലെ വടക്കന്‍ മേഖലയില്‍ സ്ഥിതിചെയ്യുന്ന പ്ലുമാസ് ദേശീയ വനമാണ് ക്യാംപ് ഫയറിന്റെ ഉത്ഭവസ്ഥാനം.
രണ്ടായിരത്തോളം ഏക്കര്‍ ഭൂപ്രദേശത്ത് ഇപ്പോള്‍ കാട്ടുതീ നിയന്ത്രണത്തിലാക്കിയിട്ടുണ്ട്. പാരഡൈസ് നഗരം പൂര്‍ണമായും തീ വിഴുങ്ങിയതായാണ് റിപ്പോര്‍ട്ട്. രണ്ടര ലക്ഷത്തോളം പേര്‍ക്ക് വീടുകള്‍ ഒഴിയേണ്ടിയും വന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."