പകര്‍ച്ചവ്യാധികള്‍
ലൂയി പാസ്റ്ററാണ് പകര്‍ച്ചവ്യാധികള്‍ക്ക് കാരണം സൂക്ഷ്മ ജീവികളാണെന്ന് ആദ്യമായി നിരീക്ഷിച്ചറിഞ്ഞത്. എന്നാല്‍ ഇലക്ട്രോണിക്‌സ് മൈക്രോസ്‌കോപ്പിന്റെ വരവോടെയാണ് ശാസ്ത്രലോകം രോഗം പരത്തുന്ന കൊച്ചു ഭീകരരെ കണ്ടെത്തുന്നത്.
ഇന്നും ഈ അസുഖങ്ങള്‍ മാനവരാശിക്ക് സമ്മാനിക്കുന്ന ദുരിതങ്ങളും ഭീതിയും ഏറെയാണ്. ആദ്യ കാലത്ത് മനുഷ്യസഞ്ചാരം വളരെ കുറവായിരുന്നു. ഇന്ന് യാത്രകളുടെ ബാഹുല്യം ഒരു പ്രദേശത്ത് നിന്നും മറ്റൊരു പ്രദേശത്തേക്കുള്ള രോഗപകര്‍ച്ചയുടെ സാധ്യതയും വര്‍ധിപ്പിക്കുന്നു. പകര്‍ച്ചാവ്യാധികള്‍ക്ക് കാരണക്കാരായ സൂക്ഷ്മജീവികളെ കൈപ്പിടിയിലൊതുക്കാന്‍ കഴിഞ്ഞെങ്കിലും പ്രതിരോധ മുറകള്‍ തകര്‍ത്ത് ഇന്നും പുതിയ രൂപത്തിലും ഭാവത്തിലും രോഗങ്ങള്‍ മനുഷ്യരേയും ജന്തുക്കളേയും വേട്ടയാടിക്കൊണ്ടിരിക്കുന്നു.
മരണത്തിന്റെ നിറം കറുപ്പ്
1348 ല്‍ യൂറോപ്പില്‍ പടര്‍ന്നു പിടിച്ച പ്ലേഗ് ബാധയാണ് ചരിത്രത്തിലെ ഏറ്റവും വലിയ പ്ലേഗ് ബാധയായി അറിയപ്പെടുന്നത്. ചൈനയില്‍ നിന്ന് മധ്യേഷ്യവഴിയാണ് യൂറോപ്പില്‍ പ്ലേഗ് ബാധയെത്തിയതെന്ന് കരുതപ്പെടുന്നു. ഈ കാലത്ത് പ്ലേഗ് ബാധിച്ചവരുടെ തൊലിപ്പുറം കറുത്തിരുണ്ടിരുന്നു. പ്ലേഗിന്റെ പതിവു ലക്ഷണങ്ങള്‍ക്കു പുറമേയുള്ള ഈ കറുത്ത പാട് ഭൂരിഭാഗം പേരേയും മരണത്തിലേക്ക് തള്ളിവിട്ടു. കറുത്ത എലികള്‍ പരത്തിയിരുന്നതിനാല്‍ തന്നെ ഈ പ്ലേഗ് ബാധ കറുത്ത മരണം എന്ന പേരിലാണ് അറിയപ്പെട്ടത്.
പ്ലേഗിന് കാരണമായ യെര്‍സിനിയ ബാക്ടീരിയ ഇത്തരം എലികളുടെ രോമങ്ങള്‍ക്കിടയില്‍ റാറ്റ് ഫ്‌ളീ എന്ന എലിച്ചെള്ളുകള്‍ക്കൊപ്പം പറ്റിക്കിടന്നിരുന്നു. ബ്യൂബോണിക് എന്നയിനം പ്ലേഗ് ബാധയാണ് അന്ന് എലികള്‍ പകര്‍ത്തിയിരുന്നത്. കഴുത്തിലും ഗ്രന്ഥികളിലുമൊക്കെ മുഴകളുണ്ടാകുകയാണ് ഈ പ്ലേഗ് ബാധയില്‍ കാണപ്പെടുന്നത്. ന്യൂമോണിക് പ്ലേഗ് എന്ന മറ്റൊരിനം പ്ലേഗ് ബാധയുണ്ടാക്കാന്‍ എലികള്‍ വേണമെന്നുണ്ടായിരുന്നില്ല. രോഗം ബാധിച്ച ഒരാളുടെ ചുമ മാത്രം മതിയായിരുന്നു. ചില വര്‍ഷങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ ഏതാണ്ട് നാല്‍പ്പത് വര്‍ഷം പ്ലേഗ് മനുഷ്യവംശത്തെ മരണത്തിലേക്ക് തള്ളിവിട്ടു.
ക്ഷയം
ചുമയ്ക്കുന്ന പ്ലേഗ് എന്ന പേരായിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് പടര്‍ന്നു പിടിച്ച പുതിയയിനം രോഗാവസ്ഥയെ ആ കാലത്തെ 'ഭിഷഗ്വരന്മാര്‍ വിളിച്ചിരുന്നു. ക്ഷയം ആയിരുന്നു ആ അസുഖം. ക്ഷയരോഗം മൂലം നിരവധിയാളുകള്‍ മരണത്തിന് കീഴടങ്ങി. ഇന്നും അവികസിത രാജ്യങ്ങളില്‍ ക്ഷയം ഭീഷണിയാണ്. രോഗം ബാധിച്ച മനുഷ്യരില്‍ നിന്നുള്ള ചുമ,കഫം,ശ്വാസോച്ഛാസം എന്നിവയില്‍ നിന്ന് ക്ഷയരോഗം ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരാം. ശ്വാസകോശത്തെയാണ് ക്ഷയരോഗം ബാധിക്കുക. മൈകോബാക്ടീരിയം ട്യൂബര്‍ക്കുലോസിസ് എന്നയിനം ബാക്ടീരിയയാണ് ക്ഷയരോഗത്തിന് കാരണം.
മലിനമായ ചുറ്റുപാടില്‍ ജീവിക്കുന്നവരെയാണ് ക്ഷയം കൂടുതലായും വേട്ടയാടുക. തുടര്‍ച്ചയായുള്ള ചുമയാണ് രോഗലക്ഷണം. രോഗാണുക്കളുടെ പുറംതോടിന്റെ കട്ടി വളരെ കൂടുതലായതിനാല്‍ സാധാരണ മരുന്നുകളില്‍ നിന്ന് അവ വളരെ എളുപ്പത്തില്‍ രക്ഷപ്പെടുന്നു. ഇന്ന് ക്ഷയരോഗ ചികിത്സ വളരെ എളുപ്പമാണ്. എന്നാല്‍ ഇടയ്ക്ക് മരുന്ന് നിര്‍ത്തുന്ന പ്രവണത രോഗത്തിന്റെ കാഠിന്യം വര്‍ധിപ്പിക്കും. കുട്ടികളിലെ ക്ഷയരോഗ ബാധ തടയാന്‍ ബി.സി.ജി. കുത്തി വപ്പ് നല്‍കാവുന്നതാണ്.
മലമ്പനി
മലമ്പനിക്ക് ഇംഗ്ലിഷില്‍ മലേറിയ എന്നാണ് പേര്. അശുദ്ധവായു എന്നാണ് ഈ പദത്തിന് അര്‍ഥം. ആദ്യ കാലത്തെ ജനങ്ങള്‍ മലിനമായ വായുവില്‍ നിന്നാണ് മലമ്പനി പകരുന്നത് എന്ന് വിശ്വസിച്ചിരുന്നു. ഇറ്റലിക്കാരാണ് മലേറിയ എന്ന നാമകരണം നടത്തിയത് എന്ന് വിശ്വസിക്കുന്നു. പ്രോട്ടോസോവ വിഭാഗത്തില്‍ പെട്ട പ്ലാസ്‌മോഡിയം എന്ന ഏകകോശ ജീവിയാണ് മലമ്പനിക്ക് കാരണം. ഇവ ചുവന്നരക്താണുക്കളില്‍ പെരുകുന്നതാണ് രോഗ കാരണം. പ്ലാസ്‌മോഡിയം വിവാക്‌സ്,പ്ലാസ്‌മോഡിയം ഒവൈല്‍,പ്ലാസ്‌മോഡിയം മലേറിയ, പ്ലാസ്ഡിയം നോവേല്‍സി എന്നീ വിഭാഗങ്ങളില്‍ പ്ലാസ്‌മോഡിയം ഫാള്‍സി പാരം എന്നയിനമാണ് ഏറ്റവും അപകടകാരി. ഇവ വളരെ വേഗത്തില്‍ രോഗം വര്‍ധിക്കാന്‍ കാരണമാകുന്നു. അനോഫിലിസ് ജനുസില്‍പ്പെട്ട പെണ്‍കൊതുകുകളാണ് മലേറിയ രോഗം പകര്‍ത്തുന്നത്. ഇവയുടെ ഉമിനീരില്‍ നിന്ന് പ്ലാസ്‌മോഡിയം നമ്മുടെ രക്തത്തില്‍ കലരുമ്പോഴാണ് മലമ്പനിയുണ്ടാകുന്നത്. പനി, വിറയല്‍, വിളര്‍ച്ച, തലവേദന,ച്ഛര്‍ദി എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. തുടര്‍ച്ചയായി കാണപ്പെടുന്ന ഉയര്‍ന്ന അളവിലുള്ള പനിയാണ് പലപ്പോഴും മലമ്പനിയുടെ പ്രാഥമിക ലക്ഷണം. ക്ലോറോക്യൂന്‍, ക്യൂനിന്‍,അമോഡിയാക്യൂന്‍ തുടങ്ങിയ മരുന്നുകള്‍ ചികിത്സയ്ക്ക് ഉപയോഗിക്കുന്നു. 1953ല്‍ മലമ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം ഏതാണ്ട് എട്ട് ലക്ഷമായിരുന്നു.
കോളറ
പത്തൊമ്പതാം നൂറ്റാണ്ടില്‍ ലോകത്തിന്റെ പേടി സ്വപ്നമായ മറ്റൊരു രോഗമാണ് കോളറ. ഇന്ത്യയിലാണ് ലോകത്ത് ആദ്യമായി മഹാരോഗമെന്ന നിലയില്‍ കോളറ പടര്‍ന്ന് പിടിച്ചത്. 1840ല്‍ കൊല്‍ക്കത്തയില്‍ കണ്ടെത്തിയ ഈ രോഗം ഒരു വര്‍ഷം കൊണ്ട് ഉത്തരേന്ത്യയാകമാനവും അഞ്ച് വര്‍ഷത്തിനുള്ളില്‍ ചൈന,യൂറോപ്പ്,അമേരിക്ക, കാനഡ എന്നിവിടങ്ങളിലും ഈ രോഗം സംഹാരതാണ്ഡവമാടി. ജോണ്‍സ്‌നോ എന്ന ബ്രിട്ടിഷ് ഡോക്ടറാണ് കോളറ പടരുന്നത് മലിന ജലത്തിലൂടെയുംഭക്ഷണ പദാര്‍ഥത്തിലൂടെയാണെന്നും ആദ്യമായി കണ്ടെത്തിയത്. വിബ്രിയോ കോളറേ,എല്‍ട്രോര്‍ വിബ്രിയോസ് എന്നീ ബാക്ടീരിയകളാണ് കോളറയ്ക്ക് കാരണം.
മഞ്ഞപ്പിത്തം
വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്നതും ശ്രദ്ധിച്ചില്ലെങ്കില്‍ പകര്‍ച്ചവ്യാധിയായി മാറുന്നതുമായ അസുഖമാണ് മഞ്ഞപ്പിത്തം. ഇംഗ്ലിഷില്‍ ഹെപ്പറൈറ്റിസ് എന്നാണ് പേര്. ഈ വാക്കിന്റെ അര്‍ഥം കരള്‍ വീക്കം എന്നാണ്. മഞ്ഞപ്പിത്തത്തിനു കാരണമാകുന്ന വൈറസ് രണ്ട് തരമുണ്ട്. ഹെപ്പറൈറ്റിസ് എയും ബിയും. മൂത്രത്തിന്റെ നിറം, കണ്ണിന്റെ നിറം എന്നിവ മഞ്ഞയാകുന്നതാണ് പ്രാഥമിക ലക്ഷണം. പനി,ച്ഛര്‍ദി എന്നിവ തുടര്‍ന്നുണ്ടാകുന്നു.
എലിപ്പനി
മഴക്കാലമായാല്‍ നിത്യവും കേള്‍ക്കുന്ന ഒരു അസുഖമാണ് എലിപ്പനി. എലികള്‍ പരത്തുന്നതിനാലാണ് ഈ രോഗം എലിപ്പനി എന്ന പേരില്‍ അറിയപ്പെടുന്നത്. എന്നാല്‍ എലികള്‍ക്ക് പുറമേ പക്ഷികള്‍, പട്ടികള്‍ എന്നിവയും ഈ രോഗം പരത്താറുണ്ട്. പനി, തലവേദന, കണ്ണ് ചുവക്കല്‍, നെഞ്ച് വേദന തുടങ്ങിയവയാണ് രോഗ ലക്ഷണങ്ങള്‍. ലെപ്‌റ്റോസ് പൈറാ എന്ന സ്‌പൈറോ കീറ്റുകളാണ് ഈ രോഗമുണ്ടാക്കുന്നത്. ലെപ്‌റ്റോസ് പൈറാ ഇക്ടറോ ഹെമൊറാജിയെ എന്നയിനമാണ് എലികളിലൂടെ എലിപ്പനി പടര്‍ത്തുന്നത്. രോഗം ബാധിച്ച ജന്തുക്കളുടെ ശരീരവുമായി നേരിട്ട് സമ്പര്‍ക്കത്തിലാകുകയോ ഇവയുടെ മൂത്രത്തിലൂടെയോ എലിപ്പനി ബാധിക്കാം.
കുഷ്ഠം
പ്രാചീന കാലം തൊട്ട് തന്നെ മനുഷ്യരുടെ പേടിസ്വപ്നമാണ് കുഷ്ഠം. ലെപ്രസി എന്ന് അറിയപ്പെടുന്ന ഈ രോഗത്തെ ആധുനിക വൈദ്യശാസ്ത്രം ഹാന്‍സന്‍സ് ഡിസീസ് എന്ന് വിളിക്കുന്നു. ഞരമ്പുകളെയും ശരീര ചര്‍മത്തേയും ആക്രമിക്കുന്ന ഈ അസുഖം ചര്‍മത്തിലെ പല ഭാഗത്തും നിറവ്യത്യാസം വരുത്തുന്നു. ചര്‍മത്തിന്റെ സ്പര്‍ശന ശക്തിയെ നശിപ്പിച്ചു കളയുന്നു. ആധുനിക വൈദ്യശാസ്ത്രത്തില്‍ ഈ രോഗം നേരത്തെ കണ്ടെത്താനും പൂര്‍ണമായും ഭേദമാക്കാനും സാധിക്കും. ഡാപ്‌സോണ്‍, ക്ലോഫാസിമിന്‍ എന്നീ മരുന്നുകള്‍ കുഷ്ഠ രോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്നു. പകര്‍ച്ചവ്യാധി ആണെങ്കിലും മറ്റ് അസുഖങ്ങളെ അപേക്ഷിച്ച് ഏറ്റവും സാവധാനത്തിലാണ് കുഷ്ഠം പകരുന്നത്.
ഒരു കാലത്ത് കുഷ്ഠ രോഗികളെ കാണുന്നത് പോലും സമൂഹം ഭയന്നിരുന്നു. അഗതികളുടെ അമ്മയായ മദര്‍ തെരേസ കുഷ്ഠ രോഗികളെ പരിചരിക്കുന്നതിലും അവര്‍ക്കായി ശുശ്രൂഷാ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിലും മുന്‍ പന്തിയിലായിരുന്നു.
ടൈഫോയ്ഡ്
വെള്ളത്തില്‍ കൂടിയും ഭക്ഷണത്തില്‍ കൂടിയും പകരുന്ന രോഗമാണ് ടൈഫോയ്ഡ്. നീണ്ടു നില്‍ക്കുന്ന പനിയാണ് ഈ രോഗത്തിന്റെ പ്രാഥമിക ലക്ഷണം. സാള്‍ മൊണല്ല ടൈഫി എന്നയിനം ബാക്ടീരിയയാണ് രോഗകാരി. ആദ്യ കാലത്ത് ഈ രോഗത്തിന് പ്രതിവിധിയില്ലായിരുന്നു. കുടലിനെയാണ് ഈ രോഗാണു ആദ്യം ബാധിക്കുക. രോഗം ബാധിച്ചവര്‍ പലപ്പോഴും ദീര്‍ഘകാലം രോഗാണുവാഹകരായി മാറാറുണ്ട്. അമേരിക്കയിലെ മേരി മല്ലോണ്‍ എന്ന സ്ത്രീ ഏതാണ്ട് ആയിരത്തിലേറെ പേര്‍ക്ക് ടൈഫോയ്ഡ് രോഗം പകര്‍ന്നിരുന്നുവത്രേ. ടൈഫോയ്ഡ് മേരി എന്നാണ് ഇവര്‍ അറിയപ്പെട്ടിരുന്നത്.
വസൂരി
ഒരു കാലത്ത് ആയിരങ്ങളെ കൊന്നൊടുക്കിയ മഹാരോഗമാണ് വസൂരി. 1980 ല്‍ ലോകത്ത് നിന്ന് പൂര്‍ണമായും വസൂരി തുടച്ചു നീക്കിയെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിട്ടുണ്ട്. വസൂരി ലോകത്ത് നിന്ന് അപ്രത്യക്ഷമാക്കുന്നതില്‍ എഡ്വേഡ് ജന്നര്‍ എന്ന ഡോക്ടര്‍ വഹിച്ച പങ്ക് നിസ്തുലമാണ്. ഗോവസൂരി എന്നജന്തു രോഗം ബാധിച്ചവര്‍ക്ക് വസൂരിരോഗം ബാധിക്കുന്നില്ലെന്ന നിരീക്ഷണമാണ് ജന്നറെ വസൂരി രോഗത്തിനെതിരേയുള്ള പ്രതിരോധക്കുത്തിവെപ്പ് കണ്ടെത്തുന്നതിലേക്ക് നയിച്ചത്. കേരളത്തില്‍ പോലും വസൂരിക്കെതിരേ അച്ചുകുത്തല്‍ എന്ന പ്രതിരോധ സംവിധാനം നിലവിലുണ്ടായിരുന്നു.
ആന്ത്രാക്‌സ്
ഇന്ത്യ, പാകിസ്താന്‍, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ മൃഗങ്ങളില്‍ കണ്ടു വരുന്ന രോഗമാണിത്. ബാസില്ലസ് ആന്ത്രാസിസ് ആണ് രോഗത്തിന് കാരണം. തൊലിപ്പുറത്ത് ബാധിക്കുന്നവ, ദഹനേന്ദ്രിയത്തെ ബാധിക്കുന്നവ, ശ്വാസകോശത്തെ ബാധിക്കുന്നവ എന്നിങ്ങനെ മൂന്ന് തരത്തില്‍ ആന്ത്രാക്‌സ് രോഗബാധയുണ്ടാകുന്നു. ശ്വാസകോശത്തെ ബാധിക്കുന്ന ആന്ത്രാക്‌സ് ഇന്ന് ലോകരാഷ്ട്രങ്ങളെ മുഴുവന്‍ ഭയപ്പെടുത്തുന്ന പകര്‍ച്ചവ്യാധിയാണ്.
ഡെങ്കിപ്പനി
കൊതുകുകള്‍ പരത്തുന്ന മാരകമായ പകര്‍ച്ചവ്യാധിയാണ് ഡെങ്കിപ്പനി. പനിയോടൊപ്പമുള്ള രക്തപ്രവാഹം രോഗാവസ്ഥയെ ഗുരുതരമാക്കുന്നു. ഇങ്ങനെയുണ്ടാകുന്ന ആന്തരിക രക്തപ്രവാഹം പലപ്പോഴും മരണത്തില്‍ കൊണ്ടെത്തിക്കും. ഫ്‌ളേവി വൈറസുകളാണ് ഈ രോഗത്തിന് കാരണം. ഈഡിസ് വിഭാഗത്തില്‍ പെടുന്ന കൊതുകുകളാണ് രോഗം പരത്തുന്നത്. പെട്ടെന്നുള്ള പനിയോടൊപ്പം തലവേദന, കഴുത്തിലേയും തലയിലേയും ലിംഫ് ഗ്രന്ഥികള്‍ വീര്‍ക്കല്‍ എന്നിവയാണ് പ്രാഥമിക ലക്ഷണം.
പോളിയോ
പോളിയോമൈലൈറ്റിസ് എന്ന പിള്ള വാതം ഒരു കാലത്ത് അനേകം പേരുടെ ജീവിതം തകര്‍ത്തിരുന്നു. രണ്ട് വയസുവരെയുള്ള കുട്ടികളെയാണ് ഈ രോഗം മുഖ്യമായും ബാധിക്കുന്നത്. ഇന്ത്യ പോലുള്ള വികസ്വരരാജ്യത്ത് ഇന്നും പോളിയോ ഒരുഭീഷണി തന്നെയാണ്. വൈറസ് മുഖേനെ ഉണ്ടാകുന്ന രോഗമായതിനാല്‍ പോളിയോ അസുഖത്തിന് ചികിത്സ ഇല്ല. പ്രതിരോധമാണ് മുഖ്യം. രോഗം ബാധിച്ചവരുടെ ശരീരസ്രവത്തിലും മലത്തിലും രോഗാണുക്കള്‍ കാണപ്പെടുന്നു. പോളിയോ ശ്വാസകോശത്തെ ബാധിച്ച് രോഗികള്‍ പലപ്പോഴും മരണത്തിന് കീഴടങ്ങാറുണ്ട്.
മന്ത്
ഇന്ത്യയില്‍ കാണപ്പെടുന്ന മന്ത് രോഗത്തിന് കാരണം വുച്വറേറിയ ബാന്‍ക്രോഫ്റ്റി,ബ്രുഗിയ മലയി എന്നീ മന്തുവിരകളാണ്. ലസികാവാഹിനിക്കുഴലില്‍ വളര്‍ന്ന് തടസ്സമുണ്ടാക്കിയാണ് മന്തു വിരകള്‍ രോഗാവസ്ഥ ഗുരുതരമാക്കുന്നത്. തീര ദേശങ്ങളില്‍ ഈ രോഗം കൂടുതലായും കാണപ്പെടുന്നു. കൊതുകാണ് രോഗം പകര്‍ത്തുന്നത്. പനി, കഴല വീക്കം എന്നിവയാണ് പ്രാഥമിക ലക്ഷണം.
സാര്‍സ്
സിവിയര്‍ അക്യൂട്ട് റസ്പിറേറ്ററി സിന്‍ഡ്രോം എന്ന രോഗത്തിന്റെ ചരുക്കെഴുത്താണ് സാര്‍സ്. ചൈനയിലാണ് ഈ രോഗത്തിന്റെ ഉത്ഭവം. സാധാരണ രീതിയിലുള്ള ഇന്‍ഫ്‌ളൂവന്‍സ് രോഗലക്ഷണങ്ങളോടെ ആരംഭിച്ച് രോഗിക്ക് മരണം സമ്മാനിക്കുന്ന അസുഖമാണിത്. ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളിലും സാര്‍സ് രോഗബാധയുടെ ദുരന്തമേറ്റ് വാങ്ങിയിട്ടുണ്ട്. കൊറോണറി വര്‍ഗത്തില്‍ പെട്ട വൈറസാണ് രോഗാണുകാരി. വായുവില്‍ കൂടിയാണ് സാര്‍സ്് പകരുന്നത്. രോഗം ബാധിച്ചവരുടെ സ്പര്‍ശനം, തുമ്മല്‍ എന്നിവയിലൂടെ രോഗം പകരുന്നു.
എയ്ഡ്‌സ്
മനുഷ്യരാശിയെ ഏറ്റവും കൂടുതല്‍ ഭയപ്പെടുത്തുന്ന അസുഖമാണ് എയ്ഡ്‌സ്, രോഗിയേയും കുടുംബത്തേയും സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുത്തുന്നതിലേക്ക് ഈ രോഗം കാരണമാകുന്നു.
രക്തവും രക്തഘടകങ്ങളും വഴിയും ലൈംഗിക ബന്ധത്തിലൂടെയും ഈ രോഗം പകരുന്നു. എയ്ഡ്‌സ് ഒരുരോഗം എന്നതിലുപരി ഒരുകൂട്ടം രോഗങ്ങളാണെന്ന് പറയാം. ശരീരത്തിന്റെ പ്രതിരോധ സംവിധാനം തകരുകയും നിരവധി രോഗങ്ങളിലേക്ക് രോഗിയെ നയിക്കുകയും ചെയ്യുന്ന ഈ രോഗത്തിന് കാരണം എച്ച്.ഐ.വി വൈറസ് ആണ്.
എബോള
ഫൈലോവൈറസ് വിഭാഗത്തില്‍ പെടുന്ന എബോള വൈറസ് പകര്‍ത്തുന്ന അസുഖമാണ് എബോളഫീവര്‍. രക്തം,ശരീര സ്രവങ്ങള്‍, ത്വക്ക് എന്നിവയിലൂടെ രോഗം പകരുന്നു. പനി. തലവേദന,ഛര്‍ദി,വയറിളക്കം എന്നിവയാണ് രോഗത്തിന്റെ പ്രഥമലക്ഷണം. രക്തസ്രാവം ഉണ്ടാക്കുന്ന വൈറസ് വിഭാഗത്തില്‍ പെടുന്ന എബോള വൈറസ് രോഗിയെ വളരെ വേഗത്തില്‍ മരണത്തിലേക്കെത്തിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."