പെരുമ്പടപ്പിലെ വിദ്യാര്‍ഥികള്‍ മരിച്ച സംഭവം: ക്രൈംബ്രാഞ്ച് പുനരന്വേഷണം ആരംഭിച്ചു
മലപ്പുറം: പെരുമ്പടപ്പിലെ രണ്ടു വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി അബ്ദുള്‍ ഖാദറിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് അന്വേഷിക്കുന്നത്. അവിയൂര്‍ സ്വദേശികളായ നജീബുദീന്‍(16), സുഹൃത്ത് വാഹിദ് (16) എന്നിവരാണ് മരിച്ചത്. 2016 ലാണ് അപകടമുണ്ടായത്.
ഇരുവരും സഞ്ചരിച്ച ബൈക്ക് ഇലക്ട്രിക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. അപകടശേഷം ഇരുവരേയും വ്യത്യസ്ത വാഹനങ്ങളിലാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. യാത്രാമധ്യേ വാഹിദ് മരിക്കുകയായിരുന്നു. നജീബുദീന്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മൂന്നാം ദിവസം മരിച്ചു.
നജീബുദീന്‍ മരുന്നുകളോടു പ്രതികരിക്കുന്നുണ്ടെന്നും ശസ്ത്രക്രിയ വേണ്ടെന്നുമാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ശരീരത്തില്‍ തുന്നിയതിന്റെ പാടുകളുണ്ടായിരുന്നു . പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലയ്‌ക്കേറ്റ മാരക മുറിവാണ് മരണകാരണമെന്നാണ് പറഞ്ഞിരുന്നത്. അപകടസമയത്ത് നിലവിളിയോ മറ്റു ശബ്ദമോ കേള്‍ക്കാത്തതും ഇരുവരുടേയും ശരീരത്തില്‍ കയറുകൊണ്ട് കെട്ടിയതുപോലുള്ള പാടുകള്‍ കണ്ടതും കൂടുതല്‍ സംശയത്തിനിടയാക്കി.
അപകടമരണമെന്ന് ലോക്കല്‍ പൊലീസ് എഴുതി തള്ളിയെങ്കിലും പിന്നീടും സംശയം ബാക്കി നില്‍ക്കെ മരിച്ച നജീബുദീന്റെ പിതാവ് പരാതി നല്‍കുകയായിരുന്നു. ഇതിനു പിന്നാലെയാണ് കേസ് പുനരന്വേഷിക്കാന്‍ ജില്ലാ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."