വീടുകള്‍ക്ക് മഴവെള്ള സംഭരണി നിര്‍ബന്ധം
കണ്ണൂര്‍: ജില്ലയില്‍ പുതുതായി നിര്‍മിക്കുന്ന 100 ചതുരശ്ര മീറ്ററില്‍ കൂടുതല്‍ വിസ്തൃതിയുള്ള എല്ലാ വീടുകള്‍ക്കും ദുരന്തനിവാരണ നിയമം 2005 പ്രകാരം ഭൂജല പരിപോഷണ സംവിധാനം നിര്‍ബന്ധമാക്കി. ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ കലക്ടറുടേതാണ് ഉത്തരവ്. 100 ച.മീ മുതല്‍ 150 വരെയുള്ളവയ്ക്ക് 90 സെ.മീ നീളവും വീതിയും 100 സെ.മീ ആഴവുമുള്ള ഭൂഗര്‍ഭ മഴവെള്ള സംഭരണിയാണു സ്ഥാപിക്കേണ്ടത്. 150 ച.മീ മുതല്‍ 200 ച.മീ വരെയുള്ളവയ്ക്ക് 120 സെ.മീ നീളവും ആഴവും വീതിയുമുള്ള സംഭരണിയും 200 ച. മീറ്ററിനു മുകളിലുള്ളവയ്ക്കു 150 സെ.മി നീളവും വീതിയും 120 സെ.മി ആഴവുമുള്ള സംഭരണിയും സ്ഥാപിക്കുന്നതിനാണു നിര്‍ദേശം. വീടുകളുടെ മേല്‍ക്കൂരയില്‍ നിന്നുള്ള വെള്ളം നേരിട്ടു ശേഖരിക്കുന്ന തരത്തിലാണു ടാങ്കുകള്‍ സ്ഥാപിക്കേണ്ടത്. കുഴിയുടെ പാര്‍ശ്വഭിത്തി ചെങ്കല്ല്, ഇഷ്ടിക എന്നിവ കൊണ്ട് കെട്ടി സംരക്ഷിച്ച് മുകള്‍ഭാഗം നീക്കിമാറ്റാന്‍ കഴിയുന്ന കോണ്‍ക്രീറ്റ് സ്ലാബ് ഉപയോഗിച്ച് മൂടിവയ്ക്കുന്ന തരത്തിലായിരിക്കണം.
നിര്‍മാണം പൂര്‍ത്തിയാക്കിയ വീടുകള്‍ക്കു കെട്ടിട നമ്പര്‍ അനുവദിക്കുന്നതിനു മുമ്പായി തദ്ധേശസ്വയംഭരണ സ്ഥാപന സെക്രട്ടറി ഭൂജല പരിപോഷണ സംവിധാനം നിര്‍മിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തും. പരിശോധനയ്ക്കായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, ടൗണ്‍ പ്ലാനര്‍, വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, വാട്ടര്‍ സപ്ലൈ ഡിവിഷന്‍, ഭൂജലവകുപ്പു ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സ്‌ക്വാഡ് രൂപീകരിക്കാനും തീരുമാനമെടുത്തിട്ടുണ്ട്. സ്‌ക്വാഡിന്റെ പരിശോധനയില്‍ സംവിധാനം നിര്‍മിച്ചിട്ടില്ലെന്നു ബോധ്യപ്പെട്ടാല്‍ കെട്ടിട നമ്പര്‍ റദ്ദ് ചെയ്യുന്നതിന് സെക്രട്ടറിക്ക് ശുപാര്‍ശ നല്‍കും. ഉത്തരവു നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തുന്ന സെക്രട്ടറിമാര്‍ക്കെതിരെ ദുരന്തനിവാരണ നിയമം 2005 സെക്ഷന്‍ 51 പ്രകാരം നിയമനടപടി സ്വീകരിക്കാനും ഉത്തരവില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."