ജില്ലാ ആസ്ഥാനത്ത് അഗ്നിരക്ഷാ സേനയ്ക്ക് പുതിയ കെട്ടിടം
കണ്ണൂര്‍: ജില്ലാ ആസ്ഥാനത്ത് നിര്‍മാണം പൂര്‍ത്തിയായ അഗ്നിരക്ഷാസേനയുടെ പുതിയ കെട്ടിടം 27ന് രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ കേന്ദ്രീയ വിദ്യാലയത്തിനു സമീപം ഒന്‍പതു കോടി രൂപ ചെലവിലാണ് കെട്ടിടം നിര്‍മാണം പൂര്‍ത്തിയാക്കിയത്.
വടകര ഉരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോഓപ്പറേറ്റീവ് സൊസൈറ്റിയാണ് 2015 സെപ്റ്റംബറില്‍ നിര്‍മാണം തുടങ്ങിയത്. 24 സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ്, അഗ്നിരക്ഷാസേന സ്റ്റേഷന്‍, ജില്ലാ മേധാവിയുടെ ഓഫിസ്, കണ്ണൂര്‍ ഡിവിഷണല്‍ ഓഫിസിനുള്ള സൗകര്യങ്ങള്‍ എന്നിവ ഒരു കേന്ദ്രത്തില്‍ ലഭ്യമാകും. കണ്ണൂര്‍ കോര്‍പറേഷനും സമീപത്തുള്ള 14 പഞ്ചായത്തുകളും ഉള്‍പ്പെടുന്ന വിപുലമായ പ്രദേശമാണ് കണ്ണൂര്‍ നിലയത്തിന്റെ പ്രവര്‍ത്തന പരിധി.
1942ല്‍ തലശ്ശേരിയിലെ ബര്‍ണശേരിയില്‍ ബ്രിട്ടീഷുകാര്‍ സ്ഥാപിച്ച അഗ്നിരക്ഷാ സേനയുടെ ഓഫിസ് 1968ലാണ് കന്‍ഡോണ്‍മെന്റ് ഏരിയയിലേക്ക് മാറ്റി സ്ഥാപിച്ചത്. ജീവനക്കാര്‍ക്കുള്ള ക്വാര്‍ട്ടേഴ്‌സുകളടക്കമുള്ള ഈ കെട്ടിടം കാലപ്പഴക്കത്തില്‍ ശോചനീയാവസ്ഥയിലായതോടെയാണ് പുതിയ കെട്ടിടം നിര്‍മാണമാരംഭിച്ചത്. ദിവസേന 500ലേറേ അപകടങ്ങളും അഗ്നിബാധയും വിജയകരമായി കൈകാര്യം ചെയ്തുവരുന്ന ഇവിടെ വി.വി.ഐ.പി സന്ദര്‍ശനത്തോടനുബന്ധിച്ചുള്ള സ്റ്റാന്‍ഡ് ബൈ ഡ്യൂട്ടികള്‍, വിവിധ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിലുള്ള മോക്ക് ഡ്രില്ലുകള്‍, സുരക്ഷാ ബോധവല്‍ക്കരണ ക്ലാസുകള്‍, വ്യാവസായിക ബഹുനില മന്ദിരങ്ങളുടെ സുരക്ഷാമാനദണ്ഡ പരിശോധനകള്‍ എന്നിവയും നടക്കുന്നുണ്ട്.
കമ്മ്യൂണിറ്റി റെസ്‌ക്യൂ വളണ്ടിയര്‍ സ്‌കീമിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളും കേന്ദ്രത്തില്‍ ആരംഭിച്ചിട്ടുണ്ട്. നിസ്വാര്‍ഥരും ഊര്‍ജസ്വലരുമായ യുവാക്കള്‍ക്കാണ് പദ്ധതിയുടെ ഭാഗമായി പരിശീലനം നല്‍കുന്നത്. പൊതുജനങ്ങള്‍ക്കിടയില്‍ അപകട നിവാരത്തിനുള്ള മാര്‍ഗങ്ങളെക്കുറിച്ചും മുന്‍കരുതലുകളെക്കുറിച്ചും അവബോധം സൃഷ്ടിക്കുക എന്നതാണ് പരിശീലനം കൊണ്ടുദ്ദേശിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."