നിധിക്കായി കുഴിയെടുത്തു; ദുരൂഹത ബാക്കി
അത്തോളി: നാട്ടുകാരില്‍ ദുരൂഹത സൃഷ്ടിച്ച് അത്തോളി വേളൂരില്‍ നിധി തേടിയുള്ള അന്വേഷണം. വേളൂര്‍ മുക്കിന് സമീപം ഊരാളി പറമ്പിലാണ് നിധിക്ക് വേണ്ടി തിരച്ചില്‍ നടത്തി വലിയ കുഴി ഉണ്ടാക്കിയിരിക്കുന്നത്.
കുറച്ചു ദിവസം മുന്‍പാണ് കല്ലായി കിഴിപറമ്പില് അഷ്റഫ്, പയ്യാനക്കല്‍ ചാമുണ്ടിവളപ്പില്‍ ഷമീര്‍ എന്നിവര്‍ ചേര്‍ന്ന് പ്ലാസ്റ്റിക് മാലിന്യം സംസ്കരിക്കുന്നതിനെന്ന് വ്യാജേന ഓങ്ങിലോട്ടുമ്മല് മൂസ എന്നയാളുടെ ഒന്നരയേക്കര്‍ സ്ഥലത്ത് നിധിക്കായി കുഴിയെടുത്തത്. മൂസയുടെ ബന്ധു ചാലംമ്പാട്ടില് മമ്മദ്കോയയുടെ സഹായത്തിലാണ് സ്ഥലം ലഭ്യമാക്കിയത്. മമ്മദ്കോയയും ഈ സ്ഥലം നോക്കി നടത്തിയിരുന്ന ചിറ്റേടത്ത് കരുണാകരന് എന്ന ആളുമാണ് സ്ഥലത്ത് നിധിയുള്ള വിവരം അഷ്റഫിനോടും ഷമീറിനോടും സൂചന നല്‍കിയതായി പറയുന്നത്.
തുടര്‍ന്ന് ഇവര്‍ ഒരു പണിക്കരെ സമീപിക്കുകയും പൂജക്ക് ശേഷം സ്ഥലത്തുള്ള ഈന്ത് മരത്തിന് സമീപം കുഴിക്കാന്‍ തുടങ്ങുകയുമായിരുന്നു. ഇതിനു മുന്‍പു തന്നെ ഈ സ്ഥലത്തേക്കുള്ള നാട്ടുകാരുടെ പ്രവേശനം ഇവര്‍ പ്ലാസ്റ്റിക് ഷീറ്റിട്ട് തടഞ്ഞിരുന്നു. ഒരു ഈന്ത് മരത്തിനടുത്തായിരുന്നു ഇവര്‍ കുഴിയെടുത്തത്. വലിയ ഒരു ഈന്ത് മരം മുറിച്ചിടുകയും ചെയ്തിട്ടുണ്ട്. കുഴിയെടുക്കാന്‍ തുടങ്ങുന്നതിനു മുന്‍പ് ഇവിടെ ചില ദൈവങ്ങളുടെ ചിത്രങ്ങളും രൂപങ്ങളും ഉപയോഗിച്ച് പൂജ നടത്തിയിട്ടുണ്ട്. പുല്‍പ്പായ, നാണയങ്ങള്‍, പൂജാദ്രവ്യങ്ങള്‍ തുടങ്ങിയ നാട്ടുകാര്‍ പിടിച്ചുവച്ചിരിക്കുകയാണ്. അഷ്റഫ് തന്നെയാണ് പൂജ നടത്തിയത്.
രണ്ടാള് പൊക്കത്തില്‍ എടുത്ത കുഴിയില്‍ ഒരു പാത്രത്തിന്റെ അടയാളം കണ്ടെത്തിയിട്ടുണ്ട്. ഇത് നിധിയുള്ള പാത്രത്തിന്റേതാണെന്ന് നാട്ടുകാരില്‍ ചിലര്‍ പറയാന്‍ തുടങ്ങിയതോടെ മറ്റു ചിലര്‍ വിവരം അത്തോളി പൊലിസില്‍ അറിയിക്കുകയായിരുന്നു. അത്തോളി എസ്.ഐ പ്രശാന്ത്, എ.എസ്.ഐ രഘു എന്നിവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.
നിധി കിട്ടിയിട്ടില്ലെന്ന് അഷ്റഫും ഷമീറും പറയുന്നുണ്ടെങ്കിലും നിധി കിട്ടിയിട്ടുണ്ടെന്നും അവര്‍ കടത്തിക്കൊണ്ട് പോയതാണെന്ന് നാട്ടുകാരും പറയുന്നു. എന്നാല്‍ രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെന്ന് അത്തോളി പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."