സ്വകാര്യ ലോഡ്ജ് ഒഴിപ്പിക്കാന്‍ നോട്ടിസ്
തളിപ്പറമ്പ്: ബക്കളത്ത് വൃത്തിഹീനമായ ചുറ്റുപാടില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്വകാര്യലോഡ്ജ് ഒഴിപ്പിക്കാന്‍ ആന്തൂര്‍ നഗരസഭ നോട്ടിസ് നല്കി. ആറ് മുറികളിലായി അറുപതോളം ഇതരസംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്ത് പകര്‍ച്ചവ്യാധി ഭീഷണി ഉയര്‍ത്തുന്നതായി സുപ്രഭാതം കഴിഞ്ഞദിവസം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി.
പുന്നക്കുളങ്ങരയിലെ സ്വകാര്യലോഡ്ജില്‍ താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളെ 48 മണിക്കൂറിനകം ഒഴിപ്പിക്കാനും പരിസരം വൃത്തിയാക്കാനും പരിശോധനയില്‍ ഉപയോഗയോഗ്യമല്ലെന്ന് കണ്ടെത്തിയ കെട്ടിടം അടച്ചിടാനുമാണ് കെട്ടിടം ഉടമയ്ക്ക് ആന്തൂര്‍ നഗരസഭ നോട്ടിസ് നല്‍കിയത്. പുന്നക്കുളങ്ങരയിലെ മൊയ്തു എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ലോഡ്ജ്.
കുറ്റിക്കോല്‍ കേന്ദ്രീകരിച്ച് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തുവെന്ന വാര്‍ത്ത പരന്നതോടെ ബക്കളത്തും പരിസരത്തും പകര്‍ച്ചവ്യാധി പിടിപെടുമെന്ന ഭീതിയിലായിരുന്നു നാട്ടുകാര്‍. സ്ഥലത്തെത്തിയ ആന്തൂര്‍ നഗരസഭ സെക്രട്ടറി ഇന്‍ചാര്‍ജ് ദിനേഷ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കൃഷ്ണകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരാണ് സ്വകാര്യ ലോഡ്ജ് അടച്ചുപൂട്ടി താമസക്കാരെ ഒഴിപ്പിക്കാന്‍ നിര്‍ദേശിച്ചത്. ഇവിടെ താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ പുതിയ താമസസ്ഥലം കണ്ടെത്താനുള്ള ബുദ്ധിമുട്ട് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെടുത്തി. ഇത്രയേറെ ആളുകള്‍ക്ക് പെട്ടെന്ന് പുതിയ താമസസ്ഥലം കണ്ടെത്താനുള്ള ബുദ്ധിമുട്ട് പരിഗണിച്ച് ഇവിടെ നിന്നു താമസം മാറ്റുന്നതിന് രണ്ടുദിവസം സമയം നല്‍കിയതായി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കൃഷ്ണകുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."