HOME
DETAILS
MAL
ഉദ്ഘാടനത്തിന് സൗരവ് ഗാംഗുലിയടക്കം വന്‍ താരപ്പട; ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധത്തിന് മാറ്റ് കൂട്ടാന്‍ രാജു ഗെയ്ക്വാദ്
backup
October 19 2019 | 02:10 AM
'
ജലീല്‍ അരൂക്കുറ്റി
കൊച്ചി: കാല്‍പന്തു കളിയുടെ മാസ്മരികതയ്ക്കും മഞ്ഞപ്പടയുടെ ഉയിര്‍ത്തേഴുന്നേല്‍പ്പിനും സാക്ഷിയാകാന്‍ കൊച്ചി സജ്ജമായി. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ആറാം പതിപ്പിന് നാളെ തുടക്കം കുറിക്കാന്‍ കൊച്ചിയും ആതിഥേയരായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സിയും ഒരുങ്ങി. ഐ.എസ്.എല്‍ ഉദ്ഘാടനച്ചടങ്ങുകളും ആദ്യമത്സരവും കൂടുതല്‍ ആവേശം സൃഷ്ടിക്കുന്നതായി മാറും. കരുത്തും കരുതലുമായി പത്ത് ടീമുകളാണ് ആറാം സീസണില്‍ മാറ്റുരയ്ക്കുന്നത്. കഴിഞ്ഞ തവണ നേരിട്ട തിരിച്ചടികളില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കാനുള്ള തീവ്രശ്രമത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി. അടിമുടി മാറ്റവുമായി നാളെ കളത്തിലിറങ്ങുന്ന ബ്ലാസ്റ്റേഴ്‌സ് ഉദ്ഘാടന മാമാങ്കത്തില്‍ നേരിടുന്നത് ശക്തരായ എ.ടി.കെയാണ്.
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആറാം സീസണിലെ ഉദ്ഘാടന മത്സരത്തിന് സാക്ഷിയാവാന്‍ ബി.സി.സി.ഐയുടെ നിയുക്ത പ്രസിഡന്റും എ.ടി.കെയുടെ ഉടമകളിലൊരാളുമായ സൗരവ് ഗാംഗുലി അടക്കം വലിയ താരനിര തന്നെ കൊച്ചിയിലെത്തും. മത്സരത്തിന് മുന്നോടിയായി അരമണിക്കൂര്‍ നീളുന്ന വിസ്മയ പ്രകടനങ്ങള്‍ കാണാം. ബോളിവുഡ് സൂപ്പര്‍ താരങ്ങളായ ടൈഗര്‍ ഷ്‌റോഫ്, ദിഷ പഠാനി എന്നിവര്‍ക്കൊപ്പം ലോക വേദികളിലെ സാന്നിധ്യമായ ഇന്ത്യന്‍ ഡാന്‍സ് ഗ്രൂപ്പ് കിങ്‌സ് യുനൈറ്റഡും നൃത്ത ചുവടുകളുമായെത്തും. യുവനടന്‍ ദുല്‍ഖര്‍ സല്‍മാനാണ് ചടങ്ങുകളുടെ അവതാരകന്‍. കൃത്യം ആറിന് ഉദ്ഘാടന ചടങ്ങുകള്‍ തുടങ്ങും. 6.45 മുതല്‍ തത്സമയ ടി.വി സംപ്രേഷണമുണ്ടാവും. വൈകിട്ട് നാലു മുതലാണ് സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം. 2020 ഫെബ്രുവരി 23 വരെ നീളുന്ന സീസണില്‍ പ്രാഥമിക തലത്തില്‍ 90 മത്സരങ്ങളുണ്ടാവും.
ഓരോ ടീമിനും 18 റൗണ്ട് മത്സരങ്ങള്‍. ബ്ലാസ്റ്റേഴ്‌സിനെ കൂടാതെ ബംഗളൂരു എഫ്.സി, എഫ്.സി ഗോവ, എ.ടി.കെ, ചെന്നൈയിന്‍ എഫ്.സി, ജംഷഡ്പുര്‍ എഫ്.സി, മുംബെ സിറ്റി എഫ്.സി, നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ്, ഒഡിഷ എഫ്.സി, ഹൈദരാബാദ് എഫ്.സി എന്നിവരാണ് ആറാം പതിപ്പില്‍ ഏറ്റുമുട്ടുന്ന ടീമുകള്‍. വൈകിട്ട് 7.30നാണ് എല്ലാ മത്സരങ്ങളുടെയും കിക്കോഫ്. സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങളുടെ തിയതിയും വേദിയും പ്രഖ്യാപിച്ചിട്ടില്ല. ഇത്തവണ മാറ്റുരയ്ക്കുന്നവരില്‍ കിരീടം ചൂടി രാജാക്കന്മാരായത് മൂന്ന് ടീമുകളാണ്. കൊല്‍ക്കത്തയും ചെന്നൈയിന്‍ എഫ്.സിയും രണ്ട് തവണ വീതവും ബംഗളൂരു എഫ്.സി ഒരു തവണയുമാണ് കിരീടം ചൂടിയത്. ആറാം ഊഴത്തില്‍ പത്ത് സംസ്ഥാനങ്ങളില്‍ നിന്നായിട്ടാണ് ടീമുകള്‍ എത്തുന്നതെന്നത് ഒരു പ്രത്യേകതയാണ്. 27 രാജ്യങ്ങളിലെ താരസാന്നിധ്യം ഉറപ്പാക്കുന്ന ഐ.എസ്.എല്‍ പോരാട്ടത്തില്‍ 67 വിദേശ താരങ്ങളാണ് അണിനിരക്കുന്നത്. 27 സ്പാനിഷ് താരങ്ങളും എട്ട് ബ്രസീലിയന്‍ താരങ്ങളും ഫുട്‌ബോള്‍ മാമാങ്കത്തിന് മാറ്റുകൂട്ടാന്‍ ബൂട്ടണിയും. ഐ.എസ്.എല്‍ ആറാം പതിപ്പില്‍ 13 മലയാളി താരങ്ങള്‍ക്ക് അവസരം ലഭിച്ചുവെന്നതും വലിയ നേട്ടമാണ്. ഇവരില്‍ ഏഴ് പേര്‍ മൈതാനത്തിറങ്ങുന്നത് മഞ്ഞപ്പടയുടെ ഭാഗമായിട്ടാണ്. ഹെഡ് കോച്ച് എല്‍ക്കോ ഷറ്റോരിയുടെ തന്ത്രങ്ങള്‍ക്കാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ കാത്തിരിക്കുന്നത്. പരുക്കേറ്റ് പുറത്തായ സന്ദേശ് ജിങ്കന് പകരക്കാരനായി രാജു ഗെയ്ക്വാദിനെ ബ്ലാസ്റ്റേഴ്‌സിലെത്തിച്ചു. നേരത്തെ തന്നെ കരാറിലായിരുന്നുവെങ്കിലും ഇന്നലെയാണ് ഇക്കാര്യം ടീം ഔദ്യോഗികമായി പുറത്തുവിട്ടത്. മുംബൈ സ്വദേശിയായ 29കാരന്‍ സെന്റര്‍ ബാക്ക് ഡിഫന്‍ഡറായി മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍ ക്ലബുകള്‍ക്കായി കളിച്ചിട്ടുണ്ട്. 2011 ല്‍ ദേശീയ അണ്ടര്‍ 23 ടീമിലെത്തി. കാമറൂണിന്റെ ബി ടീമിനെ തോല്‍പ്പിച്ച് 2012 നെഹ്‌റു കപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു. കഴിഞ്ഞ സീസണില്‍ ജംഷ്ഡ്പുരിന്റെ ജഴ്‌സിയിലായിരുന്ന താരം ഇത്തവണ മഞ്ഞപ്പടയ്ക്ക് കരുത്തായി എത്തുകയാണ്. ബെര്‍ത്തലോമിയോ ഓഗ്‌ബെച്ചെ എന്ന വിദേശതാരത്തിന്റെ നേതൃത്വത്തില്‍ ഇറങ്ങുന്ന മഞ്ഞപ്പടയ്‌ക്കൊപ്പം സഹല്‍ അബ്ദുല്‍ സമദും സാമുവല്‍ ലാല്‍ മ്വാന്‍ പൂയിയ, ഹലി ചരണ്‍ നര്‍സാരി തുടങ്ങിയ പ്രതീക്ഷയ്ക്ക് വക നല്‍കുന്ന താരനിരയുണ്ട്. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയെ തകര്‍ത്ത് തുടക്കം കുറിക്കാന്‍ കഴിഞ്ഞെങ്കിലും തന്ത്രങ്ങളെല്ലാം പാളി ഐ.എസ്.എല്ലില്‍നിന്ന് പുറത്തുപോയ ബ്ലാസ്റ്റേഴ്‌സിന് ആറാം സീസണ്‍ അഭിമാനപ്പോരാട്ടം തന്നെയാണ്.
കേശു' കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗ്യ ചിഹ്നം
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2019-2020 സീസണിലേക്ക് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗ്യ ചിഹ്നമായി കുട്ടിയാനയുടെ രൂപത്തിലുള്ള 'കേശു' വിനെ അവതരിപ്പിച്ചു. ക്ലബിന്റെ ആരാധകരുമായുള്ള സഹകരണം വര്‍ധിപ്പിക്കുക എന്ന സംരംഭത്തിന്റെ ഭാഗമായി ഭാഗ്യ ചിഹ്നത്തിനായുള്ള ഏറ്റവും പുതിയ രൂപകല്‍പ്പനകള്‍ ആരാധകരില്‍നിന്ന് കെ.ബി.എഫ്.സി ട്രൈബ്‌സ് പ്ലാറ്റ്‌ഫോമിലൂടെ ക്ലബ് ക്ഷണിച്ചിരുന്നു. തൃശൂര്‍ സ്വദേശിയായ മൃദുല്‍ മോഹന്‍ നല്‍കിയ രൂപകല്‍പ്പനയാണ് ഐ.എസ്.എല്‍ ആറാം സീസണിലെ ക്ലബിന്റ ഭാഗ്യ ചിഹ്നമായ കേശുവിന്റെ മുഖമായി തിരഞ്ഞെടുത്തത്. 19കാരനായ മൃദുല്‍ കൊടുങ്ങല്ലൂര്‍, പുല്ലൂറ്റ് കെ.കെ.ടി.എം ഗവണ്മെന്റ് കോളജ് വിദ്യാര്‍ഥിയാണ്.
ഭാഗ്യ ചിഹ്നത്തിന്റെ അവതരണത്തോടൊപ്പം ക്ലബ് ഒരു എക്‌സ്‌ക്ലൂസീവ് കോമിക്ക് സ്ട്രിപ്പും അവതരിപ്പിച്ചു.
മുംബൈ ആസ്ഥാനമായുള്ള പ്രൊഫഷനല്‍ കഥാകൃത്തായ സുദിപ്ത ധ്രുവയാണ് 'കേശു പ്ലേ വിത്ത് മീ' സ്റ്റോറികളുടെ സ്രഷ്ടാവ്. പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് അഭിജിത് കിനി തന്റെ വരകളിലൂടെ ഈ ആശയത്തെ ജീവസുറ്റതാക്കുന്നു. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന ഭാഗ്യ ചിഹ്നത്തിന്റെ ഔദ്യോഗിക അവതരണ ചടങ്ങില്‍ കേരള ബ്ലാസ്റ്റേഴ്‌സ് സി.ഇ.ഒ വിരേന്‍ ഡിസില്‍വ, ക്ലബ് ഉടമ നിഖില്‍ ഭരദ്വാജ്, ഭാഗ്യ ചിഹ്നമായ കേശു, ഭാഗ്യ ചിഹ്നത്തിന്റെ സ്രഷ്ടാവായ മൃദുല്‍ മോഹന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."