മാര്‍ക്ക് ദാനത്തിനു പിന്നാലെ മാര്‍ക്ക് തട്ടിപ്പും, ഉത്തരക്കടലാസുകള്‍ ഡിന്‍ഡിക്കേറ്റംഗത്തിന് നല്‍കാന്‍ നീക്കം; കെ.ടി ജലീല്‍ കൂടുതല്‍ കുരുക്കിലേക്ക്
കോട്ടയം: പേഴ്‌സണല്‍ സെക്രട്ടറി ഇടപെട്ട് മാര്‍ക്ക് ദാനം നല്‍കിയ വിവാദത്തിനു പിന്നാലെ കെ.ടി ജലീലിന് കുരുക്ക് മുറുക്കി പുതിയ ക്രമക്കേടുകളും പുറത്ത്. കേരളാ സര്‍വകലശാലയിലെ മാര്‍ക്ക് ദാനത്തിനു പിന്നാലെ, എം.ജി സര്‍വകലാശാലയിലെ മാര്‍ക്ക് തട്ടിപ്പ് വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അതീവരഹസ്യമായി സൂക്ഷിക്കുന്ന ഫോള്‍ഡ് നമ്പര്‍ അടക്കം ഉത്തരക്കടലാസ് വിവരങ്ങള്‍ സിന്‍ഡിക്കേറ്റംഗത്തിന് നല്‍കാന്‍ വൈസ് ചാന്‍സിലര്‍ പരീക്ഷാ കണ്‍ട്രോളര്‍ക്ക് കത്തു നല്‍കുകയായിരുന്നു.
പരീക്ഷാ ചുമതലയുള്ള സിന്‍ഡിക്കേറ്റംഗം ഡോ.ആര്‍ പ്രഗാഷാണ് ഉത്തരക്കടലാസുകള്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞ മാസം പതിനഞ്ചാം തീയതിയാണ് എംകോമിന്റെ നാലാം സെമസ്റ്റര്‍ പരീക്ഷാഫലം വന്നത്. അതിന് ശേഷം പുനര്‍മൂല്യനിര്‍ണയത്തിനായി വിദ്യാര്‍ഥികള്‍ അപേക്ഷിച്ചു. തുടര്‍ന്ന് ഈ മാസം നാലാം തീയതി പരീക്ഷാ ചുമതലയുള്ള സിന്‍ഡിക്കേറ്റംഗം ഡോ. ആര്‍ പ്രഗാഷ് ഉത്തരക്കടലാസ് ആവശ്യപ്പെട്ട് കത്ത് നല്‍കി.
പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷ നല്‍കിയ 30 കുട്ടികളുടെ ഫോള്‍സ് നമ്പര്‍ അടക്കം നല്‍കണം എന്നാവശ്യപ്പെട്ട് ആയിരുന്നു വി.സിക്ക് കത്ത്. തുടര്‍ന്ന് രജിസ്റ്റര്‍ നമ്പര്‍, ഫോള്‍സ് നമ്പര്‍ എന്നിവ നല്‍കണമെന്ന് ആവശ്യപ്പെട്ട് വൈസ് ചാന്‍സലര്‍ കത്ത് പരീക്ഷാ കണ്‍ട്രോളര്‍ക്ക് കൈമാറുകയായിരുന്നു. എന്നാല്‍ ആവശ്യപ്രകാരം ഇവ സിന്‍ഡിക്കേറ്റ് അംഗത്തിന് ലഭിച്ചോ എന്ന് വ്യക്തമല്ല.
പരീക്ഷ എഴുതിയ വിദ്യാര്‍ഥി ഏതാണ് എന്ന് തിരിച്ചറിയാതിരിക്കാന്‍ നല്‍കുന്ന നമ്പര്‍ ആണ് ഫോള്‍സ് നമ്പര്‍. ഈ നമ്പരും രജിസ്റ്റര്‍ നമ്പരും ഒത്തു നോക്കിയാണ് മൂല്യനിര്‍ണയത്തിന് ശേഷം വിദ്യാര്‍ഥിയെ തിരിച്ചറിയുക. അതീവ രഹസ്യമായി നിശ്ചയിക്കുന്ന ഈ നമ്പരും ഉള്‍പ്പെടെ നല്‍കാനാണ് വി.സി പരീക്ഷാ കണ്‍ട്രോളര്‍ക്ക് ശുപാര്‍ശ നല്‍കിയെന്നതാണ് വലിയ തട്ടിപ്പ് നടത്തി എന്ന സംശയത്തിലേക്ക് വിരല്‍ ചൂണ്ടുന്നത്. ഈ രേഖകള്‍ ആണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."