അപകടക്കെണിയൊരുക്കി ചാണോക്കുണ്ട് പാലം
ആലക്കോട്: തളിപ്പറമ്പ്-കൂര്‍ഗ് ബോര്‍ഡര്‍ റോഡില്‍ അപകടക്കെണിയൊരുക്കി ചാണോക്കുണ്ട് പാലം. അരനൂറ്റാണ്ട് മുമ്പ് നിര്‍മിച്ച പാലം പുനര്‍നിര്‍മിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
തളിപ്പറമ്പില്‍ നിന്നു ആലക്കോട് മേഖലയിലേക്ക് എത്താന്‍ ഈ പാലം കടക്കണം. വാഹനങ്ങള്‍ തീരെ കുറഞ്ഞ കാലത്ത് നിര്‍മിച്ച പാലത്തില്‍ കൂടി ഇടതടവില്ലാതെയാണ് ഇപ്പോള്‍ വാഹനങ്ങള്‍ കടന്നു പോകുന്നത്. വീതി കുറഞ്ഞ പാലത്തിന്റെ കൈവരികള്‍ പലതും തകര്‍ന്നിരിക്കുന്നതും സംരക്ഷണഭിത്തിയുടെ ഭാഗങ്ങളില്‍ വിള്ളലുകള്‍ രൂപപ്പെട്ടതും പാലത്തിന്റെ ബലക്ഷയത്തിന് കാരണമാകുന്നു. അന്‍പത് കോടിയോളം രൂപ മുടക്കി തളിപ്പറമ്പ്-കൂര്‍ഗ് ബോര്‍ഡര്‍ റോഡ് അന്തര്‍ ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തിയപ്പോഴും പാലം പുനര്‍ നിര്‍മിക്കാന്‍ ആവശ്യമായ നടപടികള്‍ അധികൃതര്‍ സ്വീകരിച്ചില്ല.
മഴക്കാലമായതോടെ നിരവധി വാഹനങ്ങളാണ് ഇവിടെ അപകടത്തില്‍പെടുന്നത്. തകര്‍ന്ന കൈവരികള്‍ക്കിടയില്‍ കൂടി കുത്തിയൊഴുകുന്ന പുഴയിലേക്ക് കാല്‍നടയാത്രികരും വീഴാനുള്ള സാധ്യത ഏറെയാണ്. പാലത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ ബസപകടത്തില്‍ യാത്രക്കാര്‍ അത്ഭുതകരമായാണ് രക്ഷപെട്ടത്. വീതികുറഞ്ഞ പാലത്തിന്റെ ഇരു ഭാഗത്തു നിന്നും അമിത വേഗതയില്‍ വരുന്ന വാഹനങ്ങള്‍ പെട്ടന്ന് നിര്‍ത്തേണ്ടി വരുന്നത് അപകടങ്ങള്‍ പതിവാകാന്‍ കാരണമാകുന്നുണ്ട്. നിരവധി തവണ വ്യാപാരികളും നാട്ടുകാരും പുതിയൊരു പാലം അനുവദിക്കണമെന്നാവശ്യപ്പെട്ട് വകുപ്പ് മന്ത്രിക്ക് ഉള്‍പ്പെടെ നിവേദനങ്ങള്‍ നല്‍കിയെങ്കിലും യാതൊരു പ്രയോജനവുമുണ്ടായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."