വ്യാജ സ്വര്‍ണ വായ്പാ തട്ടിപ്പ്: മുഖ്യപ്രതി പിടിയില്‍
കോഴിക്കോട്: ജില്ലയിലെ വിവിധ ധനകാര്യ സ്ഥാപനങ്ങളിലും സഹകരണ ബാങ്കുകളിലും വ്യാജ സ്വര്‍ണം പണയംവച്ച് തട്ടിപ്പു നടത്തുന്ന സംഘത്തിലെ പ്രധാന പ്രതി നടക്കാവ് പൊലിസിന്റെ പിടിയിലായി. ഒറിജിനല്‍ സ്വര്‍ണത്തെ വെല്ലുന്ന ആഭരണങ്ങള്‍ സ്ത്രീകളെക്കൊണ്ട് പണയം വപ്പിച്ച് പണം തട്ടുന്ന തിരൂര്‍ സ്വദേശി മൊയ്തീന്‍കുട്ടി (31) യെയാണ് നടക്കാവ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ ടി.കെ അഷ്‌റഫിന്റെ നേതൃത്വത്തില്‍ എസ്.ഐ സജീവനും സംഘവും കോഴിക്കോട് മെഡിക്കല്‍ കോളജിനടുത്തുവച്ച് വലയിലാക്കിയത്. കഴിഞ്ഞമാസം വെസ്റ്റ്ഹില്ലിലുള്ള ഐ.സി.എല്‍ ഫിന്‍കോര്‍പ്പില്‍ നിന്നു തട്ടിപ്പു നടത്തുന്നതിനിടയില്‍ ജീവനക്കാരുടെ സഹായത്തോടെ പിടികൂടിയ ഇയാളുടെ കൂട്ടുപ്രതിയായ യുവതിയെയും മറ്റൊരു യുവതിയെയും ചോദ്യം ചെയ്തപ്പോഴാണു പിന്നില്‍ വന്‍സംഘം ഉണ്ടെന്നു മനസിലായത്. എന്നാല്‍ അന്നു തന്ത്രപരമായി മുങ്ങിയ പ്രതി എറണാകുളത്തും മലപ്പുറത്തിന്റെ വിവിധ ഭാഗങ്ങളിലും ഒരു മാസത്തോളമായി ഒളിച്ചുതാമസിച്ചു വരികയായിരുന്നു. മുന്‍പ് റെന്റ് എ കാര്‍ ബിസിനസും കണ്ടെയ്‌നര്‍ ലോറി സര്‍വിസും നടത്തിയ പ്രതി ബിസിനസ് നഷ്ടത്തിലായപ്പോള്‍ അതു നികത്താന്‍ വേണ്ടിയാണ് ഇത്തരം തട്ടിപ്പിലേക്ക് തിരിഞ്ഞത്. ജില്ലയിലെ സ്വകാര്യ ടെക്‌സ്റ്റൈല്‍സിലെ ജീവനക്കാരികളെ തിരഞ്ഞെടുത്ത് അവരെക്കൊണ്ട് പണയം വപ്പിക്കുകയാണു ചെയ്തത്. ഐ.സി.എല്‍ ഫിന്‍കോര്‍പ്പ് വെസ്റ്റ്ഹില്‍, സിറ്റി വനിതാ കോപറേറ്റിവ് ബാങ്ക് എരഞ്ഞിപ്പാലം, കാലിക്കറ്റ് സിറ്റി കോപറേറ്റിവ് ബാങ്ക്, പെരുമണ്ണ സര്‍വിസ് സഹകരണ ബാങ്ക് കുറ്റിക്കാട്ടൂര്‍ ബ്രാഞ്ച് തുടങ്ങിയ നിരവധി സ്ഥാപനങ്ങളില്‍ നിന്നായി 20 ലക്ഷത്തിലധികം രൂപ സംഘം തട്ടിയെടുത്തിട്ടുണ്ടെന്നു പ്രതി പൊലിസിനോട് സമ്മതിച്ചു. മലപ്പുറം ജില്ലയിലും സമാനമായ തട്ടിപ്പ് നടത്തിയതായി പൊലിസിനു സൂചന ലഭിച്ചിട്ടുണ്ട്. ഇയാള്‍ക്ക് വ്യാജ സ്വര്‍ണം ലഭിക്കുന്ന ഉറവിടത്തെക്കുറിച്ചും മറ്റു സംഘാംഗങ്ങളെക്കുറിച്ചും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലിസ് അറിയിച്ചു. അന്വേഷണ സംഘത്തില്‍ എ.എസ്.ഐ എ. അനില്‍കുമാര്‍, സുനില്‍കുമാര്‍, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ സി. സന്തോഷ്, സി.പി.ഒ ഹാദില്‍ കുന്നുമ്മല്‍, പ്രജീഷ് എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."