കെ.പി.എ സമദ് മാസ്റ്റര്‍ അന്തരിച്ചു
പാലക്കാട്: എസ്.കെ.എം.ഇ.എ പാലക്കാട് ജില്ലാ ജനറല്‍ സെക്രട്ടറിയും എസ്.വൈ.എസ് പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റുമായ പൈലിപ്പുറം
കെ. പി. എ. സമദ് മാസ്റ്റര്‍ അന്തരിച്ചു. പാലക്കാട് ജില്ലയിലെ സമസ്തയുടെ മുന്നണി പോരാളിയായിരുന്നു. തിരുവേഗപ്പുറ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറിയും പഞ്ചായത്ത് മെമ്പറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ചെമ്പ്ര സ്‌കൂള്‍ അദ്ധ്യാപകനായിരുന്നു. അഞ്ചു മണിക്കാണ് കബറടക്കം.
എസ്.കെ.എം.ഇ.എ സംസ്ഥാന ജനറല്‍ സെക്രട്ടറി മുസ്തഫ മുണ്ടുപാറ സമദ് മാസ്റ്ററെ സ്മരിക്കുന്നു
സമദ് മാഷെന്ന റോള്‍ മോഡല്‍
പാലക്കാട് ജില്ലാ എസ്.കെ.എം.ഇ.എ ജനറല്‍ സെക്രട്ടറിയായ സമദ് മാഷുടെ വേര്‍പാട് വല്ലാത്ത ദു:ഖമാണുണ്ടാക്കിയത്. മുഴുസമയവും ദീനീ രംഗത്ത് നിറഞ്ഞു നിന്ന് പ്രവര്‍ത്തിക്കുന്ന നിഷ്‌കളങ്കനായൊരു നേതാവും പ്രവര്‍ത്തകനുമായിരുന്നു സമദ് മാസ്റ്റര്‍. പാലക്കാട്ടെ ഏത് ദീനീ സംരംഭത്തിലും അവിഭാജ്യ ഘടകമായി മാഷുടെ പുഞ്ചിരിക്കുന്ന മുഖം കാണാമായിരുന്നു. ഭൗതികമായ താല്‍പര്യങ്ങളൊന്നുമില്ലാതെ ദീനി ദഅവാ മേഖലയില്‍ മാഷ് പാലക്കാട്ടെ സമസ്ത നേതൃത്വത്തോടൊപ്പം നിലകൊണ്ടു. കഴിഞ്ഞ ഒന്ന് രണ്ട് മാസമായി അദ്ദേഹവുമായി നിരന്തരം ബന്ധപ്പെടാന്‍ കുറിപ്പുകാരന് അവസരം ലഭിച്ചിട്ടുണ്ടായിരുന്നു.
സുപ്രഭാതത്തിന്റെ പാലക്കാട് എഡിഷന്‍ ഉദ്ഘാടനമായിരുന്നു അതിലൊന്ന്. ഇതുമായി ബന്ധപ്പെട്ട് നിരവധി തവണ മീറ്റിംഗ് നടന്നപ്പോഴൊക്കെ സമദ് മാഷ് ആദ്യാന്ത്യം വരെയുണ്ടായിരുന്നു. കേവലം ഒരാളായി യോഗത്തില്‍ നിസ്സംഗനായി ഇരിക്കുന്നതിന് പകരം സജീവവും ക്രിയാത്മകമായി അദ്ദേഹം ഇടപെട്ടു. പാലക്കാട് എഡിഷന്‍ ഉദ്ഘാടന പരിപാടി വമ്പിച്ച വിജയമാക്കുന്നതില്‍ നേതൃപരമായ പങ്കാണ് അദ്ദേഹം നിര്‍വ്വഹിച്ചത്. മുഹമ്മദ് കുട്ടി ഫൈസി പട്ടാമ്പി, മുഹമ്മദലി ഫൈസി, ഹംസ ഫൈസി, ഹബീബ് ഫൈസി, ഖാജാ ദാരിമി, ടി.പി.അബൂബക്കര്‍ മുസ്ലിയാര്‍, മുസ്തഫ അശ്‌റഫി കക്കൂപ്പടി, തുടങ്ങിയ യുവ പണ്ഡിതന്‍മാരോടൊപ്പം തോള്‍ ചേര്‍ന്ന് നിന്ന് സംസ്ഥാനത്തെ ഏറ്റവും നല്ല സംഘടനാ പ്രവര്‍ത്തനമുള്ള ജില്ലയായി പാലക്കാടിനെ മാറ്റിയെടുത്തതില്‍ സമദ് മാഷെന്ന സംഘാടകന്റെ പങ്ക് എടുത്തു പറയേണ്ടതാണ്.
സമസ്ത കേരള മുസ്ലിം എംപ്ലോയീസ അസോസിയേഷന്റെ ജില്ലാ ജനറല്‍ സെക്രട്ടരിയായിരുന്ന അദ്ദേഹം ജില്ലയില്‍ സംഘടനയുടെ പ്രവര്‍ത്തനം കൂടുതല്‍ സജീവമാക്കാനുള്ള ഒരുക്കത്തിലായിരുന്നു. ഈ മാസം 5,6 തിയതികളില്‍ നടന്ന സംസ്ഥാന സമ്മേളനം വിജയിപ്പിക്കുന്നതില്‍ ആത്മാര്‍ത്ഥമായ ശ്രമം നടത്തിയ ഇദ്ദേഹം സംഘടനാ പ്രവര്‍ത്തകരുടെ ഒരു റോള്‍ മോഡല്‍ കൂടിയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."