ധീവരസഭയുടെ സമരത്തിനെതിരേ വിമര്‍ശനവുമായി സി.പി.എം
ആലപ്പുഴ: അമ്പലപ്പുഴ താലൂക്കില്‍ ധീവരസഭ തുടര്‍ച്ചയായി നടത്തുന്ന വഴിവിട്ട സമരങ്ങള്‍ അവസാനിപ്പിക്കണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിക്കുന്ന സഹായങ്ങള്‍ ആവശ്യമില്ല എന്ന നിലപാടാണ് ഹര്‍ത്താലിനു പിന്നിലുള്ളത്.
വികസന ക്ഷേമപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുകയല്ല വേണ്ടത്. കഴിഞ്ഞ 5 വര്‍ഷക്കാലം മത്സ്യത്തൊഴിലാളികള്‍ക്ക് യാതൊന്നും ചെയ്യാത്ത സര്‍ക്കാരായിരുന്നു ഉണ്ടായിരുന്നത്. നൂറോളം കുടുംബങ്ങള്‍ വീടും സ്ഥലവും നഷ്ടപ്പെട്ട് ക്യാമ്പുകളില്‍ കഴിയുകയാണ്. ക്യാമ്പില്‍ താമസിക്കുന്നവര്‍ക്ക് നല്‍കിക്കൊണ്ടിരുന്ന ഭക്ഷണ സാധനങ്ങള്‍ വരെ നിര്‍ത്തലാക്കി. എല്‍.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം അത് പുന:സ്ഥാപിച്ചു.
കടലില്‍ പോയി മരണപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബത്തിന് ഒരു ലക്ഷം രൂപ ധനസഹായം അടിയന്തിരമായി വീട്ടിലെത്തിച്ചു. കഴിഞ്ഞ ദിവസം കടല്‍ക്ഷോഭത്തില്‍ 28 വള്ളങ്ങള്‍ക്കാണ് നാശനഷ്ടം സംഭവിച്ചത്. ഒരുലക്ഷം രൂപ വീതം 28 ലക്ഷം രൂപ അടിയന്തിരമായി അനുവദിച്ചു. ഈ തുക വള്ളങ്ങളിലെ നാനൂറോളം തൊഴിലാളികള്‍ക്ക് അവരുടെ കുടുംബച്ചെലവിനായി നല്‍കിയതാണ്. വള്ളങ്ങള്‍ക്ക് വന്നിട്ടുള്ള നാശനഷ്ടങ്ങള്‍ മത്സ്യഫെഡും ഫിഷറീസും സംയുക്തമായി പരിശോധിച്ച് ആവശ്യമായ സഹായം വായ്പയായോ സബ്‌സിഡിയായോ അടിയന്തിരമായി നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രിയടക്കം പറഞ്ഞതാണ്. ഇതൊന്നും വേണ്ട എന്ന നിലപാടാണ് സമരക്കാര്‍ ലക്ഷ്യംവെക്കുന്നതെന്നും സജിചെറിയാന്‍ ആരോപിച്ചു. യു.ഡി.എഫ്. ഭരണകാലത്ത് പത്തിലധികം വള്ളങ്ങള്‍ അമ്പലപ്പുഴ താലൂക്കില്‍തന്നെ തകര്‍ന്നിട്ടുണ്ട്.
അന്നത്തെ എം.എല്‍.എ.യും ഇന്നത്തെ പൊതുമരാമത്ത് മന്ത്രിയുമായ ജി.സുധാകരന്‍ കഴിഞ്ഞ സര്‍ക്കാരിന് കത്ത് നല്‍കിയിട്ടും നേരിട്ടാവശ്യപ്പെട്ടിട്ടും ഒരാനുകൂല്യവും നല്‍കിയിട്ടില്ല. മത്സ്യഫെഡിന്റെ ചെയര്‍മാന്‍ ഇപ്പോഴും വി.ദിനകരന്‍തന്നെയാണ്. ഇപ്പോള്‍ ആശുപത്രിയില്‍ കിടന്നുകൊണ്ട് ധീവരസഭയുടെ നേതാവ് സമരത്തിന് ആഹ്വാനം ചെയ്യുന്നത് അപഹാസ്യമാണ്. മത്സ്യത്തൊഴിലാളികളെ പ്രകോപിതരാക്കി, അവരെ സമരത്തിലേക്ക് തള്ളിവിട്ട് മുതലെടുപ്പ് നടത്തുന്നത് നല്ലതല്ല. 'പുരകത്തുമ്പോള്‍ വാഴവെട്ടാന്‍' ശ്രമിക്കുന്നതരത്തില്‍ സംഘടിപ്പിക്കുന്ന ഇത്തരം സമരങ്ങള്‍ ഭൂഷണമല്ലെന്നും സജിചെറിയാന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."